വിമതരെ നിർത്തി തങ്ങളെ തോൽപ്പിച്ചു : വിമതയായി വിജയിച്ച കോൺഗ്രസുകാരിയെ വൈസ് പ്രസിഡന്റാക്കി: കെപിസിസി പ്രസിഡന്റിന് പരാതി നൽകി കേരളാ കോൺഗ്രസ് നേതൃത്വം

Politics Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോഴഞ്ചേരി പഞ്ചായത്തിൽ കോൺഗ്രസ് നേതാക്കൾ റിബൽ സ്ഥാനാർഥികളെ നിർത്തിയും കാലുവാരിയും തങ്ങളുടെ സ്ഥാനാർഥികളെ ഒന്നടങ്കം തോൽപ്പിച്ചുവെന്ന പരാതിയുമായി കേരളാ കോൺഗ്രസ് രംഗത്ത്. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ജെറി മാത്യൂ സാം, മണ്ഡലം പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പിൽ എന്നിവർ ചേർന്ന് റിബൽ സ്ഥാനാർഥികളെ നിർത്തി വിജയിപ്പിക്കാൻ ശ്രമിച്ചുവെന്ന് കാട്ടി മണ്ഡലം ഭാരവാഹികൾ യുഡിഎഫ് ജില്ലാ ചെയർമാനും കെപിസിസി പ്രസിഡന്റിനും പരാതി നൽകി.

2021 ലെ തെരഞ്ഞെടുപ്പിൽ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ്ഏഴും കേരള കോൺഗ്രസ് ആറും സീറ്റുകളിലാണ് മത്സരിച്ചത്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തിലേക്ക് കോൺഗ്രസാണ് മത്സരിച്ചത്. കോൺഗ്രസ് മൂന്നും കേരള കോൺഗ്രസ് രണ്ടും സീറ്റുകളിൽ വിജയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കോൺഗ്രസിന് മൂന്നും കേരള കോൺഗ്രസിന് രണ്ടും വർഷം പങ്കു വയ്ക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ ധാരണയും ഉണ്ടാക്കി. എന്നാൽ അത് പാലിച്ചില്ല. ഇക്കാര്യം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അറിവുള്ളതാണെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് ആറു സീറ്റ് നൽകേണ്ടിയിരുന്നത് മൂന്നാക്കി കുറച്ചു. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, ആന്റോ ആന്റണി എം.പി, പ്രഫ.പി.ജെ. കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് സീറ്റ് വെട്ടിക്കുറച്ചത്. എന്നാൽ തങ്ങൾക്ക് ലഭിച്ച മൂന്നു സീറ്റിലും മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പിലും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെറി മാത്യു സാമും ചേർന്ന് വിമത സ്ഥാനാർഥികളെ നിർത്തിയെന്ന് നേതാക്കൾ പറയുന്നു. ഇതോടെ മൂന്ന് കേരളാ കോൺഗ്രസ് സ്ഥാനാർഥികളും തോറ്റു. ജെറി മാത്യു സാം തെരഞ്ഞെടുപ്പിന്റെ തലേദിവസം നമ്പർ തെറ്റി ഫോൺ വിളിച്ച് റിബൽ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടത് കേരള കോൺഗ്രസ് ഉന്നത അധികാര സമിതി അംഗം എബ്രഹാം കലമണ്ണിയോടായിരുന്നു. ഇതിൽ കൂടുതൽ തെളിവുകൾ ആവശ്യമില്ലല്ലോ എന്നാണ് കേരളാ കോൺഗ്രസ് നേതാക്കൾ ചോദിക്കുന്നത്. ജെറി മാത്യു സാമിന്റെ വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ കേരളാ കോൺഗ്രസുകാരൻ മൂന്നാം സ്ഥാനത്ത് പോയി. മണ്ഡലം പ്രസിഡന്റിന്റെ വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 50 വർഷമായി ആദ്യമായി കോൺഗ്രസ് വിജയിച്ച കുരങ്ങുമല വാർഡിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തുമാണ്.

കോൺഗ്രസിൽ നിന്നും സസ്‌പെൻഡ് ചെയ്ത സുനിത ഫിലിപ്പിനെ ഇലക്ഷന് ശേഷം വൈസ് പ്രസിഡന്റാക്കി ഭരണം നടത്തുന്നതിൽ കേരള കോൺഗ്രസിന്റെ പ്രവർത്തകർക്കും നേതാക്കൾക്കും പ്രതിഷേധമുണ്ട്. 3 തവണ വിജയിച്ച് അർഹതയുള്ള കോൺഗ്രസ് മെമ്പർമാർ ഉണ്ടെന്നിരിക്കെ സസ്‌പെൻ്‌റ് ചെയ്ത അംഗത്തെ പ്രഫ. പി.ജെ. കുര്യന്റെയും ആന്റോ ആന്റണി എം.പി.യുടെയും ഡി.സി.സി. പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിന്റെയും നിർദ്ദേശത്തെ അവഗണിച്ചു കൊണ്ടുപോകുന്ന ഈ നേതൃത്വത്തോട് കൂട്ടായി പ്രവർത്തിച്ചുപോകുവാൻ തയ്യാറല്ലെന്നും കേരളാ കോൺഗ്രസ് നേതാക്കൾ പറയുന്നു. ഈ കാര്യങ്ങളിൽ കോൺഗ്രസ് വേണ്ട അന്വേഷണം നടത്തി ഇവരുടെ പേരിൽ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോയി കളപ്പുരയ്ക്കൽ, സംസ്ഥാന ട്രഷറർ ഡോ. എബ്രഹാം കലമണ്ണിൽ, ജനറൽ സെക്രട്ടറി അഡ്വ. വിജയ് വർഗീസ്, ജില്ലാ കമ്മറ്റി അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ബിനു പരപ്പുഴ എന്നിവർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *