മകരവിളക്കിനായി ശബരിമല ഒരുങ്ങുന്നു ; ഡിസംബർ 30 ചൊവ്വാഴ്ച വൈകിട്ട് 5ന് നട തുറക്കും

Pathanamthitta
Print Friendly, PDF & Email

സന്നിധാനം – മകരവിളക്ക് മഹോത്സവത്തിന് ശബരിമലയും പരിസരപ്രദേശങ്ങളും ഒരുങ്ങുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളും സന്നദ്ധ പ്രവർത്തകരുടെയും പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. പോലീസ്, എക്‌സൈസ്, ദേവസ്വം, വിശുദ്ധി സേന എന്നീ വിഭാഗങ്ങളാണ് ഇന്നുമുതൽ ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായത്. സ്വാമി അയ്യപ്പൻ റോഡിൻറെ ഇരുവശവും നീലിമല കവാടം മുതൽ ശബരിപീഠം വരെയും പമ്പ പരിസരവും ശബരിപീഠം മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളുമാണ് ശുചീകരിച്ചത്. ശുചീകരണ പ്രവർത്തനങ്ങൾ നാളെയും തുടരും.

മണ്ഡലകാലപൂജയ്ക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രം തുറന്നത് മുതൽ ഡിസംബർ 27ന് നടയടക്കുന്നത് വരെ സന്നിധാനത്ത് 36,33,191 പേർ ദർശനം നടത്തി. ഓൺലൈൻ ബുക്കിങ്ങിലൂടെ 30,91,183 പേരും സ്പോട്ട് ബുക്കിങ്ങിലൂടെ 4,12,075, പുൽമേട് വഴി 129933 പേരുമാണ് ഇക്കൊല്ലം ശബരിമലയിൽ എത്തിയത്.

കഴിഞ്ഞകൊല്ലം മണ്ഡലകാലം പൂർത്തിയായപ്പോൾ 32,49,756 പേർ സന്നിധാനത്ത് എത്തിയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 3,83,435 ഭക്തജനങ്ങളാണ് ഇക്കുറി ശബരിമലയിലെത്തിയത്.

ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പടിക്കെട്ടുകൾ ശുചീകരിക്കുന്നു👆

മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ചൊവ്വാഴ്ച വൈകിട്ട് 5ന് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം നട തുറക്കും. തന്ത്രി മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നടതുറക്കും. മേൽശാന്തി സന്നിധാനത്തെ ആഴിയിൽ അഗ്നി പകർന്ന ശേഷം തീർത്ഥാടകർക്ക് പതിനെട്ടാം പാടി ചവിട്ടി ദർശനം നടത്താം. മണ്ഡലപൂജകൾ കഴിഞ്ഞ് ഡിസംബർ 27ന് രാത്രി 10നു ഹരിവരാസനം പാടി നടയടച്ചിരുന്നു.

സന്നിധാനത്തെ ആഴി ശുചീകരിക്കുന്നു👆
ഡിസംബർ 30ന് ശബരിമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ആരംഭിക്കുന്ന മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തിലെ ആഴി ദേവസ്വം ബോർഡിൻറെ നേതൃത്വത്തിൽ ശുചീകരിച്ചു. തീർഥാടനത്തിനെത്തുന്ന ഭക്തർ ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന നെയ്‌ത്തേങ്ങയിലെ നെയ്യ് ശബരീശന് സമർപ്പിച്ചതിനു ശേഷം ബാക്കിയുള്ള നാളികേരം ആഴിയിലെ അഗ്നിയിൽ സമർപ്പിക്കും. മകരവിളക്ക് മഹോത്സവത്തിന് വൈകിട്ട് അഞ്ചു മണിക്ക് നട വീണ്ടും തുറന്ന ശേഷം ആഴിയിൽ അഗ്നി തെളിയിക്കും.

നടപ്പന്തൽ അണുവിമുക്തമാക്കുന്നു 👆

 

Leave a Reply

Your email address will not be published. Required fields are marked *