ഉത്സവങ്ങൾക്കും നേർച്ചകൾക്കും ആന എഴുന്നള്ളിപ്പ്: കർശന നിർദേശങ്ങൾ നിലവിൽ വന്നു

Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം – ഉത്സവ സീസൺ ആരംഭിച്ചതിനാൽ ഉത്സവങ്ങൾക്കും നേർച്ചകൾക്കും ആനകളെ എഴുന്നള്ളിക്കുന്ന വ്യവസ്ഥകൾ ജില്ലയിൽ കർശനമാക്കി. ആനകളെ ഉപയോഗിച്ച് എഴുന്നള്ളിപ്പ് നടത്തുന്ന ഉത്സവങ്ങളിൽ അപകടങ്ങൾ കുറയ്ക്കുന്നതിനും നാട്ടാന പീഡനം തടയുന്നതിനും പാലിക്കേണ്ട നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കാൻ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി കളക്ടറുടെ ചേംബറിൽ ചേർന്ന ജില്ലാതല അവലോകന യോഗത്തിലാണ് കർശന തീരുമാനങ്ങൾ കൈക്കൊണ്ടത്. 2024 വർഷത്തിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞ് ആളുകൾ മരണപ്പെട്ട സാഹചര്യത്തിൽ, ജില്ലയിൽ ആന എഴുന്നള്ളിപ്പിന് നിയന്ത്രണങ്ങൾ ജില്ലാതല കമ്മിറ്റി കർശനമാക്കിയിരുന്നു.

*പ്രധാന നിർദ്ദേശങ്ങൾ

ജില്ലാതല കമ്മിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആരാധനാലയങ്ങൾ നടക്കുന്ന ആന എഴുന്നള്ളിപ്പുകൾക്കുള്ള അപേക്ഷകൾ അതാത് മാസങ്ങളിൽ കൂടുന്ന ജില്ലാ മോണിറ്ററിങ്് കമ്മിറ്റികളുടെ അനുമതിക്ക് വിധേയമായി മാത്രമാണ് നടത്തേണ്ടത്. ജില്ലാതല കമ്മിറ്റിയിൽ രജിസ്റ്റർ ചെയ്യാത്ത ആരാധനാലയങ്ങളിൽ എഴുന്നള്ളിക്കാൻ പാടില്ല. ലംഘിക്കുന്നവർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്യും.

ആരാധനാലയങ്ങളുടെ ഉത്സവ കമ്മറ്റികൾ ഉത്സവം നടത്താൻ ഉദ്ദേശിക്കുന്ന തീയതിയ്ക്ക് ഒരു മാസം മുമ്പേ ജില്ലാ മോണിറ്ററിങ് കമ്മിറ്റികളുടെ പരിഗണനയ്ക്കായി അപേക്ഷിക്കണം.

എഴുന്നള്ളിക്കുന്ന ആനകളുടെ, മുൻഭാഗത്ത് അഞ്ചു മീറ്ററിൽ കൂടുതലും പിൻഭാഗത്ത് ചുമരോ മറ്റോ ഇല്ലാത്ത പക്ഷം അവിടെയും അഞ്ചു മീറ്ററിൽ കൂടുതലും അകലം പാലിക്കാനായി ബാരിക്കേഡുകൾ, വടം എന്നിങ്ങനെയുള്ള അനുയോജ്യമായ സംവിധാനങ്ങൾ ഉത്സവ കമ്മിറ്റികൾ ഒരുക്കണം. പ്രത്യേകമായുള്ള സ്ഥലത്ത് പാപ്പാൻമാർക്കും കാവടികൾക്കും മാത്രമേ പ്രവേശനാനുമതിയുള്ളു.

തുടർച്ചയായി രണ്ടുപ്രാവശ്യം നാട്ടാന പരിപാലന ചട്ടങ്ങൾക്ക് വിരുദ്ധമായുള്ള നടപടികൾ മൂലം ആന ഇടഞ്ഞ് പ്രശ്‌നം ഉണ്ടാകുന്ന സാഹചര്യത്തിലും, ചട്ടത്തിന് വിരുദ്ധമായി അനുവദിച്ചതിലും കൂടുതൽ ആനകളെ എഴുന്നള്ളിച്ചാലും കേസെടുക്കുന്ന സാഹചര്യമുണ്ടായാൽ ഇവിടങ്ങളിലെ ആഘോഷങ്ങൾക്ക് ആന എഴുന്നള്ളിപ്പിന് വിലക്കേർപ്പെടുത്തും.

ഉത്സവസ്ഥലത്ത് ആനകൾക്കും പാപ്പാന്മാർക്കും ആവശ്യമായ കുടിവെള്ളം ഒരുക്കാനും കൂടാതെ ആനകളുടെ ശരീരം തണുപ്പിക്കുന്നതിനായി ദേഹത്ത് തളിക്കാൻ ആവശ്യാനുസരണം ആവശ്യമായ ഇടങ്ങളിൽ ജലശേഖരണി ഉത്സവകമ്മറ്റികൾ ഒരുക്കണം.

അഞ്ചും അഞ്ചിന് മേൽ ആനകളുണ്ടായാൽ ഉത്സവ കമ്മറ്റികൾ 25 ലക്ഷം രൂപയുടെ പൊതു ബാധ്യത ഇൻഷുറൻസ് എടുക്കേണ്ടതാണ്.

നാട്ടാന പരിപാലന അനുസരിച്ചുള്ള എലിഫന്റ് ഡാറ്റാ ബുക്ക്, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, ഹെൽത്ത് സർട്ടിഫിക്കറ്റ്(15 ദിവസത്തിനുള്ളിൽ എടുത്തത്),മൈക്രോ ചിപ് സർട്ടിഫിക്കറ്റ്, ആനയുടെ ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, ആനയുടെ ഇൻഷൂറൻസ് സർട്ടിഫിക്കറ്റ്, പാപ്പാന്മാർക്ക് അഞ്ചു ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് എന്നിവയുടെ രേഖകൾ കൈവശം വെക്കേണ്ടതാണ്.

ആനകളുടെ അരികിൽ പടക്കം പൊട്ടിക്കൽ, പ്രകോപനം ഉണ്ടാക്കുന്ന രീതിയിൽ നാസിക് ഡോൾ, ഡാംമ്പോള ഉയർന്ന അളവിൽ ലൈറ്റും ശബ്ദവുമുള്ള ഡി ജെ എന്നിവ ജില്ലാതല സമിതി നിരോധിച്ചിട്ടുണ്ട്. പന്തങ്ങൾ ആനയുടെ സമീപത്തുനിന്നും ദൂരെ പിടിക്കേണ്ടതാണ്.

ആനകളും ജനങ്ങളും തമ്മിലുള്ള അകലം ഉറപ്പുവരുത്താൻ വോളണ്ടിയർമാരെ നിയമിക്കേണ്ടതാണ്.

ആന എഴുന്നള്ളിപ്പ് സമയങ്ങളിൽ കാണികളുടെ ആവശ്യാർത്ഥം, ആനകൾ സ്വയം തല പൊക്കുന്ന സാഹചര്യമൊഴിച്ച് ആന പാപ്പാന്മാർ ആനയ്ക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടാക്കും വിധം തല ഉയർത്തി പിടിപ്പിച്ച് ആനയെ പീഡിപ്പിക്കുന്നത് തടയാൻ കർശന നിർദ്ദേശം നൽകി.

ഉത്സവ സമയങ്ങളിൽ തിളക്കമുള്ള ഗ്ലിറ്ററിംഗ് പേപ്പറുകളും മറ്റും ആനയുടെ മുമ്പിൽ പറത്തിക്കുന്നത് ആനകൾക്ക് അസ്വസ്ഥതകൾ ഉണ്ടാക്കുന്നതിനാൽ അത്തരത്തിലുള്ള പ്രവൃത്തികൾ ജില്ലാതല കമ്മിറ്റി നിരോധിച്ചിട്ടുണ്ട്.

ഉത്സവ സ്ഥലങ്ങളിൽ അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസ്, ഫയർഫോഴ്സ് വാഹനങ്ങൾക്ക് കടന്നുവരാനുള്ള സ്ഥലം ഉത്സവ കമ്മിറ്റികൾ ഒരുക്കേണ്ടതാണ്.

അഞ്ചോ അതിൽ അധികമോ ആനകളെ എഴുന്നള്ളിക്കുന്ന ആരാധനാലയങ്ങൾ ബന്ധപ്പെട്ട പഞ്ചായത്ത് മുഖാന്തരവും ഫയർഫോഴ്സിൽ നിന്നുള്ള എൻഒസിയുടെ അടിസ്ഥാനത്തിലും പി.പി.ആർ. പെർമിറ്റ് എടുക്കേണ്ടതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *