കുളനട – പഞ്ചായത്തിലെ പല വാർഡുകളിലും സ്ഥിരമായി രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം കൊണ്ടുത്തള്ളുന്നു. ഇന്നലെ ഉള്ളന്നൂർ ജംഗ്ഷനിലുള്ള റേഷൻകടയുടെ മുമ്പിലാണ് മാലിന്യം കൊണ്ടുത്തള്ളിയത്, മൂക്ക് പൊത്താതെ റേഷൻകടയിൽ പോലും പോകാൻ പറ്റാത്ത അവസ്ഥ. മൂന്നാം വാർഡിലെ റോഡ്സൈഡിൽ കൂടി കക്കൂസ് മാലിന്യം വണ്ടിയിൽ കൊണ്ടുവന്നു റോഡിലേക്ക് തുറന്നു വിട്ടുകൊണ്ട് കടന്നുകളഞ്ഞ സംഭവവും ഉണ്ടായി. നേരം പുലർന്നപ്പോൾ ദുർഗന്ധം സഹിക്കാൻ പറ്റാതെ മെമ്പറോട് പരാതിപ്പെട്ടപ്പോൾ അദ്ദേഹം എത്തി റോഡരികുകളിൽ മാലിന്യം നീക്കി, ക്ളോറിൻ തളിച്ച് ശുദ്ധിയാക്കുകയായിരുന്നു. സമീപ പ്രദേശങ്ങളിലുള്ള സാമൂഹിക വിരുദ്ധർ തന്നെയാകാനാണ് സാദ്ധ്യത. മാലിന്യം സ്ഥിരമായി അടിക്കുന്ന വാഹനങ്ങൾ ഉള്ളവരെ പോലീസ് നിരീക്ഷിക്കേണ്ടതാണ്. പൈവഴി ജംഗ്ഷനിലും, RRUP സ്കൂളിന് മുന്നിലുള്ള ആറന്മുള കോഴഞ്ചേരി റോഡ് സൈഡിലും തോട്ടിലും ഒക്കെയാണ് സ്ഥിരമായി മാലിന്യം കൊണ്ടുത്തള്ളുന്നത്. ജനപ്രതിനിധികൾ അടക്കം അധികാരികളോട് പരാതിപ്പെട്ടിട്ടും ഇതുവരെ നടപടി ഒന്നും എടുത്തതായി അറിയില്ല. അടിയന്തിരമായ ഇടപെടൽ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകണം.


