തിരുവല്ല – നൂറാം വയസിലും സമ്മതിദാനാവകാശം വിനിയോഗിച്ച് വൈദികൻ. 1957 ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ വോട്ട് ചെയ്യുകയാണ് കത്തോലിക്ക സഭയിലെ സീനിയർ വൈദികൻ. നൂറാം വയസിന്റെ അവശതകളിലും അത് ഒരു തടസവുമില്ലാതെ തുടരുന്നു. കുറ്റൂർ പഞ്ചായത്ത് 12-ാം വാർഡിൽ കുറ്റൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം നമ്പർ ബൂത്തിലാണ് മലങ്കര കത്തോലിക്ക സഭയിലെ സീനിയർ വൈദികൻ ഫാ. എബ്രഹാം മാരേട്ട് വോട്ട് ചെയ്തത്. 1956 ൽ സംസ്ഥാനം രൂപീകൃതമായ ശേഷമുള്ള 57 ലെ ആദ്യ തെരഞ്ഞെടുപ്പ് മുതൽ എല്ലാ തെരഞ്ഞെടുപ്പുകളിലും ഇദ്ദേഹം വോട്ട് രേഖപ്പെടുത്തിയിരുന്നു. കുറ്റൂർ സ്നേഹ സദനിൽ വിശ്രമജീവിതം നയിക്കുകയാണ് ഫാ. എബ്രഹാം മാരേറ്റ്. സീനിയർ വൈദികരായ മാത്യു പഞ്ഞിക്കാട്ടിൽ, തോമസ് പുതിയവീട്ടിൽ എന്നിവരും എബ്രഹാം വോട്ട് ചെയ്യാൻ എത്തിയിരുന്നു. വോട്ട് പാഴാക്കരുത് എന്ന സന്ദേശമാണ് തന്നെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നതെന്ന് വൈദികൻ പറഞ്ഞു.


