പത്തനംതിട്ട – ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് ഹാക്കിങ് നടത്തി സി.ഡി.ആർ, ലൈവ് ലൊക്കേഷൻ, വ്യക്തിഗത വിവരങ്ങൾ എന്നിവ ചോർത്തി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന കേസിൽ ഉത്തർപ്രദേശ് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനെ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് മീററ്റ് സ്വദേശിയായ സോനു എന്നു വിളിക്കുന്ന പ്രവീൺകുമാർ (36) ആണ് അറസ്റ്റിലായത്. പ്രതാപ്ഗർ ജില്ലയിലെ പോലീസ് സൂപ്രണ്ടിന്റെ കോൾ സർവയലൻസ് ഓഫീസറായി ജോലി ചെയ്യുന്ന കോൺസ്റ്റബിളായ ഇയാൾ സംഘത്തിലെ മുഖ്യസൂത്രധാരനാണ്. അടൂർ കണ്ണങ്കോട് സ്വദേശി ജോയൽ വി. ജോസിനെയാണ് ആദ്യം പിടികൂടിയത്. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് ശൃംഖലയുടെ വിശദാംശങ്ങൾ ലഭ്യമായത്. രണ്ടാം പ്രതി ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി ഹിരാൽ ബെൻ അനൂജ് പട്ടേലി (37) നെയും അന്വേഷണസംഘം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ പ്രതികൾ ചോർത്തിയെന്നാണ് വിവരം.
പാകിസ്ഥാൻ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളുമായി പ്രതികൾ ബന്ധപ്പെടുകയും വിവരങ്ങൾ ചോർത്തി നൽകിയതായും സംശയിക്കുന്നു. എൻ.ഐ.എയും കേന്ദ്രഇന്റലിജൻസ് ബ്യൂറോയും നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന്റെ മേൽനോട്ടത്തിൽ സൈബർ ഇൻസ്‌പെക്ടർ സുനിൽകൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും മൊബൈൽ നമ്പരുകളുടെ ലൈവ് ലൊക്കേഷനുകളും കാൾഡേറ്റ റെേക്കാഡുകളും നിയമ നിർവഹണ ഏജൻസികൾ അറിയാതെ ചോർത്തിയെടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പാണ്
നടത്തിയിരിക്കുന്നത്.
മൂന്നു മാസം മുൻപാണ് ജോയൽ വി. ജോസ് സംഘവുമായി ചേർന്ന് പ്രവർത്തനം ആരംഭിച്ചത്. കേന്ദ്രഏജൻസികൾ നൽകിയ വിവര പ്രകാരം പത്തനംതിട്ട സൈബർ പോലീസ് ജോയലിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ഫോൺ, ലാപ്‌ടോപ്പ് എന്നിവ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. ഇയാളുമായി ബന്ധമുണ്ടായിരുന്നവർ ഓരോന്നായി പോലീസ് നിരീക്ഷണത്തിലായിരുന്നു. പ്രവീൺകുമാറിന് വേണ്ടി ഡി.സി.ആർ.ബി ഡിവൈ.എസ്.പി ബിനു വർഗീസിന്റെ് മേൽനോട്ടത്തിലാണ് വല വിരിച്ചത്. ഇയാൾ ഡൽഹിയിൽ ഉളളതായി മനസിലാക്കിയതിനെ തുടർന്ന് സൈബർ പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ സുനിൽ കൃഷ്ണൻ ബി.കെ, സബ് ഇൻസ്‌പെക്ടർ വി.ഐ.ആശ, എ.എസ്.ഐ. സി.ആർ.ശ്രീകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജെ. രാജേഷ്, എം.ആർ. പ്രസാദ്, സിവിൽ പോലീസ് ഓഫീസർ സഫൂറാമോൾ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ നോർത്ത് ഈസ്റ്റ് ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.


