പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിയ്ക്കാൻ നാമനിർദ്ദേശ പത്രിക നൽകി തിരികെ വീട്ടിലേക്ക് മടങ്ങിയ വനിതാ സ്ഥാനാർഥിയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. ഓമല്ലൂർ ഗ്രാമപ്പഞ്ചായത്ത് സ്ഥാനാർഥിയായി മത്സരിയ്ക്കുന്ന പറയനാലി പാലനിൽക്കുന്നതിൽ വി. ജലജയെ ആണ് നായ കടിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം 3. 45 ഓടെ ഓമല്ലൂർ ഗവ. ഹോമിയോ ഡിസ്പൻസറി സമീപമാണ് സംഭവം. നായയുടെ കടിയേറ്റ ജലജ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിൽസ തേടി.
ഓമല്ലൂർ ഗ്രാമപ്പഞ്ചായത്ത് നാലാം വാർഡ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിയ്ക്കുന്ന ജലജ ഉച്ചയോടെ പഞ്ചായത്ത് സെക്രട്ടിക്ക് നാമനിർദ്ദേശപത്രിക സമർപ്പിച്ച ശേഷം വീട്ടിലേക്ക് തിരികെ മടങ്ങും വഴിയാണ് തെരുവ് നായ കടിച്ചത്. റോഡരുകിലുണ്ടായിരുന്ന നായ ജലജയെ പിന്നിൽ നിന്ന് എത്തി കാലിൽ കടിയ്ക്കുകയായിരുന്നു. രണ്ട് മാസം മുൻപ് ഇതേ നായ തൊഴിലുറപ്പ് തൊഴിലാളിയായ ഒരു സ്ത്രീയെ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു.


