കോന്നി : ശബരിമല തീർത്ഥാടനകാലം അടുത്തിരിക്കെ അയ്യപ്പന്മാർ കാൽനടയായി എത്തുന്ന പരമ്പരാഗത അച്ചൻകോവിൽ കല്ലേലി കാനന പാത അടിയന്തിരമായി സഞ്ചാരയോഗ്യമാക്കണം എന്ന് ആവശ്യം ഉന്നയിച്ച് കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് ഭരണ സമിതി വനം വകുപ്പ് മന്ത്രിയ്ക്കും എൻ സി പി നേതൃത്വത്തിനും നിവേദനം നൽകി .
വനം വകുപ്പിൻറെ കല്ലേലി കാവൽപ്പുര മുതൽ കല്ലേലികാവിനു മുന്നിലൂടെ ഉള്ള അച്ചൻകോവിൽ കോട്ടവാസൽ ചെങ്കോട്ട കാനന പാതയുടെ കല്ലേലി ചെക്ക് പോസ്റ്റ് മുതൽ വർഷങ്ങളായി അറ്റകുറ്റപണികൾ നടക്കുന്നില്ല . റോഡിൻറെ ഇരു ഭാഗവും വലിയ കുഴികൾ ആണ് .വാഹനങ്ങൾ വളരെ ബുദ്ധിമുട്ടിയാണ് കടന്നു പോകുന്നത് .നിത്യവും അപകട മേഖലയാണ് . റോഡിലെ ഇരു ഭാഗത്തെയും കുഴികൾ മണ്ണിട്ട് നികത്താൻ പോലും അധികൃതർക്ക് കഴിഞ്ഞിട്ടില്ല .
തമിഴ്നാട് കുറ്റാലത്തുനിന്ന് ചെങ്കോട്ട, മേക്കര, കോട്ടവാസൽ, അച്ചൻകോവിൽ, ആവണിപ്പാറ,മണ്ണാറപ്പാറ, കുടമുക്ക്, കടിയാർ,നടുവത്തുമൂഴി, കല്ലേലി, അരുവാപ്പുലം വഴി കോന്നി എലിയറക്കൽ എത്തുന്ന പരമ്പരാഗത റോഡാണ് അറ്റകുറ്റപണികൾ ഇല്ലാതെ കുഴിയായി കിടക്കുന്നത് . ഏതാനും വർഷം മുന്നേ ചില സ്ഥലങ്ങളിൽ ടാറിംഗ് നടത്തി .എന്നാൽ വീതി കൂട്ടിയില്ല . അച്ചൻകോവിലിൽനിന്ന് പ്ലാപ്പള്ളി വരെയുള്ള 100 കിലോമീറ്റർ കെ.എസ്.ടി.പി പദ്ധതിയിൽ ഉൾപ്പെടുത്തി സഞ്ചാരയോഗ്യമാക്കാൻ പദ്ധതി തയാറാക്കിയിരുന്നു .അതിനായി 100 കോടിയും അനുവദിച്ചിരുന്നു.എന്നാൽ കല്ലേലി അച്ചൻകോവിൽ കാനന പാതയിൽ ഒരു നിർമ്മാണവും നടന്നിട്ടില്ല .
ശബരിമല തീർഥാടകർ കാൽനടയായി കടന്നു വരുന്ന കല്ലേലി അച്ചൻകോവിൽ കാനന പാത നിലവിൽ കാൽനടയാത്രയ്ക്ക് പോലും സഞ്ചാരയോഗ്യമല്ല .കാൽ നടയായി എത്തുന്ന അന്യ സംസ്ഥാന അയ്യപ്പന്മാരുടെ പ്രധാന കാനന ഇടത്താവളം ആണ് കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് .
വർഷങ്ങളായി അറ്റകുറ്റപണികൾ ഇല്ല . പിറവന്തൂർ, അരുവാപ്പുലം പഞ്ചായത്ത് മേഖലയാണ് ഈ വന പാത . ചെങ്കോട്ടയിൽനിന്ന് വരുന്ന ശബരിമല തീർഥാടകർക്ക് കിലോമീറ്ററുകൾ ലാഭിച്ച് കോന്നിവഴി പമ്പയിൽ എത്താൻ ഉപകരിക്കുന്നതാണ് പാത.അച്ചൻകോവിൽ ,കോന്നി വനം ഡിവിഷനുകളുടെ കീഴിൽ വരുന്ന ഈ കാനന പാതയുടെ അറ്റകുറ്റപണികൾ അടിയന്തിരമായി ചെയ്തു സഞ്ചാരയോഗ്യമാക്കണം എന്ന് ആവശ്യം ഉന്നയിച്ചാണ് കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് ഭരണ സമിതി പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാറിൻറെ നേതൃത്വത്തിൽ വനം വകുപ്പ് മന്ത്രിയ്ക്കും എൻ സി പി സംസ്ഥാന ജനറൽസെക്രട്ടറി മാത്യൂസ് ജോർജിനും നിവേദനം നൽകിയത് .
റോഡിലെ ഇരു ഭാഗവും വീതി കൂട്ടി കുറ്റമറ്റതാക്കാനും കല്ലേലി ചെക്ക് പോസ്റ്റ് മുതൽ ഉള്ള കാനന പാത ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്നും വർഷങ്ങളായുള്ള ആവശ്യം ആണ് . വിഷയത്തിൽ അനുഭാവപൂർവ്വമായ നിലപാടുകൾ വനം വകുപ്പ് ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് എൻ സി പി നേതൃത്വം കല്ലേലിക്കാവ് ഭരണ സമിതിയ്ക്ക് ഉറപ്പു നൽകി .


