കമ്പംമേട്ട് : ഇടുക്കിയിലെ മലയോര മേഖലകളിൽ മിലിട്ടറി ക്വാട്ടയിൽ ലഭിക്കുന്ന മദ്യം അനധികൃതമായി മറിച്ചുവിൽക്കുന്ന സംഘങ്ങൾ വ്യാപകമാകുന്നു. ജില്ലയിലെ അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘങ്ങൾ ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകളിലെ വിലയ്ക്ക് സമാനമായ തുക ഈടാക്കിയാണ് വിൽപ്പന നടത്തുന്നത്. സൈനികർക്ക് മാത്രം ലഭ്യമാകുന്ന മദ്യം എങ്ങനെ പുറത്തെത്തുന്നു എന്നതും, വിൽക്കുന്ന മദ്യത്തിന്റെ ഗുണനിലവാരവും സംബന്ധിച്ച് ഗുരുതരമായ സംശയങ്ങളാണ് ഉയരുന്നത്.
മിലിട്ടറി ക്യാന്റീനുകളിൽ നിന്ന് ലഭിക്കുന്ന അതേ ബ്രാൻഡിലുള്ള മദ്യമാണ് ഇവിടെയും വിൽക്കുന്നത്. എന്നാൽ, ഇത് യഥാർത്ഥ മദ്യമാണോ എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. അടുത്തിടെ ഇടുക്കിയിലെ മറ്റു ചില ഭാഗങ്ങളിൽ നിന്ന് വ്യാജമദ്യ നിർമ്മാണ യൂണിറ്റുകൾ എക്സൈസ് പിടികൂടിയിരുന്നു. ബിവറേജസ് ഔട്ട്ലെറ്റുകളിലേതെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജമദ്യം വിൽക്കുന്ന സംഘങ്ങളും പിടിയിലായിരുന്നു. സമാനമായ രീതിയിൽ, മിലിട്ടറി ലേബലുകൾ ഒട്ടിച്ച വ്യാജമദ്യമാകാം ഇവിടങ്ങളിൽ വിൽക്കുന്നതെന്നാണ് സംശയിക്കുന്നത്.
ബിവറേജസ് കോർപ്പറേഷന്റെ മദ്യശാലകളിലെ അതേ വിലയ്ക്കാണ് ഈ സംഘങ്ങൾ മദ്യം വിൽക്കുന്നത്. നീണ്ട ക്യൂവിൽ നിൽക്കാതെയും, ഔട്ട്ലെറ്റുകളുടെ പ്രവർത്തന സമയത്തിനായി കാത്തുനിൽക്കാതെയും മദ്യം ലഭിക്കുമെന്നതിനാൽ ആവശ്യക്കാർ ഏറെയാണ്. ഫോണിൽ വിളിച്ചാൽ ആവശ്യപ്പെടുന്ന സ്ഥലത്ത് മദ്യം എത്തിച്ചുനൽകുന്ന സംഘങ്ങളും ഇക്കൂട്ടത്തിലുണ്ട്.


