തിരുവല്ല: ഡ്രൈഡേയിൽ ഗോവൻ നിർമിത വിദേശമദ്യത്തിന്റെ കച്ചവടം പൊടിപൊടിച്ച വിമുക്തഭടനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. 17 ലിറ്റർ ഗോവൻ നിർമ്മിത വിദേശ മദ്യവുമായി കുറ്റൂർ തലയാർ ലതാ ഭവനിൽ സുരേഷ് കുമാറിനെ ആണ് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജി. പ്രസന്നന്റെ നേതൃത്വത്തിൽ ഉള്ള സംഘം പിടികൂടിയത്. ഇയാളുടെ വീട്ടിലും സ്‌കൂട്ടറിലും നിന്നുമായി 23 കുപ്പി മദ്യം പിടികൂടി.
ഡ്രൈ ഡേ ദിനത്തിൽ അടക്കം ആവശ്യക്കാർക്ക് മുന്തിയ വിലയ്ക്ക് സ്‌കൂട്ടറിൽ മദ്യം എത്തിച്ചു നൽകുന്നതാണ് ഇയാളുടെ രീതി എന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രിവന്റീവ് ഓഫീസർമാരായ കെ റെജി, എൻ. കിഷോർ കുമാർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് എംകെ വേണു ഗോപാൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എച്ച്. അഷറഫ്, എസ്. ആനന്ദ്, ഇ. അൻസറുദീൻ, യു.എസ്. അനൂപ്, കെ എൻ ഗിരീഷ് കുമാർ, ആർ.എസ്.വിദ്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


