സർവ്വത്ര വ്യാജൻ.. കക്കൂസ് കഴുകുന്ന ഹാർപ്പിക്കിനും, തറ തുടയ്ക്കുന്ന ലൈസോളിനും വരെ വ്യാജൻ : പത്തനംതിട്ടയിൽ പിടികൂടിയത് 227 ബോട്ടിലുകൾ

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – വിശ്വസിച്ചു ഒരു സാധനവും വാങ്ങാൻ പറ്റാത്ത അവസ്ഥ, സർവത്ര സാധനങ്ങളിലും വ്യാജനും. കടയില്‍ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന തറ തുടക്കുന്ന ലൈസോള്‍, കക്കൂസ് കഴുകുന്ന ഹാര്‍പിക് എന്നിവയുടെ വ്യാജ പതിപ്പുകള്‍ പോലീസ് പിടിച്ചെടുത്തു. പഴയ സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപം പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനത്തില്‍ നിന്നാണ് ഇത്തരത്തിലുള്ള 227 ബോട്ടിലുകള്‍ പോലീസ് പിടിച്ചെടുത്തത്. ആലപ്പുഴ വള്ളികുന്നം സ്വദേശി നടത്തുന്ന ഇസ്മായില്‍ ട്രെഡേഴ്‌സ് എന്ന കച്ചവട സ്ഥാപനത്തില്‍ പരിശോധന നടത്തിയാണ് ഇവ പിടിച്ചെടുത്തത്. എസ് എച്ച് ഓ കെ സുനുമോന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ കെ.ആര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ റെയ്ഡ് നടത്തിയത്. ഡിവൈ.എസ്.പി എസ്. ന്യൂമാന്റെ നിര്‍ദേശപ്രകാരമായിരുന്നു റെയ്ഡ്.

ബി എന്‍ എസിലെ വകുപ്പുകള്‍ക്ക് പുറമെ പകര്‍പ്പവകാശ നിയമത്തിലെയും ട്രേഡ് മാര്‍ക്ക് ആക്ടിലെയും നിര്‍ദിഷ്ട വകുപ്പുകള്‍ കൂടി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. റെക്കിറ്റ് എന്ന പേരിലുള്ള കമ്പനി വിതരണം ചെയ്തുവന്ന ലൈസോള്‍, ഹാര്‍പിക് എന്നിവയുടെ വ്യാജപതിപ്പുകളാണ് കച്ചവടം ചെയ്തു വന്നത്. ഈ ഉല്‍പ്പന്നങ്ങളും ബോട്ടിലുകളും ലേബലും ട്രേഡ് മാര്‍ക്കും വ്യാജമായി നിര്‍മിച്ചവയാണ്. ഇവയുടെ വില്‍പ്പനാവകാശമുള്ള റെക്കിറ്റ് കമ്പനിയുടെ ലീഗല്‍ സര്‍വീസ് നടത്തുന്ന സ്ഥാപനത്തിന്റെ ഡെപ്യൂട്ടി മാനേജര്‍ ശ്രീജിത്തും പരിശോധന സമയത്ത് സന്നിഹിതനായിരുന്നു. പോലീസ് സംഘത്തില്‍ എസ് ഐക്കൊപ്പം പിങ്ക് പോലീസിലെ ഏ എസ് ഐ കുഞ്ഞമ്മ, പത്തനംതിട്ട സ്‌റ്റേഷനിലെ എസ് സി പി ഓമാരായ രാജീവ് കൃഷ്ണന്‍, ബൈജു, അയൂബ് ഖാന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *