അങ്ങ് രാജസ്ഥാനിൽ പോയി രണ്ടു മോഷണക്കേസ് പ്രതികളെ കീഴടക്കിയ കേരളാ പോലീസ്

Crime Kerala
Print Friendly, PDF & Email

കൊച്ചി – ഇതാണ് കേരളാ പോലീസ്. സ്വജീവൻ പോലും തൃണവൽഗണിച്ച് കൊടുംക്രിമനലുകളായ മോഷണക്കേസ് പ്രതികളെ രാജസ്ഥാനിൽ പോയി അറസ്റ്റ് ചെയ്ത ആലുവ ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലെ അഞ്ചു പൊലീസ് ഉദേ്യാഗസ്ഥർക്ക് മൂന്നു ദിവസത്തെ ഡ്യൂട്ടി ഓഫ് അനുവദിച്ച് എറണാകുളം റൂറൽ പോലീസ് മേധാവി വൈഭവ് സക്‌സേന.

എസ്‌ഐ എസ്.എസ്. ശ്രീലാൽ, സിപിഓമാരായ മുഹമ്മദ് അമീർ, വി.എ. അഫ്‌സൽ, മഹിൻഷ അബൂബക്കർ, കെ.എം. മനോജ് എന്നിവർക്കാണ് ഡ്യൂട്ടി ഓഫ് അനുവദിക്കാൻ എറണാകുളം റൂറൽ പൊലീസ് മേധാവി ഉത്തരവിട്ടത്. രാജസ്ഥാനിലെ അജ്മീറിൽ നിന്ന് രണ്ട് വാഹനമോഷ്ടാക്കളെ സാഹസികമായി കസ്റ്റഡിയിൽ എടുത്ത പോലീസ് ടീമംഗങ്ങളാണ് ഇവർ. മോഷ്ടാക്കൾ പൊലീസിന് നേരെ വെടിയുതിർത്തിരുന്നു. ഇവരുടെ പ്രവർത്തനം അംഗീകരിക്കപ്പെടേണ്ടതാണെന്ന് എസ്.പിയുടെ ഉത്തരവിൽ പറയുന്നു. വളരെയധികം ശാരീരിക മാനസിക സമ്മർദം അനുഭവിച്ചാണ് പൊലീസ് സേന പ്രതികളെ പിടികൂടിയത്. സ്വന്തം ജീവൻ പോലും പണയം വച്ചായിരുന്നു അവരുടെ നടപടി.

അവരുടെ പ്രവർത്തനം കേരളാ പൊലീസിന് ഒരു മുതൽക്കൂട്ടാണ്. ഈ ടീമംഗങ്ങൾക്ക് കുടുംബവുമായി കൂടുതൽ സമയം ചെലവഴിച്ച് മാനസിക സമ്മർദം കുറയ്ക്കുന്നതിന് വേണ്ടിയാണ് മൂന്ന് ദിവസത്തെ ഡ്യൂട്ടി ഓഫ് അനുവദിക്കുന്നത്. ഇവർക്കായി ഒരു ഒത്തുകൂടൽ സംഘടിപ്പിക്കാൻ ആലുവ ഡിവൈ.എസ്.പിയോട് ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. അതിൽ മറ്റ് ഉദ്യോഗസ്ഥർ പങ്കെടുക്കാനും ഈ പൊലീസുകാരുടെ കുടുംബാംഗങ്ങളോട് അഭിനന്ദനം അറിയിക്കുന്നതിനും ഉത്തരവിൽ നിർദേശിക്കുന്നു.

ആലുവ, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നടന്ന വാഹനമോഷണക്കേസുകളിലെ പ്രതികളെ തേടിയാണ് അഞ്ചംഗ കേരളാ പൊലീസ് സംഘം അജ്മീറിൽ എത്തിയത്. രാജസ്ഥാൻ പൊലീസിലെ എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥനും ഇവർക്കൊപ്പം ഉണ്ടായിരുന്നു. മോഷ്ടാക്കളുമായുള്ള ഏറ്റുമുട്ടലിൽ അദ്ദേഹത്തിന് പരുക്ക് ഏൽക്കുകയും ചെയ്തിരുന്നു. മോഷ്ടാക്കൾ പൊലീസിന് നേരെ വെടിയുതിർത്തു. ഇതിനിടയിലും ഉത്തരാഖണ്ഡ് സ്വദേശികളായ ഡാനിഷ് (23), സജാദ് (33) എന്നീ മോഷ്ടാക്കളെ കേരളാ പൊലീസ് സംഘം സാഹസികമായി പിടികൂടി.

ഫെബ്രുവരി ഒമ്പതിന് ആലുവ കുട്ടമശേരി വായനശാല ജങ്ഷനിൽ മുഹമ്മദ് അലി, 10 ന് പവർഹൗസ് ജങ്ഷനിലെ ബാബു ഔസേഫ് എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. മുഹമ്മദ് അലിയുടെ വീട്ടിൽ നിന്ന് 18 പവൻ സ്വർണാഭരണങ്ങളും 13,000 രൂപയുമാണ് മോഷ്ടിച്ചത്. ബാബു ഔസേപ്പിന്റെ വീട്ടിൽ നിന്ന് 20 പവൻ സ്വർണാഭരണങ്ങളും 20,000 രൂപയും കൊണ്ടു പോയി. ഒരേ സംഘം തന്നെയാണ് മോഷണത്തിന് പിന്നിലെന്ന് സൂചന നൽകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പെരുമ്പാവൂരിൽ നിന്ന് േോഷ്ടിച്ച ബൈക്കിലാണ് രണ്ടംഗ സംഘം ആലുവയിൽ എത്തി ആദ്യ മോഷണം നടത്തിയത്.

മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ മോഷ്ടാക്കൾ മധ്യപ്രദേശിലുണ്ടെന്ന് മനസിലായി. ഫെ്രബുവരി 18 ന് എസ്‌ഐ ശ്രീലാലിന്റെ നേതൃത്വത്തിൽ അഞ്ചംഗ പൊലീസ് സംഘം അവിടേക്ക് തിരിച്ചു. കാറിലാണ് ഇവർ പോയത്. അവിടെ ചെന്നപ്പോൾ മോഷ്ടാക്കൾ അജ്മീറിലേക്ക് കടന്നുവെന്ന് വിവരം ലഭിച്ചു. ഇന്ത്യ മുഴുവൻ സഞ്ചരിച്ച് കവർച്ച നടത്തുന്നതാണ് മോഷ്ടാക്കളുടെ രീതിയെന്ന് മനസിലായി. 20 ന് വൈകിട്ട് കേരളാ പോലീസ് സംഘം അജ്മീറിൽ എത്തി. എസിപി സ്വർണ കാംബിളിനെ കണ്ട ശേഷം മോഷ്ടാക്കളെ പിടികൂടാൻ പദ്ധതി തയാറാക്കി. മോഷ്ടാക്കളുടെ ലൈവ് ലൊക്കേഷൻ കാണിച്ചത് അജ്മീർ ഷരീഫ് ദർഗയിലായിരുന്നു. ആദ്യം ലോക്കൽ പൊലീസ് ഒരു പരിശോധന നടത്തി മോഷ്ടാക്കൾ ദർഗ പരിസരത്തുണ്ടെന്ന് ഉറപ്പിച്ചു.

ഇവരെ വളഞ്ഞ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ രക്ഷപ്പെട്ട് ഓടി. ഓട്ടത്തിനിടയിൽ മോഷ്ടാക്കളിൽ ഒരാൾ റിവോൾവർ എടുത്ത് മൂന്നു റൗണ്ട് വെടിയുതിർത്തു. എസിപിക്ക് നിസാരപരുക്കേറ്റു. വെടിവയ്പിനിടയിലും കേരളാ പൊലീസ് ടീം മോഷ്ടാക്കളെ പിന്തുടർന്നു. അരമണിക്കൂർ പരിശ്രമത്തിനൊടുവിൽ ദർഗയ്ക്ക് സമീപത്തെ മാർക്കറ്റിൽ നിന്ന് രണ്ടു മോഷ്ടാക്കളെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

റൂറൽ എസ്.പിയുടെ നടപടിയിൽ പൊലീസ് സേനയിൽ സന്തോഷം

അജ്മീറിൽ പോയി മോഷ്ടാക്കളെ പിടികൂടിക്കൊണ്ടു വന്ന അഞ്ചംഗ പൊലീസ് സംഘത്തിന് ഡ്യൂട്ടി ഓഫ് നൽകിയ റൂറൽ എസ്്പി വൈഭവ് സക്‌സേനയുടെ നടപടി പൊലീസ് സേനയിൽ പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. ഇങ്ങനെ വേണം മേലുദ്യോഗസ്ഥർ എന്നാണ് സേനയിലുള്ളവർ പറയുന്നത്. ജീവൻ പണയം വച്ച് പ്രതികളെ പിടികൂടിയ പൊലീസുകാരെ മാത്രമല്ല, അവരുടെ കുടുംബത്തെ കൂടിയാണ് എസ്പി കരുതിയിരിക്കുന്നത്. അവർക്ക് വേണ്ടി ഒരു ഒത്തുചേരൽ സംഘടിപ്പിക്കാനുള്ള ശ്രമവും അഭിനന്ദിക്കപ്പെട്ടു. അമിതമായി ഡ്യൂട്ടിയിട്ടും മാനസിക സമ്മർദവുമേറ്റിയും ഉദ്യോഗസ്ഥരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നവരാണ് ചില മേലധികാരികൾ. ഇവിടെ ചെയ്ത സേവനത്തിന് അംഗീകാരവും അഭിനന്ദനവും നൽകിയത് പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കട്ടെ എന്നും സേനയിലുള്ളവർ പറയുന്നു.

പൊലീസുകാരുടെ ഗ്രൂപ്പിൽ വന്ന ഒരു സന്ദേശം ഇങ്ങനെ:
അറിവ്,വിദ്യാഭ്യാസം വിവരം,വിവേകം എന്നത് ഒരു സേനയിൽ എങ്ങനെ പ്രവർത്തികം ആക്കണം എന്ന് മാതൃകപരമായി കാണിച്ചു തരുന്ന ഓഫീസർ
ഡിപിസി എറണാകുളം റൂറൽ..
ഇദ്ദേഹത്തെ ചൂണ്ടി പറയാം ….
ഐപിഎസ് എന്നത് പഠിച്ചു കിട്ടേണ്ട ഒന്ന് തന്നെ ആണ്. വെറുതെ കിട്ടിയതല്ല എന്ന്.

Leave a Reply

Your email address will not be published. Required fields are marked *