കുറച്ചു ദിവസങ്ങൾക്കകം ഒമാനിൽപ്പോയി തിരികെയെത്തിയ പത്തനംതിട്ടക്കാരിയുടെ കയ്യിൽ നിന്നും ഒരുകിലോ എംഡിഎംഎ പിടികൂടി ; സ്വീകരിക്കാനെത്തിയവരും പിടിയിൽ

Crime
Print Friendly, PDF & Email

കോഴിക്കോട് – ഒരു കിലോയോളം എംഡിഎംഎയുമായി ഒമാനിൽനിന്നു കോഴിക്കോട് വിമാനത്താവളത്തിലെത്തിയ പത്തനംതിട്ട സ്വദേശിയായ യുവതി കരിപ്പൂർ പോലീസിൻറെ പിടിയിലായി. മിഠായി പായ്ക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഒരുകിലോ എം ഡി എം എ കണ്ടെത്തിയത് . യാത്രക്കാരിയെയും സ്വീകരിക്കാനെത്തിയ 3 പേരെയും കൂടിയാണ് അറസ്റ്റ് ചെയ്തത് . എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മസ്കത്ത് വിമാനത്താവളത്തിൽനിന്നു കരിപ്പൂരിലെത്തിയ പത്തനംതിട്ട നെല്ലിവലയിൽ എൻ.എസ്.സൂര്യ (31)യുടെ ലഗേജിൽനിന്നാണ് എംഡിഎംഎ കണ്ടെടുത്തത് എന്ന് പോലീസ് പറയുന്നു .

സൂര്യയെ സ്വീകരിക്കാനെത്തിയ തിരൂരങ്ങാടി മൂന്നിയൂർ സ്വദേശികളായ അലി അക്ബർ (32), സി.പി.ഷഫീർ (30), വള്ളിക്കുന്ന് സ്വദേശി എം.മുഹമ്മദ് റാഫി (37) എന്നിവരെയും അറസ്റ്റ് ചെയ്തു . രഹസ്യവിവരത്തെത്തുടർന്ന് പോലീസ് സംഘം യൂണിഫോം ഇല്ലാതെ വിമാനത്താവളത്തിൽ നിരീക്ഷണം ഉണ്ടായിരുന്നു . വിമാനത്താവളത്തിലെ പരിശോധനകൾ കഴിഞ്ഞു പുറത്തിറങ്ങിയ സൂര്യ സ്വീകരിക്കാനെത്തിയവരോടൊപ്പം പുറപ്പെടാൻ ഒരുങ്ങുമ്പോൾ ആണ് എല്ലാവരും പോലീസ് പിടിയിലായത് . സൂര്യയെയും സ്വീകരിക്കാനെത്തിയവരെയും പിടികൂടിയ ശേഷം ലഗേജ് കസ്റ്റഡിയിലെടുത്തു.

ലഗേജിനുള്ളിൽ മിഠായിയുടെ പായ്ക്കറ്റുകൾക്കുള്ളിലായിരുന്നു എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. ഏതാനും ദിവസങ്ങൾക്കു മുൻപ് മാത്രമാണ് സൂര്യ മസ്കത്തിലേക്കു പോയത്. കഴിഞ്ഞ 16നു മസ്കത്തിലെത്തിയതായാണു പോലീസിന് ലഭിച്ച പ്രാഥമിക വിവരം . ദിവസങ്ങൾക്കുള്ളിൽത്തന്നെ സൂര്യ നാട്ടിലേക്കു മടങ്ങുകയും ചെയ്തു.

ലഹരിക്കടത്തിനു വനിതാ യാത്രക്കാരെ ഉൾപ്പെടുത്തിയ സംഭവം മുൻപും ഉണ്ടായിട്ടുണ്ട്. എന്നാൽ, വലിയ അളവിൽ എംഡിഎംഎ പിടികൂടുന്നത് കോഴിക്കോട് വിമാനത്താവളത്തിൽ ഇതാദ്യമാണ്.എംഡിഎംഎ നാട്ടിലെത്തിക്കാൻ കാരിയർ ആയി പോയതാകാമെന്നാണ് പോലീസ് നിഗമനം. ഇതിൻറെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *