ന്യൂഡൽഹി – രാജ്യത്തിനകത്തുള്ള സ്ലീപ്പർ സെല്ലുകളുടെ സഹായത്തോടെ ഭീകരർ ആക്രമണം നടത്താനുള്ള സാദ്ധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടർന്ന് ജമ്മു കശ്മീരിലും പഞ്ചാബിലും രാജസ്ഥാനിലും അടക്കം രാജ്യത്ത് അതീവ ജാഗ്രത. ജയ്ഷ്- ഇ- മുഹമ്മദ്, ലഷ്കർ- ഇ- തൊയ്ബ എന്നീ ഭീകരസംഘടനകൾ സുരക്ഷാ സേനയ്ക്ക് നേരെയോ, ജനങ്ങൾക്ക് നേരെയോ ചാവേറാക്രമണം നടത്താൻ സാദ്ധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടർന്നാണ് ജമ്മു കശ്മീരിലും രാജസ്ഥാനിലും പഞ്ചാബിലും അടക്കം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പശ്ചിമബംഗാൾ, ബീഹാർ അടക്കമുള്ള ബംഗ്ളാദേശ് അതിർത്തിയിലും ശക്തമായ സേനാ വിന്യാസമാണ് നടത്തിയിരിക്കുന്നത്.
ബിഹാറിലും അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ബി രാജേന്ദറിൻ്റെ ഉത്തരവിനെ തുടർന്ന് എല്ലാ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അവധികൾ അടിയന്തരമായി റദ്ദാക്കി. ഇന്ത്യ- പാകിസ്താൻ സംഘർഷങ്ങളെ തുടർന്നാണ് നേപ്പാളുമായി അതിർത്തി പങ്കിടുന്ന ബിഹാറിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയത്.
ബുധനാഴ്ച രാത്രി വൈകിയും ഇന്ന് രാവിലെയുമായി ജമ്മു കശ്മീർ, പഞ്ചാബ്, ഗുജറാത്ത് ഉൾപ്പെടെ രാജ്യത്തിൻ്റെ വടക്ക്, പടിഞ്ഞാറൻ ഭാഗങ്ങളിലെ 15 നഗരങ്ങളിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള പാകിസ്താൻ ശ്രമങ്ങൾ വിഫലമാക്കിയതായി ഇന്ത്യ വ്യക്തമാക്കി. പാക് സേന ഉപയോഗിച്ച ഡ്രോണുകളും മിസൈലുകളും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തു. പാകിസ്താൻ ഇന്ത്യയുടെ സൈനികകേന്ദ്രങ്ങളെ ആക്രമിക്കാൻ ശ്രമിച്ചതോടെ ഇന്ത്യ പ്രത്യാക്രമണം നടത്തുകയും ലാഹോറിലെ വ്യോമപ്രതിരോധ സംവിധാനങ്ങളടക്കം തകർക്കുകയും ചെയ്തു.


