അടൂർ: ആഴമേറിയ മാലിന്യക്കുഴിയിൽ വീണ ഗർഭിണി പശുവിന് രക്ഷകരായി അഗ്നിശമന സേന. ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കുഴി ഇടിച്ചു നിരത്തിയാണ് ആസിഡ് വെള്ളം നിറഞ്ഞ കുഴിയിൽ നിന്ന് പശുവിനെ രക്ഷിച്ചത്. വയല മാമ്പിലാവിൽ അമ്പലത്തിനു സമീപത്തായി പുഷ്പാലയം വീട്ടിൽ ധർമ്മരാജന്റെ പശുവാണ് രാവിലെ 10 മണിയോടെ കുഴിയിൽ വീണത്. റബ്ബർ ഷീറ്റ് അടിക്കുന്ന മെഷിന് സമീപം മലിനജലം ശേഖരിക്കുന്ന ആഴമേറിയ കുഴിയിൽ പശു വീണ് പുതഞ്ഞു പോയി.
കുഴിയിലെ ആസിഡ് നിറഞ്ഞ വെള്ളത്തിൽ ഇറങ്ങി പശുവിനെ ഹോസ് ഉപയോഗിച്ച് കെട്ടി കുഴിയുടെ വശങ്ങൾ ഇടിച്ചു നിരത്തിയാണ് രക്ഷപ്പെടുത്തിയത്. പശു പൂർണ ഗർഭിണിയായതിനാലും ഇടുങ്ങിയ കുഴിയായതിനാലും ഒന്നര മണിക്കൂറോളം പ്രവർത്തിച്ചാണ്. പശുവിനെ പുറത്തെടുത്തത്. ആസിഡ് വെള്ളം വീണു ചൊറിച്ചിൽ അനുഭവപ്പെട്ട ജീവനക്കാർ പ്രഥമ ശുശ്രുഷ തേടി.
അടൂർ ഫയർ സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സീനിയർ റെസ്ക്യൂ ഓഫീസർ അജിഖാൻ യൂസുഫിന്റെ ടീം ആണ് പ്രവർത്തനത്തിൽ പങ്കെടുത്തത്. ശ്രീജിത്ത്, കൃഷ്ണകുമാർ, സന്തോഷ്,അനീഷ്, അഭിജിത്, മുഹമ്മദ്, സജാദ്, അജയകുമാർ, വേണു എന്നിവർ ഉൾപ്പെട്ടു.


