പത്തനംതിട്ട – പ്രവാസിയുടെ ഭാര്യയുമായി അവിഹിത ബന്ധമെന്ന ആരോപണ വിധേയനായ സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരേ പാർട്ടിയുടെ അച്ചടക്ക നടപടി. അരിശം മൂത്ത സെക്രട്ടറി പരാതി നൽകിയ പ്രവാസിയുടെ വീട്ടിൽ പാതിരാത്രിയിൽ അതികമിച്ചു കയറി വയോധികയായ അമ്മയെ അസഭ്യം വിളിച്ചു. കോയിപ്രം പോലീസ് ഇയാൾക്കെതിരേ കേസുമെടുത്തു. ഇരവിപേരൂർ ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള വെണ്ണിക്കുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി സുനിൽ വർഗീസിനെതിരെയാണ് കോയിപ്രം പൊലീസ് കേസെടുത്തത്.
ലൈംഗിക താത്പര്യത്തോടെ തന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്ന പ്രവാസിയായ ഭർത്താവിന്റെ പരാതിയിൽ സുനിൽ വർഗീസിനെതിരേ കഴിഞ്ഞ ദിവസം പാർട്ടി നടപടി എടുത്തിരുന്നു. വീട്ടമ്മയുടെ ഭർത്താവായ വെണ്ണിക്കുളം സ്വദേശി വിദേശത്ത് നിന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, അന്നത്തെ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു എന്നിവർക്ക് പരാതി അയച്ചു നൽകിയിരുന്നു. ഏറെനാൾ കഴിഞ്ഞിട്ടും ‘പാർട്ടി കോടതി’യിൽ നിന്നും നീതി ലഭിക്കാതെ വന്നതോടെ കഴിഞ്ഞ ദിവസം പരാതിക്കാരൻ ഉദയഭാനുവിനെ നേരിട്ട് വിളിച്ച് രൂക്ഷമായി പ്രതികരിച്ചു. പരാതിയും മറ്റും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും, നിയമ നടപടിയിലേക്ക് നീങ്ങുമെന്നും രൂക്ഷമായിത്തന്നെ അറിയിച്ചു.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ സംഗതി നാറ്റക്കേസാകുമെന്ന് കണ്ട് അവസാനം സിപിഎം ജില്ലാ നേതൃത്വം നടപടിയുമായി രംഗത്തിറങ്ങി. ഇരവിപേരൂർ ഏരിയ സെക്രട്ടറിയുടെ ചുമതലയുള്ള അനിൽകുമാർ കഴിഞ്ഞ ദിവസം വിഷയം ലോക്കൽ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തു. സുനിലിനെ നീക്കി പകരം ചുമതല ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യുവിന് ചുമതല നൽകിയതായും അറിയിച്ചു.
എന്നാൽ സുനിലിനെ അനുകൂലിക്കുന്നവർ യോഗത്തിൽ ബഹളം വച്ചു. ഈ യോഗം അവസാനിച്ച ശേഷം പാതിരാത്രിയോടെയാണ് പരാതിക്കാരന്റെ വീട്ടിൽ അതിക്രമിച്ച് കടന്ന് നാശനഷ്ടം ഉണ്ടാക്കിയത്. പരാതിക്കാരന്റെ എഴുപത്തിയഞ്ചു വയസ്സുള്ള മാതാവ് മാത്രമാണ് ആ സമയം വീട്ടിൽ ഉണ്ടായിരുന്നത്. ഇവരുടെ പരാതിയിലാണ് കോയിപ്രം പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ പ്രതിയുടെ പേരായി സുനിൽ വെണ്ണിക്കുളം എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സിപിഎം പ്രാദേശിക നേതാവായ ഇയാളോട് മുട്ടാൻ നിൽക്കണ്ട എന്ന ഉപദേശവും പൊലീസ് നൽകിയതായാണ് പരാതിക്കാരന്റെ സമീപവാസികൾ പറയുന്നത്. കേസ് ഒതുക്കി തീർക്കുന്നതിനും മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും വേണ്ടിയാണ് സുനിൽ വെണ്ണിക്കുളം എന്ന് മാത്രം എഎഫ്ഐആറിൽ രേഖപ്പെടുത്തിയതെന്നും പറയുന്നു.


