തിരുവനന്തപുരം: ബിപോർജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനം കുറഞ്ഞതോടെ സംസ്ഥാനത്ത് കാലവർഷം സജീവമാകുന്നു.അടുത്ത മൂന്നുമണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബിപോർജോയ് ചുഴലിക്കാറ്റിന്റെ ഭീതി പൂർണമായി ഒഴിയുകയാണ്. ഗുജറാത്തിൽ ഭീതി വിതച്ചതിനുശേഷം ഇപ്പോൾ രാജസ്ഥാനിലെ തെക്ക്-പടിഞ്ഞാറ് മേഖലകളിലേക്ക് പ്രവേശിച്ച ബിപോർജോയ് വെറും പത്തുകിലോമീറ്റർ വേഗത്തിലാണ് സഞ്ചരിക്കുന്നത്. ഇന്നലെ തീവ്രന്യൂനമർദ്ദമായി മാറിയ കാറ്റ് ശക്തികുറഞ്ഞ് ന്യൂനമർദ്ദമായി മാറിയിട്ടുണ്ട്. കാറ്റിന്റെ സ്വാധീന ഫലമായി രാജസ്ഥാനിൽ പലയിടങ്ങളിലും ശക്തമായ മഴ ലഭിക്കുന്നുണ്ട്. തെക്കൻ രാജസ്ഥാനിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകേന്ദ്രം പറയുന്നത്.


