പത്തനംതിട്ട: ഒരു പേസ്റ്റ് വാങ്ങുമ്പോൾ ഉള്ള വിലയേക്കാൾ കൂടുതൽ തുക ഡബിൾ പാക്കറ്റിന് (കോംബോ പാക്ക്) ഈടാക്കിയ സംഭവത്തിൽ പ്രമുഖ ബഹുരാഷ്ട്ര കമ്പനിയായ കോൾഗേറ്റ് പാമോലീവ് ലിമിറ്റഡിനും വ്യാപാര സ്ഥാപനത്തിനുമെതിരെ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ ഉത്തരവ്. അന്യായമായി ഈടാക്കിയ തുകയും നഷ്ടപരിഹാരവും കോടതിച്ചെലവും ഉൾപ്പെടെ 10,020 രൂപ പരാതിക്കാരന് നൽകാൻ കമ്മിഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചച്ചിറ, അംഗം നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്ന് ഉത്തരവിട്ടു.
ആറൻമുള ഇടശേരിമല പ്രണവത്തിൽ മനേഷ് നായർ നൽകിയ പരാതിയിലാണ് ഈ നടപടി. തിരുവല്ലയിലുള്ള ‘ലീയാൻസ് ബേക്കറി ആൻഡ് സൂപ്പർമാർക്കറ്റ്’ എന്ന സ്ഥാപനത്തിൽ നിന്നും 120 ഗ്രാമിന്റെ ‘കോൾഗേറ്റ് ചാർക്കോൾ ക്ലീൻ ജെൽ’ ഡബിൾ പാക്കറ്റ് വാങ്ങിയിരുന്നു. ഇതിന്റെ കവറിൽ ’10 രൂപ ഓഫ്’ എന്ന് രേഖപ്പെടുത്തുകയും എം.ആർ.പി 320 രൂപ എന്ന് എഴുതുകയും ചെയ്തിരുന്നു. ബില്ലിൽ 310 ആണ് ഈടാക്കിയത്. എന്നാൽ, ഇതേ ദിവസം തന്നെ ഇതേ കടയിൽ നിന്നും ഇതേ ബ്രാൻഡിന്റെ 120 ഗ്രാമിന്റെ സിംഗിൾ പാക്കറ്റ് വാങ്ങിയപ്പോൾ അതിന് 150 രൂപ മാത്രമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഡിസ്‌കൗണ്ട് കഴിഞ്ഞ് ഇതിന് 148 ആണ് ബിൽ ചെയ്തത്.120 ഗ്രാമിന്റെ ഒരു സിംഗിൾ പാക്കറ്റിന് 150 രൂപ എം.ആർ.പി ഉള്ളപ്പോൾ, അങ്ങനെയുള്ള രണ്ട് പാക്കറ്റുകൾ (120×2 = 240 ഗ്രാം) ഡബിൾ പാക്കറ്റായി വാങ്ങുമ്പോൾ ആകെ വില 300 രൂപയിൽ കൂടാൻ പാടില്ലാത്തതാണ്.
അതിനുപുറമേ സിംഗിൾ പാക്കറ്റുകളുടെ വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് സാധാരണയായി കമ്പനികൾ കോംബോ/ഡബിൾ പാക്കറ്റുകൾ ഉപഭോക്താക്കൾക്ക് നൽകാറുള്ളത്.എന്നാൽ ഇവിടെ സിംഗിൾ പാക്കറ്റിന് 150 ഉള്ളപ്പോൾ, രണ്ട് പാക്കറ്റുകൾ ഒരുമിച്ചുള്ള ഡബിൾ പാക്കറ്റിന് 320 (ഓഫർ കഴിഞ്ഞ് 310) ഈടാക്കുക വഴി ഉപഭോക്താവിനെ കമ്പനിയും വ്യാപാരിയും ചേർന്ന് വഞ്ചിക്കുകയായിരുന്നു എന്ന് കോടതി കണ്ടെത്തി. ഇത് കടുത്ത അന്യായമായ വ്യാപാര രീതിയും ഉപഭോക്തൃ സേവനത്തിലെ പോരായ്മയുമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. വ്യാപാരികളുടെയോ കമ്പനികളുടെയോ ഇത്തരം നടപടികൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും ചൂഷണം ചെയ്യുന്നതുമാണ്. 80 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഒരു കമ്പനിക്ക് ഉപഭോക്താക്കളെ വഞ്ചിക്കാനുള്ള ലൈസൻസില്ല’ എന്ന് കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി. പരാതിക്കാരന്റെ ഭാഗം ശരിവെച്ച കോടതി, അന്യായമായി ഈടാക്കിയ 20 രൂപയും, ഉപഭോക്താവിനുണ്ടായ മാനസിക വിഷമങ്ങൾക്കും നഷ്ടങ്ങൾക്കുമുള്ള പരിഹാരമായി 5,000 രൂപയും, കോടതി വ്യവഹാര ചെലവുകൾക്കായി 5,000 രൂപയും ചേർത്ത് 10,020 നഷ്ടപരിഹാരമായി എതിർകക്ഷികളായ കോൾഗേറ്റ് കമ്പനിയും സൂപ്പർമാർക്കറ്റും ചേർന്ന് പരാതിക്കാരന് നൽകണമെന്നാണ് വിധി.

What do you feel about this post?
Like
Love
Happy
Haha
Sad

