ഇനി പറക്കാം നമ്മുടെ സ്വന്തം വിമാനത്തിൽ ; എയർ കേരളാ കോർപ്പറേറ്റ് ഓഫീസ് തുറന്നു. ജൂണിൽ പറക്കും

Kerala Eranakulam
Print Friendly, PDF & Email

കൊച്ചി : കേരളത്തിൽ നിന്നുള്ള ആദ്യ വിമാന കമ്പനിയായ എയർ കേരളയുടെ കോർപ്പറേറ്റ് ഓഫീസിന്റെ ഉദ്ഘാടനം കൊച്ചിയിൽ നടന്നു. ആലുവ മെട്രോ സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന കോർപറേറ്റ് ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി പി.രാജീവ് നിർവഹിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, എംപിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, എംഎൽഎമാരായ അൻവർ സാദത്ത്, റോജി ജോൺ, ആലുവ നഗരസഭ ചെയർമാൻ എം.ഒ ജോൺ, വൈസ് ചെയർപേഴ്‌സൺ സൈജി ജോളി, ഇന്റർനാഷണൽ ബിസിനസ് പ്രൊമോഷൻസ് വൈസ് ചെയർമാനും കിൽട്ടൻസ് ബിസിനസ് സെറ്റപ് സിഎംഡിയുമായ റിയാസ് കിൽട്ടൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

കൊച്ചി വിമാനത്താവളം രാജ്യത്തിന് മാതൃക ആയതുപോലെ എയർ കേരളയും മാതൃകയാകട്ടെയെന്ന് മന്ത്രി രാജീവ് ആശംസിച്ചു. മൂന്ന് നിലകളിലായി വ്യാപിച്ചുകിടക്കുന്ന അത്യാധുനിക പരിശീലന സൗകര്യങ്ങളുള്ള വിശാലമായ സമുച്ചയമാണ് കോർപ്പറേറ്റ് ഓഫീസ്. ഒരേ സമയം 200ലധികം വ്യോമയാന മേഖലയിലെ വിദഗ്ധർക്ക് ജോലി ചെയ്യാൻ കഴിയുന്ന തരത്തിലാണ് ഓഫീസ് രൂപകൽപന ചെയ്തിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ 750 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് എയർ കേരള ലക്ഷ്യമിടുന്നതെന്ന് എയർ കേരള ചെയർമാൻ അഫി അഹമ്മദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. എയർ കേരളയുടെ ആദ്യ വിമാനം 2025 ജൂണിൽ പറന്നുയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞ നിരക്കിൽ വിമാന സർവീസ് നടത്തുകയാണ് ലക്ഷ്യം. തുടക്കത്തിൽ അഞ്ച് വിമാനങ്ങൾ പാട്ടത്തിന് വാങ്ങുന്നതിന് എയർലൈൻ ഐറിഷ് കമ്പനിയുമായി കരാർ ഒപ്പിട്ടു. കൂടാതെ ഭാവിയിൽ സ്വന്തമായി വിമാനം വാങ്ങാൻ പദ്ധതിയിടുന്നതായും അദ്ദേഹം അറിയിച്ചു.

ദക്ഷിണ തെക്കേയിന്ത്യയിലെ ചെറുപട്ടണങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് എയർ കേരള സർവീസ്. 72 സീറ്റർ ഇക്കോണമി ക്ലാസ്സ് എടിആർ വിമാനങ്ങളായിരിക്കും എയർലൈൻ ഉപയോഗിക്കുക. കേരളത്തിന്റെ സാമ്പത്തിക, തൊഴിൽ, ടൂറിസം മേഖലകളുടെ ഉയർച്ചക്ക് എയർ കേരളയുടെ വരവ് ഒരു വലിയ സംഭാവന നൽകുമെന്ന് എയർ കേരള വൈസ് ചെയർമാൻ അയൂബ് കല്ലട പറഞ്ഞു. സിഇഒ ഹരീഷ് കുട്ടി, ലീഗൽ കൺസൾട്ടന്റ് സിഎസ് ആഷിഖ്, കാപ്പിറ്റൽ കൺസൾട്ടന്റ് ശ്രീജിത് കുനിയിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

NB ; കെഎസ്ആർടിസി പോലെയാകാതിരുന്നാൽ മതിയെന്ന് പാച്ചു. നമ്മുടെ തെങ്ങിൻകള്ളും, പാലക്കാടൻ പനങ്കള്ളും, കപ്പയും, മത്തിക്കറിയും, ആലപ്പുഴ കരിമീൻ ഫ്രെയിയും, വിളമ്പാൻ സെറ്റും മുണ്ടും ഉടുത്ത മലയാളി മങ്കമാരും ഒക്കെ ഉള്ളപ്പോൾ പിന്നെ മലയാളി ഇതിലല്ലേ പറക്കാൻ കേറൂ എന്ന കോവാലനും.

Leave a Reply

Your email address will not be published. Required fields are marked *