**ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും
** ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ വിദ്യാർഥികളുമായി സംവദിക്കും
പത്തനംതിട്ട – വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ (ജൂൺ 19) രാവിലെ 9.30ന് കാരംവേലി എസ്എൻഡിപി ഹയർ സെക്കൻഡറി സ്‌കൂളിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ അധ്യക്ഷത വഹിക്കും.
ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.പി. ജയൻ വായനാദിന സന്ദേശം നൽകും. പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ ഡോ. ഏബ്രഹാം മുളമ്മൂട്ടിൽ വായനാദിന പ്രതിജ്ഞ ചൊല്ലും. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് അംഗം പ്രൊഫ. ടി.കെ.ജി. നായർ വായന അനുഭവം പങ്കുവയ്ക്കും.
രാവിലെ 10.30ന് ഉന്നതപഠനവും വായനയും എന്ന വിഷയത്തിൽ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ വിദ്യാർഥികളുമായി സംവദിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. ആനന്ദൻ സ്വാഗതവും പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി സി.കെ. നസീർ നന്ദിയും പറയും.
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ മഹനീയ നേതാക്കളായ പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19ന് ആരംഭിച്ച് ഐ.വി. ദാസിന്റെ ജന്മദിനമായ ജൂലൈ ഏഴിന് സമാപിക്കുന്ന രീതിയിലാണ് വിപുലമായ പരിപാടികളോടെ ഈ വർഷത്തെ വായനപക്ഷാചരണം സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാഭരണകേന്ദ്രം, ജില്ലാ ലൈബ്രറി കൗൺസിൽ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ, വിദ്യാഭ്യാസ വകുപ്പ്, നാഷണൽ സർവീസ് സ്‌കീം, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, ജില്ലാ സാക്ഷരതാമിഷൻ, മറ്റ് വിവിധ വകുപ്പുകളും സംഘടനകളും സംയുക്തമായാണ് വായനപക്ഷാചരണം സംഘടിപ്പിക്കുന്നത്. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും കോളജുകളിലും ഗ്രന്ഥശാലകളിലും വായനദിനത്തിൽ പരിപാടികൾ നടക്കും. വായനയെ പരിപോഷിപ്പിക്കുന്നതിനായി വിവിധ പ്രചാരണങ്ങൾ, മത്സരങ്ങൾ, സെമിനാറുകൾ, ഗ്രന്ഥശാലകളിൽ പുതിയ അംഗത്വ കാമ്പയിൻ, പുസ്തകങ്ങളുടെ പ്രദർശനം, ആസ്വാദന കുറിപ്പ് തയാറാക്കൽ, പാഠ്യപ്രവർത്തനങ്ങൾ തുടങ്ങിയവ വായനപക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.


