പത്തനംതിട്ട: കലഞ്ഞൂർ പാടത്ത് യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തിയത് ഫോണിൽ കണ്ട വാട്സാപ്പ് മെസേജിനെ ചൊല്ലിയുള്ള സംശയം. കോന്നി കലഞ്ഞൂർ പാടം പടയണിപ്പാറ എരുത്വാപ്പുഴ ബൈജു വിലാസത്തിൽ വൈഷ്ണവിയേയും (28) സുഹൃത്ത് പാടം വിഷ്ണു ഭവനിൽ വിഷ്ണുവിനെയുമാണ് (30) വൈഷ്ണവിയുടെ ഭർത്താവ് ബൈജു വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യ മാറിക്കിക്കുന്നത് കണ്ട് അന്വേഷിച്ചെത്തിയ ബൈജു വൈഷ്ണവിയുടെ കൈവശം മറ്റൊരു മൊബൈൽഫോൺ കണ്ടെത്തി. ഇത് പരിശോധിച്ചപ്പോൾ വാട്സാപ്പിൽ നിന്ന് അയൽക്കാരനായ വിഷ്ണുവുമായി ചാറ്റ് ചെയ്യുകയാണെന്ന് മനസിലാക്കി. ഇതിൽ കണ്ട ചുംബന ഇമോജിയാണ് ബൈജുവിനെ സംശയാലുവാക്കിയത്. ബൈജു അറിയാതെ വൈഷ്ണവി കുടുംബശ്രീയില് നിന്നും ലോണെടുത്ത് വിഷ്ണുവിന് പണം നല്കിയത് അറിഞ്ഞതോടെയാണ് സംശയം ഉണ്ടായതും മൊബൈൽ പരിശോധിച്ചതും.
നിനക്ക് അവനുമായി എന്താണ് ബന്ധമെന്ന് ചോദിച്ചപ്പോൾ വൈഷ്ണവി ഇറങ്ങിയോടുകയും വിഷ്ണുവിന്റെ വീട്ടിൽ അഭയം തേടുകയുമായിരുന്നു. കൈയിൽ വാക്കത്തിയുമായി എത്തിയ ബൈജു വൈഷ്ണവിയെ പുറത്തേക്ക് വിളിച്ചെങ്കിലും ഇറങ്ങി ചെന്നില്ല. തുടർന്ന് വലിച്ചിറക്കി മുറ്റത്തിട്ട് വെട്ടുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെ വിഷ്ണുവിനെയും വെട്ടി. ഗുരുതരപരുക്കേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. തുടർന്ന് കുളിച്ച് വസ്ത്രം മാറിയ ബൈജു സുഹൃത്തിനെ വിളിച്ച് താൻ ഭാര്യയെയും സുഹൃത്തിനെയും വെട്ടി എന്ന വിവരം അറിയിച്ചു. കൂടൽ പോലീസ് എത്തിയപ്പോൾ അനുസരണയോടെ പോലീസിനൊപ്പം പോവുകയായിരുന്നു.
നായർ സമുദായത്തിൽപ്പെട്ട വൈഷ്ണവിയെ ഈഴവ സമുദായക്കാരനായ ബൈജു പ്രണയിച്ച് വിവാഹം കഴിച്ചതാണ്. ഇവർക്ക് 10, അഞ്ച് വയസ് വീതമുള്ള രണ്ട് കുട്ടികളുണ്ട്. വിഷ്ണു കുറിഞ്ഞി സ്വദേശിയാണ്. അവിവാഹിതനായ ഇയാൾ മാതാവിനൊപ്പമാണ് കഴിഞ്ഞിരുന്നത്. വിഷ്ണുവും ബൈജുവും ആശാരിപ്പണിക്കാരാണ്. ഇരുവരും ഒന്നിച്ച് പണിക്ക് പോകുന്നവർ ആയിരുന്നു. ബൈജു നിലവിൽ കൂടൽ സ്റ്റേഷനിൽ കസ്റ്റഡിയിലാണുള്ളത്.


