പോക്‌സോ കേസിലെ അതിജീവതയുടെ പരാതിയിൽ പ്രതിക്കെതിരേ കേസ് എടുക്കാൻ വൈകിയതിനു തിരുവല്ല പോലീസ് ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല – പോലീസ് ഇൻസ്‌പെക്ടർ എസ്. സന്തോഷാണ് സസ്‌പെൻഷനിലായത്. പോക്‌സോ കേസ് അതിജീവിതയെ പ്രതി ഭീഷണിപ്പെടുത്തിയിട്ടും കേസ് എടുക്കാൻ വൈകിയെന്ന പരാതിയിലാണ് ഐ.ജി ശ്യാംസുന്ദർ ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തത്. പത്തനംതിട്ട എസ്.പി ആർ. ആനന്ദ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ. കവിയൂർ സ്വദേശിയായ പോക്‌സോ കേസ് പ്രതിയാണ് ജയിലിൽ നിന്ന് വന്ന ശേഷം അതിജീവതയെ ഭീഷണിപ്പെടുത്തിയത്. ഇതു സംബന്ധിച്ച പരാതി കിട്ടിയിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയെന്ന് അതിജീവത പരാതിപ്പെട്ടിരുന്നു. ഇയാൾ കൊലക്കേസിൽ അടക്കം പ്രതിയായിട്ടും റൗഡി ഹിസ്റ്ററി ഷീറ്റ് എടുക്കുകയോ കാപ്പ ചുമത്താൻ നടപടി സ്വീകരിക്കുകയോ ഇൻസ്‌പെക്ടർ ചെയ്തില്ലെന്ന് പറയുന്നു.

കേസ് എടുക്കുന്നതിൽ വീഴ്ച വരുത്തിയ ഇൻസ്‌പെക്ടർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.പി അന്വേഷണ റിപ്പോർട്ട് ഐജിക്ക് സമർപ്പിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇൻസ്‌പെക്ടർ സന്തോഷിനെ കഴിഞ്ഞ ദിവസം ചിറ്റാറിലേക്ക് സ്ഥലം മാറ്റിയിരുന്നു. കഴിഞ്ഞ മാസം മുൻ പത്തനംതിട്ട എസ്.പി വി.ജി. വിനോദ്കുമാറിന്റെ സ്വകാര്യ വാഹനം അപകടത്തിൽപ്പെട്ടപ്പോൾ ഇതേ വാഹനത്തിന്റെ ഡ്രൈവറുടെ മൊഴി വാങ്ങി തിരുവല്ല പോലീസ് സ്‌റ്റേഷനിൽ മോട്ടോർ ഒക്കറൻസിന് കേസ് എടുത്തത് വിവാദമായിരുന്നു. തുടർന്ന് പത്തനംതിട്ട എസ്.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ്.പി വി.ജി. വിനോദ്കുമാർ, ഡിവൈ.എസ്.പി എസ്. നന്ദകുമാർ, എസ്.എച്ച്.ഓ എസ്. സന്തോഷ് എന്നിവർക്കെതിരേ റേഞ്ച് ഡി.ഐ.ജി നടപടിക്ക് ശിപാർശ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *