പത്തനംതിട്ട – ഇരുട്ടായാൽ ജനമൊഴിയുന്ന നഗരമെന്ന പ്രതീതി മാറ്റിക്കൊണ്ട്, പുത്തൻ ആവേശം തീർത്ത് മിഡ്‌നൈറ്റ് മാരത്തൺ ഇന്നലെ നടന്നു.. രാത്രിയായാൽ വിജനമായ നഗരം എന്ന പത്തനംതിട്ടക്കുള്ള പേര് മാറ്റാനുറപ്പിച്ചാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മാരത്തൺ സംഘടിപ്പിച്ചത്. പങ്കെടുക്കാൻ എത്തിയവരാൽ ഇന്നലെ ടൗൺ സ്‌ക്വയർ നിറഞ്ഞു. ഓപ്പൺ സ്റ്റേജിലെ സൂംബ ഡാൻസിന്റെ താളം മാറത്തോണിൽ പങ്കെടുക്കാനെത്തിയവർ ഏറ്റെടുത്തു. സൂമ്പാ ദ്രുതതാളം മുറുകിയപ്പോൾ ആവേശം തുളുമ്പി. രാത്രി പത്തരയോടെ കലക്ടർ എസ്. പ്രേംകൃഷ്ണൻ മാരത്തൺ ഫ്ലാഗ്ഓഫ് ചെയ്തു. ടൗൺ സ്ക്വയറിൽ നിന്ന് ആരംഭിച്ച് സെന്റ് പീറ്റേഴ്സ് ജംഗ്‌ഷൻ, വെട്ടിപ്രം വഴി തിരികെ ടൗൺ സ്ക്വയറിൽ എത്തിച്ചേരുന്ന രീതിയിലായിരുന്നു മാരത്തൺ സംഘടിപ്പിച്ചത്. വിജയികൾക്ക് മെഡലും കാഷ് അവാർഡും വിതരണം ചെയ്തു. ജില്ലാ കളക്ടർ അടക്കം നിരവധി പ്രമുഖർ മാരത്തണിൽ പങ്കുചേർന്നു.



