യുകെ വെയിൽസ് നാഷണൽ അസംബ്ലിയിൽ നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സേവനങ്ങളെ പ്രകീർത്തിച്ച് ആരോഗ്യ, സാമൂഹിക ക്ഷേമ വകുപ്പ് കാബിനറ്റ് സെക്രട്ടറി ജെറമി മൈൽസ്. കഴിഞ്ഞ വർഷം നോർക്ക റൂട്ട്സുമായി ഒപ്പിട്ട കരാർ പ്രകാരം പ്രതിവർഷം 250 നഴ്സിംങ് പ്രൊഫഷണലുകളെ റിക്രൂട്ട്ചെയ്യുന്നതിനായിരുന്നു തീരുമാനം. എന്നാൽ കേരളത്തിൽ നിന്നുളള മികച്ച ഉദ്യോഗാർത്ഥികളുടെ ലഭ്യതയും നോർക്ക റൂട്ട്സിന്റെ റിക്രൂട്ട്മെന്റ് മികവും 300 ലധികം നഴ്സുമാരെ റിക്രൂട്ട്ചെയ്യുന്നതിന് സഹായകരമായി. കൂടാതെ, എമർജൻസി, ഗ്യാസ്ട്രോഎൻട്രാളജി, ഓങ്കോളജി, റേഡിയോളജി, ഹെമറ്റോളജി സ്പെഷ്യാലിറ്റികളിൽ ഡോക്ടർമാരെയും റിക്രൂട്ട്ചെയ്യാനായി. മെന്റൽ ഹെൽത്ത് സ്പെഷ്യാലിറ്റി ഡോക്ടർമാർക്കായുളള പ്രത്യേക റിക്രൂട്ട്മെന്റും ഹൈദ്രാബാദിൽ സംഘടിപ്പിക്കാനായെന്നും ജെറമി മൈൽസ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
മെന്റൽ ഹെൽത്ത് സ്പെഷ്യാലിറ്റിയിലെ പ്രൊഫഷണലുകളെ കണ്ടെത്തുന്നതിന് വെല്ലുവിളി നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഈ വർഷം പൈലറ്റ് പ്രോജക്റ്റായി മെന്റൽ ഹെൽത്ത് സൈക്യാട്രി നഴ്സുമാരുടെ പ്രത്യേക റിക്രൂട്ട്മെന്റും പരിശീലനവും പരിഗണനയിലാണ്. ഇതോടൊപ്പം മെഡിക്കൽ പഠനശേഷം ഡോക്ടർമാർക്കും, ഡെന്റിസ്റ്റുമാർക്കും ഉന്നതപഠനത്തിനും ജോലിക്കും അവസരമൊരുക്കുന്ന (ജി.എം.സി സ്പെഷ്യലിസ്റ്റ് രജിസ്ട്രി) കൺസൾട്ടന്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമും പരിഗണിക്കുന്നുണ്ടെന്നും ജെറമി മൈൽസ് അസംബ്ലിയിൽ പറഞ്ഞു. വെയിൽസിലേയ്ക്ക് ആരോഗ്യപ്രവർത്തകരെ റിക്രൂട്ട്ചെയ്യുന്നതിനുളള കരാർ ബഹു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ വെയിൽസ് ഫസ്റ്റ് മിനിസ്റ്റർ എലുനെഡ് മോർഗനും നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശ്ശേരിയും 2024 മാർച്ച് ഒന്നിനാണ് തിരുവനന്തപുരത്ത് ഒപ്പിട്ടത്.


