ബാറിലെ സംഘട്ടനവും തുടർന്നുള്ള വെട്ടുംകുത്തും: മൂന്നു മാസമായി ഒളിവിലായിരുന്ന രണ്ട് കാപ്പ കേസ് പ്രതികൾ അറസ്റ്റിൽ

Crime
Print Friendly, PDF & Email

തിരുവല്ല: നഗരത്തിലെ ബാറിൽ വച്ചുണ്ടായ തർക്കവും അതിനെ തുടർന്ന് ഗുണ്ടാ സംഘങ്ങൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിനിടെ യുവാക്കളെ വെട്ടി പരുക്കേൽപ്പിച്ച കേസിൽ ഒളിവിൽ ആയിരുന്ന മുൻ കാപ്പാ പ്രതികളായ രണ്ടുപേർ പോലീസിന്റെ പിടിയിലായി. കേസിലെ ഒന്നാം പ്രതിയായ കുറ്റപ്പുഴ ആറ്റുമാലിൽ വീട്ടിൽ സുജു കുമാർ (29), ഇയാളെ ഒളിവിൽ താമസിക്കുവാൻ സഹായിച്ച കാട്ടൂക്കര കൊച്ചുപുരയിൽ വീട്ടിൽ നിഖിൽ പ്രസാദ് ( 29 ) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വർഷം ഡിസംബർ 22 ന് രാത്രി 10 മണിയോടെ മഞ്ഞാടി ജങ്ഷന് സമീപം ആയിരുന്നു സംഭവം.

മഞ്ഞാടി ഭാഗത്തേക്ക് വരുകയായിരുന്ന ഗോകുൽ, അഖിലേഷ് എന്നിവരെ കാർ തടഞ്ഞുനിർത്തി വെട്ടിയും കുത്തിയും പരുക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. കാർ തടഞ്ഞ സുജു കുമാറും സംഘവും അഖിലേഷിനെ കുത്തി പരുക്കേൽപ്പിച്ചു. ഇത് തടയാൻ ശ്രമിച്ച ഗോകുലിന്റെ തലയ്ക്ക് വടിവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. കേസിൽ മൂന്നു പ്രതികൾ പിടിയിലായിരുന്നു. സംഭവശേഷം ഒളിവിൽ പോയ സുജു കുമാറിനെ ചേരാനല്ലൂരെ ഒളിയിടത്തിൽ നിന്നും പ്രത്യേക അന്വേഷണ സംഘം പുലർച്ചയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. സുജുവിന് ഒളിത്താവളം ഒരുക്കി നൽകിയ കേസിലാണ് നിഖിൽ പ്രസാദിന്റെ അറസ്റ്റ്. തിരുവല്ലയിൽ അടക്കം വിവിധ പോലീസ് സ്റ്റേഷനുകളിൽ ആയി സുജുവിനും നിഖിലിനും എതിരെ ഒട്ടനവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് ഡിവൈ.എസ്.പി എസ്. അഷാദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *