അടിമുടി സസ്പെൻസ് നിറഞ്ഞ ത്രസിപ്പിക്കുന്ന സെമിപോരാട്ടത്തിൽ കേരളം രഞ്ജി ട്രോഫി ഫൈനലിരികെ. സമ്മർദത്തിന്റെ പരകോടി അതിജീവിച്ചാണ് സെമിയിൽ ഗുജറാത്തിനെതിരെ ഫൈനൽ സാധ്യത തുറക്കുന്ന രണ്ട് റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് കേരളം പിടിച്ചത്. ഏറക്കുറേ സാധ്യതകൾ അസ്തമിച്ചെന്ന് കരുതിയിടത്ത് നിന്ന് പൊരുതിക്കയറി ലീഡ് പിടിച്ചെടുക്കുകയായിരുന്നു. ഏഴിന് 429 റണ്‍സുമായി അവസാന ദിനം ഇറങ്ങിയ ഗുജറാത്തിനെതിരെ 28 റണ്‍സിനിടെ മൂന്നു വിക്കറ്റെടുക്കണമെന്ന വലിയ വെല്ലുവിളിയായിരുന്നു കേരളത്തിനുണ്ടായിരുന്നത്. കേരളം 455 റണ്‍സിന് ഗുജറാത്തിനെ എറിഞ്ഞിട്ടു. സെമിയിലേക്ക് വഴിതുറന്നത് ഒരു റണ്‍ ലീഡാണെങ്കില്‍ ഫൈനലിലേക്ക് വഴിതുറക്കുക രണ്ട് റണ്‍ ലീഡായിരിക്കും.
അഞ്ചാം ദിനം നിര്‍ഭാഗ്യം രണ്ട് ക്യാച്ചിന്റെ രൂപത്തില്‍ വന്നിട്ടും അവസാനം സല്മാന് നിസാറിന്റെ ഹെല്‍മറ്റിന്റെ രൂപത്തില്‍ കേരളത്തിന് അവസാന വിക്കറ്റും ഫൈനല്‍ ബര്‍ത്തും സമ്മാനിക്കുന്നതിലേക്ക് എത്തിയ അടിമുടി നാടകീയത നിറഞ്ഞ മത്സരം. വലിയ അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ കളി സമനിലയിലാകുകയും കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ഫൈനല്‍ കളിക്കുകയും ചെയ്യും. ഇരുടീമുകള്‍ക്കും രണ്ടാം ഇന്നിങ്സ് ശേഷിക്കുന്നതിനാല്‍ ഒന്നാം ഇന്നിങ്സ് ലീഡിന്റെ ബലത്തില്‍ കേരളം ഫൈനലിലെത്താനാണ് എല്ലാ സാധ്യതയും.


