കവിയൂരിൽ പരസ്യമായി തമ്മിൽത്തല്ലിയ അഞ്ച് ക്രിമിനലുകൾ പിടിയിൽ

Crime
Print Friendly, PDF & Email

തിരുവല്ല: പൊതുസ്ഥലത്ത് കഠാരയും വടിവാളും വീശി തമ്മിലടിച്ച ഗുണ്ടാ സംഘങ്ങൾ പോലീസ് പിടിയിൽ. ഇവരുടെ പക്കൽ നിന്ന് മാരകായുധങ്ങൾ പിടിച്ചെടുത്തു. കാപ്പ കേസ് പ്രതി അടങ്ങുന്ന സംഘമാണ് പരസ്പരം ഏറ്റുമുട്ടിയത്. അഞ്ചു പേരാണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച രാത്രി ഏഴരയോടെ കവിയൂർ പുന്നിലം ജങ്ഷന് സമീപം ആയിരുന്നു സംഭവം. ആഞ്ഞിലിത്താനം വെള്ളാപ്പള്ളിയിൽ വീട്ടിൽ അനീഷ് കെ. എബ്രഹാം (29), നെല്ലിക്കുന്നിൽ വീട്ടിൽ അജയകുമാർ (28), ആഞ്ഞിലിത്താനം മുല്ലപ്പള്ളിയിൽ വീട്ടിൽ അനിൽകുമാർ (26), പള്ളിക്കച്ചിറ അമ്പാട്ട് വീട്ടിൽ സുമിത്ത് (28), കവിയൂർ തൂമ്പുങ്കൽ കോളനിയിൽ വിഷ്ണു നിവാസിൽ ജിഷ്ണു (28) എന്നിവരാണ് പിടിയിലായത്. വിവിധ വാഹനങ്ങളിലായി എത്തിയ സംഘാംഗങ്ങൾ വാക്കേറ്റത്തിനൊടുവിൽ തമ്മിലടിക്കുകയായിരുന്നു. സംഭവത്തിൽ ഇടപെട്ട നാട്ടുകാർക്ക് നേരെ സംഘം വടിവാൾ വീശി.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പെട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം ഉടൻതന്നെ സ്ഥലത്തെത്തി സംഘാഗങ്ങളെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. പിടിയിലായ അനീഷ് കെ. എബ്രഹാം മൂന്നുമാസം മുമ്പാണ് കാപ്പ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ഇയാൾക്കെതിരെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി പതിനഞ്ചോളം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. മറ്റ് നാല് പ്രതികൾ കഞ്ചാവ് വിൽപ്പനയും അടിപിടിയും അടക്കമുള്ള കേസുകളിൽ പ്രതികളാണെന്ന് സി.ഐ ബി.കെ സുനിൽ കൃഷ്ണൻ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *