ഉത്സവത്തിന് ആനയെഴുന്നള്ളിപ്പ് : മാർഗനിർദേശം പുറപ്പെടുവിച്ചു

Kerala Malappuram
Print Friendly, PDF & Email

മലപ്പുറം – ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകൾ ഇടയുന്നതു മൂലമുള്ള അപകടങ്ങൾ കുറയ്ക്കാനായി നാട്ടാന പരിപാലന ചട്ടം – ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. മലപ്പുറം കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ വി.ആർ വിനോദ് അധ്യക്ഷത വഹിച്ചു.

ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകളും ജനങ്ങളും തമ്മിൽ സുരക്ഷിത അകലമുണ്ടായിരിക്കണമെന്ന് കമ്മിറ്റി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ കേരള ഹൈക്കോടതി നിർദ്ദേശ പ്രകാരം സംസ്ഥാന സർക്കാർ അന്തിമ തീരുമാനം കൈക്കൊള്ളുന്നത് വരെ ജില്ലയിലെ ഉത്സവങ്ങളിൽ എഴുന്നള്ളിക്കുന്ന ആനകളും ജനങ്ങളും തമ്മിലുള്ള അകലം സംബന്ധിച്ച് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ താത്ക്കാലിക തീരുമാനം നടപ്പാക്കും. എഴുന്നള്ളിക്കുന്ന ആനകളുടെ മുന്നിലും പിന്നിലും അഞ്ചു മീറ്ററിലധികം അകലം ഉണ്ടാകണം. പിന്നിൽ ചുമരോ മറ്റോ ഇല്ലാത്ത പക്ഷമാണ് ഈ അകലം വേണ്ടത്. അകലം ക്രമീകരിക്കാൻ ബാരിക്കേഡുകൾ, വടം എന്നിങ്ങനെയുള്ള സംവിധാനങ്ങൾ ഉത്സവക്കമ്മിറ്റി ഒരുക്കണം. ഈ സ്ഥലത്ത് ആനകളും പാപ്പാന്മാരും കാവടികളും മാത്രമേ ഉണ്ടാവാൻ പാടുള്ളൂ. അപകടകാരിയായ ആനയുടെ സമീപത്തു നിന്നും ജനങ്ങളെ കാലതാമസം കൂടാതെ മാറ്റണം.

ജില്ലാ തല മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതിക്ക് വിധേയമായി മാത്രമേ ആന എഴുന്നള്ളിപ്പുകൾ നടത്താൻ പാടുള്ളൂ. ജില്ലാതല കമ്മിറ്റിയിൽ രജിസ്റ്റർ ചെയ്യാത്ത ആരാധനാലയങ്ങൾക്ക് ആനയെഴുന്നള്ളിപ്പിനുള്ള അനുമതിയുണ്ടായിരിക്കില്ല. ഉത്സവം നടത്താനുദ്ദേശിക്കുന്ന തീയതിക്ക് ഒരു മാസം മുമ്പായി ജില്ലാതല മോണിറ്ററിങ് കമ്മിറ്റിക്ക് അപേക്ഷ നൽകണം.

ഉത്സവക്കമ്മിറ്റികൾക്ക് നാട്ടാന പരിപാലന ചട്ടം-2012 സംബന്ധിച്ച പരിശീലന പരിപാടി സോഷ്യൽ ഫോറസ്ട്രി ഓഫീസ് സംഘടിപ്പിക്കും. തുടർച്ചയായ രണ്ട് പ്രാവശ്യം നാട്ടാന പരിപാലന ചട്ടങ്ങൾക്ക് വിരുദ്ധമായ നടപടികളിൽ ആന ഇടഞ്ഞ് പ്രശ്നമുണ്ടായാലും അനുവദിച്ചതിൽ കൂടുതൽ ആനകളെ എഴുന്നള്ളിച്ചാലും ആ പ്രദേശത്തെ ആനയെഴുന്നള്ളിപ്പിന് വിലക്കേർപ്പെടുത്തും. ഉത്സവ സ്ഥലത്ത് ആനകൾക്കും പാപ്പാന്മാർക്കും ആവശ്യമായ കുടിവെള്ളം ഒരുക്കാനും ആനകളുടെ ശരീരം തണുപ്പിക്കുന്നതിനായുള്ള സൗകര്യങ്ങൾ ഒരുക്കാനും ഉത്സവ കമ്മിറ്റികൾക്ക് മോണിറ്ററിംഗ് കമ്മിറ്റി കർശന നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *