സുഗതസ്മൃതികൾ പേറുന്ന ആറന്മുളയിലൂടെ പൈതൃക നടത്തം

Kerala Pathanamthitta
Print Friendly, PDF & Email

കോഴഞ്ചേരി : ആറന്മുളയുടെ ചരിത്ര പുരുഷന്മാരെയും സാംസ്‌കാരിക പൈതൃകത്തെയും തൊട്ടറിഞ്ഞു ആറന്മുള പൈതൃക ഗ്രാമ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പൈതൃക നടത്തം സംഘടിപ്പിച്ചു. മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ സമാപന പരിപാടികളുടെ ഭാഗമായിട്ടാണ് പൈതൃക നടത്തം സംഘടിപ്പിച്ചത്. അഷ്ടാംഗ വൈദ്യനും ജ്യോതിഷ പണ്ഡിതനും ധന്വന്തരി മഠത്തിന്റെ സ്ഥാപകനുമായ മാലക്കര ആലപ്പുറത്ത് കൊച്ചു രാമൻ പിള്ള വൈദ്യന്റെ ഭവനത്തിൽ നിന്ന് ആരംഭിച്ച പൈതൃക നടത്തം, സാംസ്‌കാരിക പഠന ഗവേഷകനായ ഡോക്ടർ എം.ജി.ശശിഭൂഷൻ ഉദ്ഘാടനം ചെയ്തു. മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ചലച്ചിത്ര താരം കൃഷ്ണപ്രസാദ്, ജൈവ കർഷകനായ അജയകുമാർ വല്യൂഴത്തിൽ, പരിസ്ഥിതി പ്രവർത്തകൻ ഡോക്ടർ മാത്യു കോശി, ഗോപകുമാർ പുല്ലാട് , ഉണ്ണികൃഷ്ണൻ കല്ലിശ്ശേരി, ശരത് പുന്നം തോട്ടം തുടങ്ങിയവർ സംസാരിച്ചു.

പള്ളിയോടങ്ങളുടെ ശില്പി ചങ്ങങ്കരി വേണു ആചാരിയെ, മാലക്കര പള്ളിയോടപ്പുരയിലെത്തി ആദരിച്ചു. ശ്രീരാമ കൃഷ്ണ മിഷന്റെ കേരളത്തിലെ സ്ഥാപക ആചാര്യനായ വിശദാനന്ദ സ്വാമിയുടെ ഭവനം സന്ദർശിച്ചു . വിദ്യാഭ്യാസ വിചക്ഷണൻ ഡോ.കെ.എം.ജോർജ്, കേരളത്തിലെ ആദ്യത്തെ മലയാള ശാസ്ത്ര ലേഖകനും ഗ്രന്ഥരചയിതാവുമായ ഡോ.കെ.ഭാസ്‌കരൻ നായർ എന്നിവരെ അനുസ്മരിച്ചു.

ആറന്മുള വിളക്കുമാടം കൊട്ടാരത്തിൽ എത്തി. ആറന്മുള എന്ന സ്ഥലപേരിന് തന്നെ ആധാരമായി മാറിയത് ഈ കൽവിളക്കിലെ തിരിനാളമാണ്. ആറുമുള കൊണ്ട് കെട്ടിയ ചങ്ങാടത്തിൽ എത്തിയ ബാല രൂപത്തിലുള്ള കൃഷ്ണൻ ഈ വെളിച്ചം കണ്ടാണ് കരയിലേക്കെത്തി വിശ്രമിച്ചതും തിരുവാറന്മുള പാർത്ഥസാരഥി ക്ഷേത്ര സങ്കല്പത്തിന് കാരണമായതുമെന്നാണ് സങ്കല്പം. തുടർന്ന് കവിയും, ഗായകനുമായിരുന്ന സാധു കൊച്ചു കുഞ്ഞു ഉപദേശി, മഹാകവി ഇടയാറൻമുള കെ.വി.സൈമൺ, ആറന്മുള പൊന്നമ്മയുടെ തറവാട് വീടായ മാലേത്ത് ഭവനവും സന്ദർശിച്ച സംഘം വിജയാനന്ദ സ്വാമിയെ അനുസ്മരിച്ചു.

വീരമൃത്യു വരിച്ച വീരജവാന്മാരുടെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. സാമൂഹ്യ പരിഷ്‌കർത്താവായ കുറുമ്പൻ ദൈവത്താനെയും അനുസ്മരിച്ചു. തിരുവോണത്തോണി സന്ദർശിച്ച സംഘം പുത്തരിയാലിൻ ചുവട്ടിലൂടെ നടന്ന് ആറന്മുള കണ്ണാടി നിർമ്മാണശാലയും ആറന്മുള കൊട്ടാരവും സന്ദർശിച്ച് പൈതൃക നടത്തം സുഗതകുമാരിയുടെ തറവാടായ വാഴവേലിൽ തിരുമുറ്റത്ത് സമാപിച്ചു.

 

സമാപന സമ്മേളനം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. തപസ്യ ജില്ലാ അദ്ധ്യക്ഷൻ ഡോ. എം.എ. കബീർ അധ്യക്ഷനായി. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ്, ബിജെപി ദേശീയ സമിതിയംഗം വിക്ടർ ടി. തോമസ്, മുൻ എംഎൽഎ മാലേത്ത് സരളാദേവി, അഡ്വ. എം.എൻ. ബാലകൃഷ്ണൻ നായർ, പി.ആർ. ഷാജി, ജോസ് കോലത്ത്, ബിജു മാത്യു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *