ശബരിമല: വ്രതമെടുത്ത് പുണ്യം തീർത്ത മനസുമായി മലചവുട്ടി മകരവിളക്ക് ദർശിക്കാനെത്തിയിരിക്കുകയാണ് അയ്യപ്പന്മാർ. കിഴക്ക് ചക്രവാളത്തിൽ ഉദിച്ചുയരുന്ന മകര നക്ഷത്ര ജ്യോതി പ്രഭയിൽ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിയെ കാണാനുള്ള കാത്തിരിപ്പാണ്. സന്നിധാനത്തും പാണ്ടിത്താവളത്തും പരിസര പ്രദേശങ്ങളിലുമായി ഭക്തലക്ഷങ്ങളാണ് ഇപ്പോൾ തമ്പടിച്ചിരിക്കുന്നത്. സൂര്യൻ ധനുരാശിയിൽ നിന്ന് മകരം രാശിയിലേക്ക് പ്രവേശിക്കുന്ന ഇന്ന് രാവിലെ 8.55 ന് മകരസംക്രമ പൂജയും, സംക്രമാഭിഷേകവും നടന്നു. തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ നിന്നും പ്രത്യേക ദൂതൻ വശംകൊണ്ടു വന്ന അയ്യപ്പമുദ്രയിലെ നെയ്യാണ് പൂജ മദ്ധ്യേ ഭഗവാന് അഭിഷേകം ചെയ്തത്.
പന്തളം വലിയ കോയിക്കൽ ശാസ്താ ക്ഷേത്രത്തിൽ നിന്നും കൊണ്ടുവരുന്ന തിരുവാഭരണവും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ഇന്ന് വൈകിട്ട് അഞ്ചിന് ശരംകുത്തിയിൽ എത്തും. ഇവിടെ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു, എ.ഓ. ബിജു വി. നാഥ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ച് സന്നിധാനത്തേക്കാനയിക്കും. പതിനെട്ടാംപടിക്ക് മുകളിൽ കൊടിമരച്ചുവട്ടിൽ മന്ത്രി വി.എൻ.വാസവൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ര സിഡന്റ് പി.എസ്. പ്രശാന്ത് അംഗങ്ങളായ അജികുമാർ, സുന്ദരേശൻ, സ്‌പെഷൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ, ദേവസ്വം കമ്മിഷണർ സി.വി.പ്രകാശ് എന്നിവർ ചേർന്ന് സ്വീകരിച്ച് സോപാനത്തേക്ക് ആനയിക്കും. തത്വമസിയുടെ പൂമുഖം കടന്ന് എത്തുന്ന തിരുവാഭരണം തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി അരുൺകുമാർ നമ്പൂ തിരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി ശ്രീലകത്ത് എത്തിച്ച് തിരുവാഭരണം ചാർത്തി ദീപാരാധ നടത്തും. ഈ സമയം കിഴക്ക് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. ആകാശ നീലിമയിൽ ഉത്രം നക്ഷത്രവും മിഴി തുറക്കും. തീർത്ഥാടകർക്ക് നാളെ മുതൽ 17 വരെ തിരുവാഭരണം ചാർത്തിയ ഭഗവാനെ ദർശിക്കാൻ കഴിയും. തിരു വാഭരണ ഘോഷയാത്ര കടത്തിവിടുന്നതിനായി ഇന്ന് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 5.30 വരെ പമ്പയിൽ നിന്നും തീർത്ഥാടകരെ സന്നിധാനത്തേക്ക് വിടില്ല.


