പത്തനംതിട്ട: മണ്ഡലം പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി ജില്ലാ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി നടന്ന സമവായ ചർച്ചയിലും അടി. ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റിനെ സുരേന്ദ്രൻ പക്ഷത്തെ നേതാക്കൾ മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതി. നാഭിക്ക് മർദനമേറ്റ കൈപ്പട്ടൂർ കൊറ്റോടിയിൽ ബിനോയ് കെ. മാത്യു സംസ്ഥാന കോർ കമ്മിറ്റിയംഗങ്ങളായ കെ. സുരേന്ദ്രൻ, വി.മുരളീധരൻ, പി.കെ.കൃഷ്ണദാസ്, എം.ടി. രമേശ്, എ.എൻ.രാധാകൃഷ്ണൻ എന്നിവർക്ക് പരാതി നൽകി. യുവമോർച്ച ജില്ലാ പ്രസിഡന്റ് നിതിൻ കെ. ശിവ മർദിച്ചുവെന്നും നിലവിലെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് വധഭീഷണി മുഴക്കിയെന്നും ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ തന്നെ മർദിക്കാൻ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്.
ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സമവായ ചർച്ച രാവിലെ ജില്ലാ കമ്മറ്റി ഓഫീസിലാണ് നടന്നത്. നിരീക്ഷകരായി വി.ടി. രമ, കരമന ജയൻ, ടി.പി. സിന്ധുമോൾ എന്നിവരാണ് എത്തിയത്. സമവായ ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായം പറഞ്ഞതിന് ശേഷം ഇവർ ഇരിക്കുന്ന മുറിയിൽ താൻ എത്തിയെന്ന് ബിനോയി പറയുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് പേര് നിർദേശിക്കുന്നതിനായി സീൽ ചെയ്ത പേപ്പർ നൽകുകയും തൊട്ടടുത്തുള്ള മുറിയിൽ കയറി എഴുതിയതിനു ശേഷം തിരികെ വന്നു പെട്ടിയിൽ നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അപ്പോൾ യുവമോർച്ച ജില്ലാ പ്രസിഡന്റ് നിധിൻ ശിവ പേര് രേഖപ്പെടുത്തിയതിന്റെ ഫോട്ടോ മൊബൈലിൽ എടുത്ത് വാട്സാപ്പിൽ നൽകണമെന്ന് ആവശ്യപ്പെട്ടുവെന്ന് ബിനോയി പരാതിയിൽ സൂചിപ്പിച്ചു. ഇങ്ങനെ ഫോട്ടോ എടുത്തു തരണമെന്ന് അവിടെ എത്തിയ പലരോടും പറയുന്നുണ്ടായിരുന്നു. പേര് രേഖപ്പെടുത്തിയ സ്ലിപ്പ് പെട്ടിയിൽ നിക്ഷേപിച്ചു തിരികെ എത്തിയ തന്നോട് നിധിൻ ശിവ ഫോട്ടോ ആവശ്യപ്പെട്ടു. എന്നാൽ തന്റെ മൊബൈൽ ഫോൺ കേടാണ് ഫോട്ടോ എടുത്തില്ല എന്നു പറഞ്ഞു. അപ്പോൾ ഷർട്ടിൽ കുത്തിപ്പിടിച്ച് മുട്ടുകാൽ കൊണ്ട് നാഭിയിൽ തൊഴിച്ചുവെന്നാണ് പരാതി.
ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് നീ വീട്ടിൽ കിടന്ന് ഉറങ്ങില്ലെടാ എന്നു ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. ജില്ലാ ജനറൽസെക്രട്ടറി പ്രദീപ് അയിരൂർ തന്നെ മർദിക്കാൻ കൂടെയുള്ളവരോട് പറഞ്ഞു. ഇവരുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട് ഓടുകയായിരുന്നുവെന്ന് ബിനോയ് പറഞ്ഞു. നിലവിലെ പ്രസിഡന്റ് വി.എ. സൂരജും വൈസ് പ്രസിഡന്റ് വിജയകുമാർ മണിപ്പുഴയുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. റാന്നിയിൽ നിന്നുള്ള പി.വി. അനോജ്കുമാറും മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, വിജയകുമാറുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം അനോജ് പിന്മാറി. നിലവിൽ സുരേന്ദ്രൻ പക്ഷമാണ് ജില്ലയിൽ പ്രബലമായിട്ടുള്ളത്. കഴിഞ്ഞ മാസം നടന്ന മണ്ഡലം പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പിലും സുരേന്ദ്രൻ പക്ഷം എതിർപക്ഷത്തെ മർദിച്ചുവെന്ന് പരാതി ഉയർന്നിരുന്നു. കോന്നി മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച സെക്രട്ടറി പി.എസ്. അരുണിനെയും ഏനാദിമംഗലം പഞ്ചായത്ത് മൂൻ ബി.ജെ.പി പ്രസിഡന്റുമായ സതീഷ്കുമാറിനെയും കൈയേറ്റം ചെയ്തുവെന്നായിരുന്നു പരാതി. നിലവിൽ സുരേന്ദ്രൻ പക്ഷത്തിന്റെ കൈയിൽ ഭൂരിപക്ഷം സ്ഥാനങ്ങളുമുള്ളതിനാൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്നാണ് എതിർപക്ഷത്തിന്റെ പരാതി.


