സി.ബി.ഐ അന്വേഷിച്ചതിനാൽ പെരിയകേസിൽ നീതി ലഭിച്ചു : കെ.സുരേന്ദ്രൻ

Kerala Kozhikkodu Politics
Print Friendly, PDF & Email

കോഴിക്കോട്: പെരിയ രാഷ്ട്രീയ ഇരട്ടക്കൊലപാതക കേസില്‍ ഇരകളുടെ കുടുംബത്തിന് നീതി ലഭിച്ചത് സി.ബി.ഐ കേസ് അന്വേഷിച്ചത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെ പങ്ക് തെളിയിക്കാന്‍ സി.ബി.ഐക്ക് സാധിച്ചു. സിപിഎമ്മിന്റെ നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമായിരുന്നു പെരിയയിലേത്. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസുകളിലെല്ലാം സിപിഎം പ്രവര്‍ത്തകരായ പ്രതികളെ അവര്‍ രക്ഷിച്ചിട്ടുണ്ട്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് യു.ഡി.എഫ് പ്രവര്‍ത്തകരുടെ കൊലപാതക കേസുകളില്‍ വരെ പ്രതികള്‍ കുടുങ്ങി തുടങ്ങിയത്.

മലബാറിലെ രാഷ്ട്രീയ കൊലപാതക കേസുകള്‍ സി.ബി.ഐ അന്വേഷിച്ചു തുടങ്ങിയതോടെ യഥാര്‍ത്ഥ പ്രതികള്‍ കുടുങ്ങുകയും സിപിഎം കൊലക്കത്തി താഴെയിടാന്‍ നിര്‍ബന്ധിതമാവുകയും ചെയ്തു. മറ്റ് പ്രതികള്‍ക്ക് കൂടി ശിക്ഷ ലഭിക്കേണ്ടതുണ്ട്. കോണ്‍ഗ്രസിന് ഈ കാര്യത്തില്‍ ഒരു ആത്മാര്‍ത്ഥതയും ഇല്ല. നേരത്തെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കേന്ദ്രവും കേരളവും ഭരിച്ച സമയത്ത് കോണ്‍ഗ്രസുകാരും ലീഗുകാരും സംസ്ഥാനത്ത് കൊല്ലപ്പെട്ടിട്ടും പ്രതികളായ സിപിഎമ്മുകാര്‍ ശിക്ഷിക്കപ്പെട്ടിരുന്നില്ല. പരുമല കേസിലും ടിപി ജയകൃഷ്ണന്‍ മാസ്റ്റര്‍ കേസിലും സിബിഐ അന്വേഷണത്തിന് വിടാതിരുന്നത് എകെ ആന്റണിയായിരുന്നു. കോണ്‍ഗ്രസ്- സി പിഎം ഒത്തുകളിയാണ് ഇതിന് കാരണം. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലും കോണ്‍ഗ്രസ് – സിപിഎം അഡ്ജസ്റ്റ്‌മെന്റ് ജനങ്ങള്‍ കണ്ടതാണ്.

പെരിയ കേസ് ഹൈക്കോടതി സി.ബി.ഐക്ക് വിട്ടപ്പോള്‍ അതിനെതിരെ ലക്ഷങ്ങള്‍ പൊടിച്ച് സുപ്രീംകോടതിയില്‍ വരെ അപ്പീലുമായി പോയവരാണ് ഈ സംസ്ഥാന സര്‍ക്കാര്‍. പൊതുഖജനാവിലെ പണം ഉപയോഗിച്ച് സിപിഎം ക്രിമിനലുകളെ കേസില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ചതിന് പിണറായി വിജയന്‍ കേരളീയ പൊതുസമൂഹത്തിന് മുമ്പില്‍ മാപ്പ് പറയണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *