പത്തനംതിട്ട: സിപിഎം ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റർ സ്വന്തം ഫേസ് ബുക്കിൽ ഷെയർ ചെയ്ത ബിജെപി ജില്ലാ ട്രഷറർ പുലിവാല് പിടിച്ചു. അബദ്ധം പറ്റിയതാണെന്ന് വിശദീകരിച്ചുവെങ്കിലും സംഘപരിവാർ-ബിജെപി ഗ്രൂപ്പുകളിൽ വിവാദം കത്തുന്നു. ബിജെപി ജില്ലാ ട്രഷറർ ഗോപാലകൃഷ്ണൻ കർത്തയുടെ ഫേസ്ബുക്കിലാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആർ. പ്രസാദിന്റെ പോസ്റ്റ് ഷെയർ ചെയ്തത്.
ഗോപാലകൃഷ്ണൻ ഓലിക്കൽ എന്ന പേരിലാണ് കർത്ത ഫേസ്ബുക്കിൽ ഉള്ളത്. പി.ആർ. പ്രസാദ് സ്വന്തം പേജിൽ നാളെ വകയാറിൽ ആരംഭിക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റർ ഇട്ടിരുന്നു. ഇതാണ് ഗോപാലകൃഷ്ണൻ കർത്ത ഷെയർ ചെയ്തത്. ബിജെപി-സിപിഎം കൂട്ടുകെട്ട് ശക്തമായ സ്ഥലമാണ് റാന്നി എന്നാണ് ആരോപണം. ഇതിന്റെ ഭാഗമായി പഞ്ചായത്ത് ഭരണം വരെ എൽഡിഎഫ് പിടിച്ചെടുത്തിരുന്നു. മുൻ എംഎൽഎ രാജു ഏബ്രഹാമുമായി സജീവമായ അന്തർധാര റാന്നിയിൽ നിലനിൽക്കുന്നുവെന്നത് ബിജെപിയിൽ പലപ്പോഴും ഉയർന്നിട്ടുള്ള ആരോപണമാണ്. അതിനിടെയാണ് ഗോപാലകൃഷ്ണൻ കർത്തയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നത്.
ബിജെപിയിലെ ഔദ്യോഗിക പക്ഷത്തിന്റെയാളാണ് ഗോപാലകൃഷ്ണൻ കർത്ത. ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് ബിജെപിയിൽ നിന്ന് നിരവധി പേരെ സിപിഎമ്മിലേക്ക് സ്വീകരിക്കുന്നുണ്ട്. ഇന്നും പത്തനംതിട്ട കോ-ഓപ്പറേറ്റീവ് കോളജിൽ യുവമോർച്ചയിൽ നിന്നുള്ള ക്രിമിനൽ കേസ് പ്രതികൾ അടക്കമുളളവരെ ജില്ലാ നേതാക്കൾ മാലയിട്ട് സിപിഎമ്മിലേക്ക് സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ കർത്തയും സിപിഎമ്മിലേക്ക് ചേക്കേറാൻ ശ്രമിക്കുന്നുവെന്നാണ് ബിജെപിയിൽ എതിർപക്ഷത്തിന്റെ ആരോപണം. അബദ്ധം പറ്റിയതാണെന്നുള്ള ഗോപാലകൃഷ്ണൻ കർത്തയുടെ വിശദീകരണമൊന്നും ഇവർ മുഖവിലയ്ക്ക് എടുക്കുന്നുമില്ല. കഴിഞ്ഞയാഴ്ച ബിജെപിയുടെ മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതിന് വേണ്ടി വിളിച്ചു ചേർത്ത യോഗത്തിൽ ജില്ലാ കമ്മറ്റി ഓഫീസിൽ വച്ച് കൈയാങ്കളി നടന്നിരുന്നു. വിഭാഗീയത രൂക്ഷമായ ബിജെപിയിൽ ഗോപാലകൃഷ്ണൻ കർത്തയുടെ കൈയബദ്ധം എരിതീയിൽ എണ്ണയൊഴിച്ചിരിക്കുകയാണ്.


