സന്നിധാനം – കഴിഞ്ഞ ദിവസം എന്റെ പ്രായമായ അമ്മയ്ക്കും, എട്ടുവയസുള്ള മകൾക്കുമൊപ്പം അവരുടെ രണ്ടുപേരുടെയും കന്നി ദർശനത്തിനായി അയ്യപ്പ സന്നിധിയിലേക്ക് വ്രതവും നോറ്റ് കെട്ടും മുറുക്കി യാത്ര പുറപ്പെട്ടു. പമ്പയിൽ വരെ വാഹനം കൊണ്ടുപോകാൻ മാദ്ധ്യമ പ്രവർത്തകനെന്ന പ്രിവിലേജ് ഉപയോഗിച്ചു.. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ കൺട്രോൾ റൂമിൽ വിളിച്ചു കാറിന്റെ നമ്പർ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞതിന് പ്രകാരം പമ്പയിലെ കൺട്രോൾ റൂമിലെത്തി രജിസ്റ്റർ പരിശോധിപ്പോൾ അതിൽ എന്റെ കാറിന്റെ നമ്പറില്ല. ഐഡി കാർഡ് ഒക്കെ ഉണ്ടായിരുന്നത് കൊണ്ട് അവിടെ ഇരുന്ന പയ്യൻ സബ്‌സ്റ്റേഷൻ ഗ്രൗണ്ടിൽ കൊണ്ടിട്ടോളാൻ പറഞ്ഞു . ഏതാണ് സബ്‌സ്റ്റേഷൻ ഗ്രൗണ്ട് ? മുകളിൽ ആണെന്ന് പറഞ്ഞതിനാൽ മുകളിൽ വരെ പോയപ്പോൾ അവിടെ കെഎസ്ആർടിസി ബസ് തിരിക്കുന്ന ഒരു സ്ഥലവും പിന്നെ പോലീസ് ഇരുമ്പു മതിലുകളാൽ പ്രവേശനം നിഷേധിച്ചിരിക്കുന്ന ഭാഗവും . 3 പ്രാവിശ്യം തിരികെ വന്നു റോഡിൽ നിൽക്കുന്ന പോലീസുകാരോട് ചോദിക്കുമ്പോഴും മുകളിൽ ആണെന്ന് പറയുക അല്ലാതെ വ്യക്തമായി ഒന്നും പറയുന്നില്ല . പിന്നെപ്പോയി പോലീവിന്റെ ഇരുമ്പുമറ നീക്കി നോക്കിയപ്പോൾ വിശാലമായ മൈതാനം. അവിടെ കാർ ഇട്ടു.
അതിനുശേഷം ഏതാണ്ട് 12 മണിക്ക് ശേഷം പമ്പയിൽ ശുദ്ധികലശം ഒക്കെ നടത്തി പമ്പ ഗണപതിയമ്പലത്തിനു സമീപം വെർച്ച്വൽ ക്യൂ ചെക്കിംഗും ഒക്കെ കഴിഞ്ഞു മല ചവുട്ടൽ. പ്രായമായ അമ്മയുടെയും, മോളിന്റെയും ഒപ്പം ഏതാണ്ട് മൂന്നുമണിക്കൂറോളം എടുത്തു മരക്കൂട്ടത്ത് എത്തി. അപ്പോൾ തന്നെ മരക്കൂട്ടം വരെ നീളുന്ന നടപ്പന്തലിലെ അയ്യപ്പന്മാരുടെ നീണ്ട ക്യൂവിൽ ഞങ്ങളും ഇടംപിടിച്ചു. നിന്ന് മടുത്തപ്പോൾ മറ്റുള്ള അയ്യപ്പന്മാരെപ്പോലെ ഞങ്ങളും തറയിൽ ഇരുന്നു. മലചവുട്ടിയ ക്ഷീണവും കാത്തുനില്പിന്റെ ക്ഷീണത്തിനും അവസാനം ഏതാണ്ട് നാലരയോടെ നടതുറന്ന മണിയടി ഒച്ചകളും കേട്ടു, ഒപ്പം ക്യൂ ചലിച്ചു തുടങ്ങി. മെല്ലെ മെല്ലെ വിവിധ ലൈനുകളിൽ നിൽക്കുന്ന അയ്യപ്പന്മാരെ ഘട്ടം ഘട്ടമായി പതിനെട്ടാം പടിയിലേക്ക് കടത്തി വിട്ടുതുടങ്ങി. ഞങ്ങൾ നടപ്പന്തലിന്റെ അവസാനം എത്തിയപ്പോൾ ഏതാണ്ട് അഞ്ചുമണി കഴിഞ്ഞു. ഞങ്ങളുടെ ഊഴം വന്നപ്പോൾ ഞങ്ങളും നേരെ പതിനെട്ടാം പടി ചവുട്ടി അയ്യപ്പ സന്നിധിയിലേക്കെത്താൻ ഫ്ലൈഓവറിലെ ക്യൂവിലേക്ക്.. വളരെ പതിയെ ചലിക്കുന്ന ഫ്‌ളൈഓവറിലെ ക്യൂ ഏതാണ്ട് അഞ്ചരയോടെ പൂർണ്ണമായും ചലനം നിലച്ചു. പിന്നെ മണിക്കൂറുകൾ നീണ്ട ഫ്‌ളൈഓവറിലെ അയ്യപ്പന്മാരുടെ നിരയിൽ അക്ഷമരായി അയ്യപ്പ ദർശനം കാത്ത് ഞങ്ങളും. മണിക്കൂറുകൾ പിന്നിട്ടു. അയ്യപ്പന്മാരിൽ പലരും തളർന്നു തുടങ്ങി. പലരും തറയിൽ ഇരുന്നു. കുട്ടികളുമായി വന്ന അയ്യപ്പന്മാരൊക്കെ അവരെ ആശ്വസിപ്പിക്കാനുള്ള തിരക്കിൽ. രണ്ടുമണിക്കൂർ ഒപ്പം തന്നെ നിന്ന എന്റെ കുഞ്ഞും കരഞ്ഞുതുടങ്ങി. എട്ടുവയസുള്ള കുഞ്ഞിനെ ഞാൻ തോളിലേറ്റി. എന്റെ തോളിൽ ചാഞ്ഞുകിടന്നു കുഞ്ഞു ഉറക്കംപിടിച്ചു.
പിന്നെയും മണിക്കൂറുകൾ നീണ്ടു. ഫ്‌ളൈഓവറിലെ മണിക്കൂറുകൾ നീണ്ട ഈ ക്യൂ എന്താണ് നീങ്ങാത്തത് എന്നറിയാൻ ശ്രീകോവിലിന്റെ ഭാഗത്തേക്ക് നോക്കിയപ്പോൾ അവിടെ സമ്പന്നന്മാർക്കും വിഐപികൾക്കുമായുള്ള പ്രത്യേക ക്യൂ സജീവം. അവർക്കായി എന്തോ പ്രത്യേക പൂജകൾ നടക്കുകയാണെന്ന് അയ്യപ്പന്മാർ അടക്കം പറയുന്നതും കേട്ടു. അയ്യപ്പന്മാരെ മണിക്കൂറുകളോളം ക്യൂവിൽ നിർത്തി അതും ഫ്‌ളൈഓവറിലെ, നട അടച്ചിട്ടു എന്ത് പ്രത്യേകപൂജ ? അക്ഷമരായ ചില അയ്യപ്പന്മാർ പോലീസ് ഉദ്യോഗസ്ഥന്മാരുടെ തർക്കിക്കുന്നതും കാണാമായിരുന്നു. ഉറക്കെ ശബ്ദത്തിലുള്ള അയ്യപ്പഗാനം ഇടക്കൊക്കെ നില്ക്കുമ്പോള് ഫ്‌ളൈഓവറിലെ അക്ഷമരായി അയ്യപ്പന്മാർ ശബ്ദം ഉയർത്തി. പ്രതിഷേധമായി ഉയർന്ന ആ ശരണം വിളി ശബ്ദങ്ങൾ പിന്നെയും ഉച്ചത്തിലുള്ള മൈക്ക് ശബ്ദത്തിൽ ഒതുങ്ങിപ്പോയി. ഏഴുമണിയോടെ സൂര്യപ്രകാശം ശക്തമായപ്പോഴേക്കും മേൽ വസ്ത്രങ്ങൾ ധരിക്കാത്ത അന്യ സംസ്ഥാന അയ്യപ്പന്മാരുടെ രൂക്ഷമായ വിയർപ്പ് ഗന്ധം സഹിക്കാനാവാതെ പലരും മൂക്ക് പൊത്തി തറയിലേക്ക് ഇരിക്കുന്നതും കാണാമായിരുന്നു. തറയിലിരുന്ന വയോധികയായ ഒരു ‘അമ്മ തലയിൽ കൈവെച്ചുകൊണ്ടു കരയുന്നതു കണ്ടു ശ്രദ്ധിച്ച ഞാൻ മനസ്സിലാക്കിയത് ആ ‘അമ്മ ശുചിമുറിയിൽ പോകാനാകാതെ മനസ്സ് വിഷമിച്ചു നിവർത്തിയില്ലാതെ വസ്ത്രത്തിൽ തന്നെ അത് സാധിച്ചു. ഈ കമ്പിവേലിക്കകത്തെ നരകത്തിൽ പെട്ടുപോയ അയ്യപ്പന്മാരിലെ വയോധികരും പലവിധ രോഗങ്ങളുള്ളവരുമായ മനുഷ്യരുടെ അവസ്ഥ എന്താകും എന്ന് ഞാനോർത്തു.
കുട്ടികളുമായി എത്തുന്ന അയ്യപ്പന്മാരുടെ അവസ്ഥ എനിക്ക് മനസിലായി. മണിക്കൂറുകളോളം തളർന്നു തോളിലുറങ്ങുന്ന എന്റെ മകൾ. നിന്ന് നിന്ന് മുട്ട് വേദനയാൽ സഹികെട്ടപ്പോഴും കുഞ്ഞിനെ താഴെയൊന്നു നിർത്താൻ അനുവദിക്കാത്ത അച്ഛൻ മനസ്സ് . ഏതാണ്ട് ഒരുമണിക്കൂർ ഉറങ്ങിക്കഴിഞ്ഞപ്പോൾ കുഞ്ഞു താഴേക്ക് നിന്നു. എനിക്കൊരാശ്വാസമായി. എന്റെ കാൽമുട്ടുകൾ നീരുവെച്ചിരുന്നു അപ്പോഴേക്കും.
വീണ്ടും ഫ്‌ളൈഓവറിലെ നിലച്ച ക്യൂവിൽ അയ്യപ്പദർശനമെന്ന പുണ്യത്തിനായി സാധാരണക്കാരായ അയ്യപ്പ ഭക്തരിൽ ചിലരായി ഞങ്ങളും. ഏതാണ്ട് 9 മണിക്ക് ശേഷമാണ് നടയിലെത്തി ഏതാനം നിമിഷം മാത്രമുള്ള അയ്യപ്പദർശനം സാദ്ധ്യമായത്. അതിനിടയിൽ ഞാൻ ശ്രദ്ധിച്ചത് ഇരുമുടിക്കെട്ടില്ലാതെ ദർശനം നടത്താനായി പിന്നിലൂടെ ഒരു പടിക്കെട്ടുകളും കമ്പിവേലി ഇട്ട പല ലൈനുകളിൽ ഏറ്റവും പുറകിലത്തെ അതുവഴി വരുന്ന ഭക്തർക്കും. ആ വഴിയുള്ള ദർശനം ഒരിക്കലും മുടങ്ങുന്നില്ല എന്നതും ഞാൻ ശ്രദ്ധിച്ചു. ശ്രീകോവിലിനു വളരെ അകലെ ഏറ്റവും പിന്നിൽ നിന്ന് മാത്രമുള്ള ദർശനം ആണെങ്കിലും എളുപ്പമുള്ള ആ വഴിക്കാണ് ധാരാളം ഭക്തർ ഇരുമുടിക്കെട്ട് ഇല്ലാതെ എത്തി ദർശനം നടത്തി മടങ്ങുന്നത്. വളരെ ദൂരമുള്ള ഫ്‌ളൈഓവറിലെ കാത്തുനിൽപ്പ് ഒഴിവാക്കി എളുപ്പം എത്താനാകും ശ്രീകോവിലിനു അടുത്തേക്ക് എത്തുന്ന ആ വഴിക്ക് വന്നാൽ.
ആ വഴിക്ക് വന്നിട്ട് മറ്റു ലൈനുകളിലേക്ക് കമ്പിവേലി ചാടിക്കടക്കുന്ന വിരുതന്മാരായ അയ്യപ്പന്മാരെയും കണ്ടു. !!
ഫ്‌ളൈഓവറിൽ നിന്ന് താഴേക്ക് നോക്കിയപ്പോൾ അന്യസംഥാന അയ്യപ്പന്മാർക്കൊപ്പം യുവതികളായ സ്ത്രീകളും ധാരാളം എത്തുന്നുണ്ടന്ന് കണ്ടു. പിന്നിലെ വഴിയിലൂടെ അവരിൽ പലരും ദർശനം നടത്തുന്നതും കണ്ടു. ഫ്‌ളൈഓവറിലെ ക്യൂ വിലും, ശ്രീകോവിലിനു സമീപത്തും ഒക്കെ യുവതികളായ ചില സ്ത്രീകൾ ഉള്ളത് ഞാൻ ശ്രദ്ധിച്ചു. മാസ്ക്ക് എന്ന മുഖാവരണം കണ്ടുപിടിക്കപ്പെട്ടതു പലർക്കും അയ്യപ്പ ദർശനത്തിനുള്ള ഭാഗ്യമായി .
ശബരിമല തീർത്ഥയാത്ര എന്ന പഴയകാല വിശ്വാസങ്ങളും, ആചാരങ്ങളുമൊക്കെ മാറുകയാണോ ? മാറ്റപ്പെടുകയാണോ ?
പണമുള്ളവർക്ക് വേഗത്തിലുള്ള അയ്യപ്പ ദർശനവും, സാധാരണക്കാർക്ക് ഫ്‌ളൈഓവറെന്ന നരകത്തിലൂടെയുള്ള ദർശനമോ ?
പണമുള്ളവർക്കായി പ്രത്യേക പൂജകൾ നടക്കുന്നു ? ഇതെല്ലാം സർക്കാരിന്റെയും, ദേവസ്വത്തിന്റെയും അറിവോടെയോ ?
ഫ്ലൈ ഓവറിലെത്തുന്ന അയ്യപ്പഭക്തർ എത്രയും വേഗം ദർശനം നടത്തി ഒഴിവാക്കാൻ നടപടികളുണ്ടാകുമോ ?
മിനിമം ഒരു മണിക്കൂറിനകത്ത് ദർശനം സാധിച്ചില്ലെങ്കിൽ ഫ്‌ളൈഓവർ എന്ന നരകത്തിലേക്ക് അയ്യപ്പന്മാരെ വിടരുതേ ..!!
ഇന്നല്ലെങ്കിൽ നാളെ, അയ്യപ്പ ദർശനത്തിനായി കാത്തുനിന്ന് ഫ്‌ളൈഓവറിൽ മരിച്ചുവീഴുന്ന മനുഷ്യരുടെ കഥകൾ നമ്മൾ കേട്ടേക്കാം.
പമ്പയിൽ ഒരു വാഹനമെത്തുമ്പോഴേക്കും ഓടിയെത്തുന്ന ഏജന്റുമാരെയും കണ്ടു. പണം മുടക്കിയാൽ സുഗമമായ ദർശനമാണ് അവരുടെ വാഗ്ദാനം . ഒരു മാഫിയ തന്നെ ഇതിനു പിന്നിലുണ്ടന്ന് ഞാൻ വിശ്വസിക്കുന്നു. സാധാരണക്കാരായ അയ്യപ്പന്മാരെ ബുദ്ധിമുട്ടിക്കുന്നതിന്റെ പിന്നിലും ഇവരൊക്കെ തന്നെ. പരമ്പരാഗതമായ ശബരിമല തീർത്ഥാടനം മാറുകയാണ്. കാലത്തിനൊത്ത്.. ഇരുമുടിക്കെട്ടില്ലാതെ മല ചവുട്ടി, ദർശനം നടത്തുന്ന ഭക്തരുടെ എണ്ണം കൂടുന്നു. തിരിച്ചിറങ്ങി വന്നപ്പോൾ സ്വാമിഅയ്യപ്പൻ റോഡിൽ അന്യസംസ്ഥാനക്കാരായ യുവമിഥുനങ്ങളെയും കണ്ടു. കാടിന്റെ ഭംഗി ആസ്വദിക്കാൻ വന്ന ടൂറിസ്റ്റുകളാണവർ. വെർച്ച്വൽ കടന്ന് ഇവരെങ്ങേനെ ഇവിടെയെത്തി എന്ന് ഞാൻ ചിന്തിച്ചു. നിലക്കൽ വാഹനങ്ങൾ പരിശോധിക്കാൻ നിൽക്കുന്ന യുവാക്കൾ, കൺട്രോൾ റൂമിൽ ഇരിക്കുന്ന ആൾ, വെർച്ച്വൽ ക്യൂ അടക്കം പരോധിക്കുന്നവർ എല്ലാവരും താൽക്കാലിക ജോലിയിൽ പ്രവേശിച്ചവരാണ്. പോലീസുകാർ ഇവിടെങ്ങുമില്ല.
അയ്യപ്പ തീർത്ഥാടകർക്കായി ശൗചാലയങ്ങൾ വളരെ കുറവ് . ഉള്ളതോ വൃത്തിഹീനവും. മണിക്കൂറുകൾ നീളുന്ന ക്യൂ വിൽ നിൽക്കുന്ന എത്രയോ മനുഷ്യർ ബുദ്ധിമുട്ടുന്നുണ്ടാകാം. കമ്പിവേലിക്കകത്തെ ആ ക്യൂ വിൽ കയറിയാൽ പിന്നെ രക്ഷപെടാനാവാത്ത അവസ്ഥ. ക്യൂ വിൽ നിന്ന് ആ അമ്മയെപ്പോലെ നിവൃത്തിയില്ലാതെ വസ്ത്രത്തിൽ മലമൂത്ര വിസർജ്ജനം നടത്തേണ്ടി വന്ന എത്രയോ ആളുകളുണ്ടാകും ? മണിക്കൂറുകൾ നീളുന്ന, മനുഷ്യർ കാത്തുനിൽക്കുന്ന ഈ കമ്പിവേലിക്കെട്ടിൽ നിന്ന് മലമൂത്ര വിസർജ്ജനം നടത്താണെങ്കിൽ പുറത്തേക്കെത്താൻ ഒരു മാർഗ്ഗം ഇല്ലാതെ ഇത് ഡിസൈൻ ചെയ്തത് വിദഗ്ധൻ ആരാണാവോ ? ഇങ്ങനെയാണെകിൽ മണ്ഢലകാലത്തു ഇനി എന്തൊക്കെ കാണേണ്ടി വരും ? ഫ്‌ളൈഓവറെന്ന നരകത്തിൽ പെട്ടുപോകുന്ന മനുഷ്യർക്കായി അയ്യപ്പനോട് പ്രാർത്ഥിച്ചുകൊണ്ട് ,
ജിബു വിജയൻ, ഇലവുംതിട്ട
What do you feel about this post?
Like
Love
Happy
Haha
Sad

