പുളിക്കീഴ്: 68 ഗ്രാം കഞ്ചാവും അനുബന്ധ ലഹരിസാധനങ്ങളുമായി രണ്ടു യുവാക്കളെ പോലീസ് പിടികൂടി. നെടുമ്പ്രം അമിച്ചകരി മുപ്പത്തഞ്ചിൽ വീട്ടിൽ അശ്വിൻ (22), പെരിങ്ങര ചാത്തങ്കരി ജനസേവ റോഡിൽ അമ്പൂരത്തിൽ വീട്ടിൽ ഷിബിൻ (27) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ഏഴരയോടെ പെരിങ്ങര ജനസേവ റോഡിൽ വച്ചാണ് പ്രതികളെ കഞ്ചാവും മറ്റുമായി പോലീസ് പിടികൂടിയത്. പോലീസ് സംഘത്തിൽ എസ്.ഐ കെ.സുരേന്ദ്രൻ, എസ്.സി.പി ഓ അനീഷ്, സി.പി.ഓമാരായ നവീൻ,അനൂപ് എന്നിവരാണ് ഉണ്ടായിരുന്നത്. പട്രോളിങ് ഡ്യൂട്ടിക്കിടയിൽ കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ബൈക്കിൽ കഞ്ചാവ് വില്പനയ്ക്ക് എത്തിച്ചതായിരുന്നു യുവാക്കളെന്നു ചോദ്യം ചെയ്യലിൽ മനസ്സിലായി. ഇവരുടെ കൈവശം ബൈക്കിൽ വച്ചിരുന്ന പ്ലാസ്റ്റിക് കവറുകളിലാണ് കഞ്ചാവും മറ്റും സൂക്ഷിച്ചിരുന്നത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. വിൽപ്പനക്കായി എത്തിച്ച കഞ്ചാവിന്റെ ഉറവിടവും പ്രതികളുടെ ഫോൺ വിളികളുടെ വിവരങ്ങളും കണ്ടെത്തേണ്ടതുണ്ട്. പ്രതികളുടെ മൊബൈൽ ഫോണുകളും ഇവർ സഞ്ചരിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു. രണ്ടാംപ്രതി ഷിബിൻ പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ രണ്ട് ദേഹോപദ്രവകേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.


