ഈദ് അൽ ഇത്തിഹാദ് : അബുദാബി കെംഎംസിസി വാക്കത്തോണിൽ ആയിരങ്ങൾ അണിനിരന്നു

World
Print Friendly, PDF & Email

അബുദാബി : യുഎഇ ഈദ് അൽ ഇത്തിഹാദ് ആഘോഷത്തിന്റെ ഭാഗമായി അബുദാബി സംസ്ഥാന കെഎംസിസി സംഘടിപ്പിച്ച വാക്കത്തോൺ പ്രവാസി പ്രാസ്ഥാനിക ചരിത്രത്തിൽ പുതിയ അധ്യായം തുന്നിച്ചേർത്തു. അബുദാബി കോർണീഷിൽ നടന്ന വാക്കത്തോണിൽ പ്രായഭേദമന്യെ ആയിരങ്ങളാണ് അണിനിരന്നത്. കമ്മ്യൂണിറ്റി പൊലീസ് ഫസ്റ്റ് വാറണ്ട് ഓഫീസർ ആയിഷ ഷെഹി കെഎംസിസി ഭാരവാഹികളായ അഷറഫ് പൊന്നാനി,സിഎച്ച് യൂസുഫ് എന്നിവർക്ക് യുഎഇ ദേശീയ പതാക കൈമാറി ഫ്‌ളാഗ് ഓഫ് ചെയ്തു.

പിറന്ന നാടിനെപ്പോലെ പോറ്റമ്മ നാടിനെയും അതിരറ്റ് സ്‌നേഹിക്കുന്ന പ്രവാസി സമൂഹം യുഎഇയുടെ ഓരോ ആഘോഷങ്ങളും നെഞ്ചേറ്റുന്നവരാണ്. അതുകൊണ്ടുതന്നെ കെഎംസിസി പ്രവർത്തകർ ഏറെ ആഹ്ലാദത്തോടെയാണ് കോർണീഷിലെ നീളമേറിയ വാക്കത്തോണിൽ അണിനിരന്നത്. മുൻനിരയിൽ പ്രധാന ബാനറുമായി സംസ്ഥാന കെഎംസിസി ഭാരവാഹികളും നേതാക്കളും അണിനിരന്നു. തൊട്ടുപിറകിലായി അബുദാബി ഇന്ത്യൻ ഇസ്്‌ലാമിക് സെന്റർ ബാനറുമായി സെന്റർ ഭാരവാഹിളും നടന്നനീങ്ങി. തുടർന്ന് വിവിധ ജില്ലാ കമ്മിറ്റികളുടെ ബാനറുകൾക്കു കീഴിൽ അതത് ജില്ലയിലെ കെഎംസിസി നേതാക്കളും പ്രവർത്തരും അണിനിരന്നു.

പോറ്റമ്മ നാടിനോടും ഭരണാധികാരികളോടും നന്ദിയും ഈദ് അൽ ഇത്തിഹാദിന് ആശംസകൾ അറിയിച്ചുകൊണ്ടുള്ള ഈരടികളുമായി കെഎംസിസി നേതാക്കളും പ്രവർത്തകരും അച്ചടക്കത്തോടെ ചുവടുവച്ചു. വാക്കത്തോൺ കാണാനും ആശംസകളറിയിക്കാനും കോർണീഷ് നടപ്പാതയുടെ ഇരുവശങ്ങളിലും വിവിധ രാജ്യക്കാരായ ആയിരങ്ങളാണ് കാത്തുനിന്നത്. ചതുർവർണ ദേശീയ പതാകയേന്തിയ പ്രവർത്തകർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ തൊട്ടപ്പുറത്തെ കുഞ്ഞോളങ്ങളുടെ നിഷ്‌കളങ്കതയോടെ ഇമാറാത്തിനോടുള്ള അടങ്ങാത്ത അഭിനിവേശവുമായി കിലോമീറ്ററുകളോളം നടന്നുനീങ്ങിയപ്പോൾ പാതയോരങ്ങളിൽ കാത്തുനിന്ന സ്വദേശികളും വിദേശികളുമടങ്ങുന്ന ആബാലവൃദ്ധം ജനങ്ങൾ കെഎംസിസി നേതാക്കൾക്കും പ്രവർത്തകർക്കും നേരെ കൈവീശി അഭിവാദ്യമർപ്പിച്ചു. ഈദ് അൽ ഇത്തിഹാദ് ആഘോഷത്തോടനുബന്ധിച്ചു കോർണീഷിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് പേരുടെ മൊബൈൽ കാമറകൾ കെഎംസിസി വാകത്തോൺ ഒപ്പിയെടുത്തു.

ആവേശം നിറഞ്ഞുതുളുമ്പിയ അന്തരീക്ഷത്തിൽ നിരവധി വിദേശികളും പലപ്പോഴും കെഎംസിസി പ്രവർത്തകരോടൊപ്പം വാക്കത്തോണിൽ നടന്നുനീങ്ങുന്നത് കാണാമായിരുന്നു. യുഎഇയുടെ പുരോഗതിയിൽ അതിരറ്റ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ടാണ് ജനസാഗരം പങ്കാളിക ളായത്. ആഹ്ലാദപ്രകടനത്തിനിടയിലും ഭരണാധികാരികളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി കെഎംസിസി പ്രവർത്തകർ മനസുനിറയെ പ്രാർത്ഥിച്ചു. ആറര പതിറ്റാണ്ടുമുമ്പ് തൊഴിലന്വേഷിച്ചു എത്തിയ പ്രവാസികളോട് ഭരണകൂടം കാട്ടിയ കരുണയും ദയാവായ്പും ഇന്ത്യാ മഹാരാജ്യത്തിന്റെ,വിശിഷ്യാ കേരളത്തി ന്റെ ജീവിത രീതി മാറ്റിമറിക്കുകയും സാമ്പത്തിക മുന്നേറ്റത്തിന് വഴിയൊരുക്കുകയും ചെയ്തതായി കെഎംസിസി നേതാക്കൾ വ്യക്തമാക്കി. ആറര പതിറ്റാണ്ടുമുമ്പ് ആരംഭിച്ച പ്രവാസം പുതിയ തലമുറകളിലേക്ക് പൂർവീകർ കൈമാറിയപ്പോൾ ഈ നാട് നൽകിയ സ്‌നേഹവും പരസ്പര ബഹുമാനവും വിസ്മരിക്കാനാവാ ത്ത അനുഭവമായി. അതുകൊണ്ടുതന്നെ ഈ നാടിന്റെ ആഘോഷവും പ്രവാസികൾക്ക് വിലമതിക്കാനാവാത്തതാണെന്നും നേതാക്കൾ വ്യക്തമാക്കി.

സംസ്ഥാന കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അഷ്‌റഫ് പൊന്നാനി,ജനറൽ സെക്രട്ടറി സിഎച്ച് യൂസുഫ്,യു.അബ്ദുല്ല ഫാറൂഖി,എംപിഎം റഷീദ്,ഭാരവാഹികളായ ഹംസ നടുവിൽ,റഷീദ് പട്ടാമ്പി,അബ്ദുൽ ബാസിത് കായക്കണ്ടി,അനീസ് മങ്ങാട്,കോയ തിരുവത്ര,ഷറഫുദ്ദീൻ കുപ്പം,ഇ.ടി മുഹമ്മദ് സുനീർ,ഷാനവാസ് പുളിക്കൽ,അബ്ദുൽഖാദർ ഒളവട്ടൂർ,അൻവർ ചുള്ളിമുണ്ട,ഹംസഹാജി പാറയിൽ,മൊയ്തുട്ടി വെളേറി,സാബിർ മാട്ടൂൽ,നിസാമുദ്ദീൻ പനവൂർ,ഹനീഫ പടിഞ്ഞാറമൂല എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ1 :അബുദാബി കമ്മ്യൂണിറ്റി പൊലീസ് ഫസ്റ്റ് വാറണ്ട് ഓഫീസർ ആയിഷ ഷെഹി കെഎംസിസി ഭാരവാഹികളായ അഷറഫ് പൊന്നാനി,സിഎച്ച് യൂസുഫ് എന്നിവർക്ക് യുഎഇ ദേശീയ പതാക കൈമാറി വാക്കത്തോൺ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *