അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 36 വർഷം കഠിനതടവും 1.35 ലക്ഷം പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതിൽ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യൻ ശിക്ഷാനിയമവും പോക്‌സോ വകുപ്പ് പ്രകാരവും കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. മൂന്നു ദിവസത്തിനിടെ അനൂപിന്റെ പേരിലുള്ള പോക്‌സോ കേസുകളിൽ രണ്ടാമത്തെ വിധിയാണിത്. ആദ്യം വന്ന വിധിയിൽ 30 വർഷം കഠിന തടവിനും 120000 പിഴ അടയ്ക്കാനും വിധിച്ചിരുന്നു.
2022 ഡിസംബർ 14 നാണ് ഇപ്പോൾ വിധി വന്ന കേസിന് ആസ്പദമായ സംഭവം. അതിജീവിത സ്‌കൂളിൽ നിന്നും ടി.സി വാങ്ങി വരുന്ന വഴി പ്രതി കടത്തിക്കൊണ്ടു പോയി ലൈംഗിക അതിക്രമത്തിന് വിധേയമാക്കി. മറ്റൊരു ദിവസം രാത്രി അതിജീവിതയെ വീട്ടിൽ നിന്നും വിളിച്ച് ഇറക്കി കഞ്ചാവ് ബീഡി നൽകിയ ശേഷവും പീഡിപ്പിച്ചു. പോലീസ് ഇൻസ്‌പെക്ടർ എസ്. ശ്രീകുമാർ ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. സ്മിത ജോൺ ഹാജരായി വിക്ടിം ലെയ്‌സൺ ഓഫീസർമാരായ എസ്. സ്മിത്, ദീപ കുമാരി എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പ്രതി പിഴ തുക അടയ്ക്കുന്ന പക്ഷം ആയത് അതിജീവിതയ്ക്ക് നൽകാനും വിധിയിൽ നിർദ്ദേശം ഉണ്ട്.
കഴിഞ്ഞ ദിവസം മറ്റൊരു പോകസോ കേസിൽ പ്രതിയെ 30 വർഷം കഠിന തടവിനും 120000 പിഴ അടയ്ക്കാനും വിധിച്ചിരുന്നു. മൂന്നു പ്രതികളാണ് ആ കേസിൽ ഉണ്ടായിരുന്നത്. വിസ്താര വേളയിൽ അതിജീവിതയെ സ്വാധീനിച്ച് ഈ കേസ് ഒത്തുതീർപ്പാക്കാൻ നടത്തിയ ശ്രമം കോടതി അനുവദിച്ചില്ല. തുടർന്ന് പ്രതി നൽകിയ ഹർജി ഹൈക്കോടതി തള്ളി. തുടർന്നാണ് വിസ്താരം പൂർത്തിയാക്കി വാദം കേട്ട് അതിവേഗ കോടതി ഉത്തരവ് ഉണ്ടായത്.


