പത്തനംതിട്ട: ലോക ടോയിലറ്റ് ദിനവുമായി ബന്ധപ്പെട്ട ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് പത്തനംതിട്ടയിൽ തുടക്കമായി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രാജി പി രാജപ്പൻ ക്യാമ്പയിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ചെയ്തു. ലോക ടോയിലറ്റ് ദിനമായ നവംബർ 19 ന് ആരംഭിച്ച് 2024 ഡിസംബർ 10 ന് ആണ് ഈ വർഷത്തെ ക്യാമ്പയിൻ അവസാനിക്കുന്നത്.
സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) പദ്ധതിക്ക് കീഴിൽ ശുചിത്വ മിഷനാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ഈ ക്യാമ്പയിൻ ശുചിത്വ സുന്ദര പത്തനംതിട്ടയെ സൃഷ്ടിക്കാനുളള നിർണ്ണായക ചുവടുവെയ്പ്പാണെന്ന് ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ നിഫി എസ് ഹക്ക് പറഞ്ഞു. ലോക ടോയിലറ്റ് ദിനത്തിൽ ആരംഭിച്ച ക്യാമ്പയിൻ പൊതു ശൗചാലയങ്ങളുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തിൽ ഊന്നിയാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ നടന്ന ചടങ്ങിൽ ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ (എസ്ഡബ്ല്യുഎം) ആദർശ് പി കുമാർ, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ (ഐഇസി) അനൂപ് ശിവശങ്കരപ്പിളള, മിഷൻ ഡിഇഒ ജെയിംസ് ജോർജ്ജ് എന്നിവർ പങ്കെടുത്തു.

പത്തനംതിട്ടയിലെ പൊതു ശൗചാലയങ്ങളുടെ പ്രവർത്തനം ഈ കാലയളവിൽ വിലയിരുത്തും. പ്രവർത്തനക്ഷമല്ലാത്ത ശൗചാലയങ്ങളെ ക്യാമ്പയിൻ കാലയളവിൽ പ്രവർത്തനക്ഷമമാക്കാനുളള നടപടികൾ സ്വീകരിക്കും. പൊതു ശൗചാലയങ്ങളിൽ ഏർപ്പെടുത്തിയിട്ടുളള അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി അവയിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിന് പുരസ്കാരം നൽകും.
പൊതു ശൗചാലയങ്ങൾക്ക് ഒപ്പം തന്നെ വ്യക്തിഗത ഗാർഹിക ശൗചാലയങ്ങൾ മെച്ചപ്പെടുത്തുകയെന്നതും പ്രവർത്തനങ്ങളുടെ ഭാഗമാണ്. ഇപ്പോൾ സംസ്ഥാനത്ത് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഐഎച്ച്എച്ച്എൽ പദ്ധതി കൂടുതൽ ജന വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കും. നിലവിൽ വ്യക്തിഗത ശൗചാലയം ലഭ്യമല്ലാത്ത ആളുകൾക്ക് മാനദണ്ഡങ്ങൾ അനുസരിച്ച് അവ ലഭ്യമാക്കും. ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളിൽ നിന്ന് കൂടുതൽ ഫണ്ട് റക്വസ്റ്റുകൾ ക്ഷണിച്ച് ഗുണഭോക്താക്കളെ കണ്ടെത്തി പണം കൈമാറും.
കമ്മ്യൂണിറ്റി ടോയിലറ്റ് കോംപ്ലക്സുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും നടപടികൾ പത്തനംതിട്ട ജില്ലയിൽ പുരോഗമിക്കുകയാണ്. ജില്ലാ തലത്തിലും ഗ്രാമപഞ്ചായത്ത് തലത്തിലും ടോയിലറ്റ് ക്യാമ്പയിനുമായി ബന്ധപ്പെട്ട നിരവധി പരിപാടികൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കാനാണ് ശുചിത്വ മിഷൻ ആലോചന. ഹമാര ശൗചാലയ്: ഹമാര സമ്മാൻ (Hamara Shauchalay: Hamara Samman) എന്നതാണ് 2024 ടോയിലറ്റ് ദിനത്തിൽ തുടങ്ങിയിരിക്കുന്ന ക്യാമ്പയിന്റെ ക്യാമ്പയിൻ ടൈറ്റിൽ. ടോയിലറ്റ് ഫോർ ഡിഗ്നിറ്റി (#ToiletForDignity) എന്നതാണ് ക്യാമ്പയിന്റെ ഭാഗമായി ഉപയോഗിക്കുന്ന ഹാഷ്ടാഗ്.


