നാരങ്ങാനം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ വെല്ലുവിളിച്ച് കേരളാ കോൺഗ്രസ് എം: ഒറ്റയ്ക്ക് മത്സരിക്കാൻ പത്രിക നൽകിയത് അഞ്ച് സ്ഥാനങ്ങളിൽ: പത്തനംതിട്ടയിലെ എൽഡിഎഫ് നേതൃത്വം കണ്ണുരുട്ടിയതോടെ സ്ഥാനാർഥികളെ പിൻവലിച്ച് തലയൂരി:

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ വിരട്ടി വെല്ലുവിളിക്കാനിറങ്ങിയ കേരളാ കോൺഗ്രസ് എമ്മിന് കിട്ടിയത് മുട്ടൻ പണി. സ്വന്തമായി നിർത്തിയ സ്ഥാനാർഥികളെ പിൻവലിച്ച് തലയൂരിയ കേരളാ കോൺഗ്രസ് (എം) ജില്ലാ നേതൃത്വം ഇപ്പോൾ എൽഡിഎഫിൽ നിന്നുള്ള വിലക്ക് ഒഴിവാക്കാനുള്ള നെട്ടോട്ടത്തിൽ. വർഷങ്ങളായി സിപിഎം ഭരണം കൈയാളുന്ന നാരങ്ങാനം സർവീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിലാണ് സംഭവം.

13 അംഗ ഡയറക്ടർ ബോർഡിലേക്ക് ആറ് സീറ്റാണ് കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി അലക്‌സ്, നിയോജകമണ്ഡലം പ്രസിഡന്റ് കുര്യൻ മടയ്ക്കൽ, ജില്ലാ പഞ്ചായത്തംഗം ജോർജ് ഏബ്രഹാം എന്നിവർ ചേർന്ന് ആവശ്യപ്പെട്ടത്. എൽഡിഎഫ് ആറന്മുള നിയോജക മണ്ഡലം കൺവീനറും സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറിയുമായ എം.വി. സഞ്ജുവിനെ കണ്ടാണ് ഇവർ ആവശ്യം ഉന്നയിച്ചത്. സഞ്ജുവാകട്ടെ മുന്നണി മര്യാദ പാലിക്കാൻ വേണ്ടി രണ്ടു സീറ്റ് നൽകാമെന്ന് അറിയിച്ചു. അവിടെ നാരങ്ങാനത്തെ ജനസമ്മിതിയുള്ള കേരളാ കോൺഗ്രസ് ജില്ലാ കമ്മറ്റിയംഗങ്ങളായഅഡ്വ. അലക്‌സ്, അഭിലാഷ് എന്നിവരെ നിർത്തണമെന്നും നിർദേശിച്ചു. എന്നാൽ, നേതാക്കളാകട്ടെ ആറു സീറ്റ് എന്ന ആവശ്യത്തിൽ ഉറച്ചു നിന്നു. മാത്രവുമല്ല, കേരളാ കോൺഗ്രസിന്റെ സ്ഥാനാർഥികളെ സി.പി.എം ആണോ നിശ്ചയിക്കുന്നത് എന്ന് ചോദിക്കുകയും ചെയ്തു.

പിന്നീട് കോൺഗ്രസും ബിജെപിയുമായി ചേർന്ന് സഖ്യമുന്നണി രൂപീകരിച്ച് മത്സരിക്കാൻ ചർച്ച നടത്തി. ഇതിൻ പ്രകാരം കേരളാ കോൺഗ്രസ് അഞ്ച് സീറ്റിലും ബിജെപിയും കോൺഗ്രസും നാലു വീതം സീറ്റുകളിലും മത്സരിക്കാൻ ധാരണയായി. ഇതിൻ പ്രകാരം കേരളാ കോൺഗ്രസ് അഞ്ചു സീറ്റുകളിൽ പത്രിക നൽകി. എന്നാൽ, ബിജെപിയും കോൺഗ്രസുമാകട്ടെ മത്സരിക്കാൻ തയാറായതുമില്ല. സൂക്ഷ്മ പരിശോധനയിൽ കേരളാ കോൺഗ്രസിന്റെ രണ്ടു പത്രികകൾ തള്ളുകയും ചെയ്തു. ഇതോടെ എൽഡിഎഫിലെ ഘടകകക്ഷികളായ സിപിഎമ്മും കേരളാ കോൺഗ്രസ് എമ്മും നേർക്കു നേരെയായി മത്സരം. മത്സര രംഗത്ത് തുടർന്നാൽ നാരങ്ങാനത്ത് കേരളാ കോൺഗ്രസ് എം എൽ.ഡി.എഫിൽ ഇല്ലെന്ന് സിപിഎം നോട്ടീസ് ഇറക്കുമെന്ന് അറിയിച്ചു. എൽഡിഎഫ് ആറന്മുള നിയോജക മണ്ഡലം കൺവീനറായ എം.വി. സഞ്ജു ജില്ലാ കൺവീനർ അലക്‌സ് കണ്ണമലയോട് പരാതി ഉന്നയിച്ചു. എൽഡിഎഫ് കൺവീനറായ താൻ അറിയാതെയും മുന്നണിയിൽ ചർച്ച ചെയ്യാതെയുമാണ് കേരളാ കോൺഗ്രസ് മത്സരിക്കുന്നതെന്നും സ്ഥാനാർഥികൾ പിന്മാറിയില്ലെങ്കിൽ എൽഡിഎഫ് നിയോജക മണ്ഡലം കമ്മറ്റിയിൽ നിന്ന് ഇവരെ ഒഴിവാക്കേണ്ടി വരുമെന്നും സഞ്ജു അറിയിച്ചു.

എൽഡിഎഫിൽ നിന്ന് ഒഴിവാക്കുമെന്ന് കൺവീനറും അറിയിച്ചതോടെ രണ്ടു സീറ്റെങ്കിലും നൽകണമെന്നായി നേതൃത്വം. പറ്റില്ലെന്ന് സിപിഎം തീർത്തു പറഞ്ഞു. ഒടുവിൽ ഒരു സീറ്റെങ്കിലും തന്ന് മാനം രക്ഷിക്കണമെന്നായി. ഈ ആവശ്യമുന്നയിച്ച് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ഓമല്ലൂർ ശങ്കരൻ, ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു എന്നിവരെ സമീപിച്ചെങ്കിലും എൽ.ഡി.എഫിന്റെ തീരുമാനം അനുസരിച്ച് പ്രവർത്തിക്കാനായിരുന്നു മറുപടി. കേരളാ കോൺഗ്രസ് സ്ഥാനാർഥികൾ പത്രിക പിൻവലിച്ച് അവസാനം തടിയൂരുകയായിരുന്നു. എന്നാൽ, ഈ നീക്കം പാർട്ടിക്കുള്ളിൽ കലാപത്തിന് കാരണമായി. മുന്നണി മര്യാദ മറന്ന് മത്സരിക്കാൻ നീക്കം നടത്തിയവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യമുയർന്നു. കോൺഗ്രസും ബിജെപിയുമായി കൂട്ടുകെട്ടിന് പോയ നേതാക്കൾക്കെതിരേ നടപടിയെടുക്കണമെന്നും പാർട്ടിക്കുള്ളിൽ അഭിപ്രായമുയർന്നു. പാർട്ടി നാരങ്ങാനം മണ്ഡലം പ്രസിഡന്റ് ഒരു വർഷത്തേക്ക് അവധിയിൽ പോവുക കൂടി ചെയ്തതോടെ ജില്ലാ നേതൃത്വം വെട്ടിലായി.
ഇപ്പോഴുണ്ടായ ജില്ലാ നേതൃത്വത്തിന്റെ അപക്വമായ നീക്കം വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ അടക്കം പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് നേതാക്കൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *