കമാൻഡോ വിംഗിലെ മുൻ പൊലീസുകാരന്റെ നേതൃത്വത്തിൽ ചന്ദനമരം മോഷ്ടിച്ച് ചെത്തിമിനുക്കി വിൽപ്പന:

Crime

നെടുങ്കണ്ടം : ലക്ഷക്കണക്കിന് രൂപയുടെ ചന്ദനമരം മോഷ്ടിച്ച് ചെത്തി ഒരുക്കി പാകപ്പെടുത്തുന്നതിനിടയിൽ സംഘത്തലവനും പൊലീസ് കമാൻഡോ വിംഗിലെ മുൻ അംഗവുമായിരുന്നയാൾ പിടിയിൽ. സംഘത്തിലെ നാലുപേർ ഓടി രക്ഷപെട്ടു. കേരളത്തിൽ നിന്ന് മോഷ്ടിക്കുന്ന ചന്ദനം തമിഴ്നാട്ടിൽ എത്തിച്ച് വിൽപ്പന നടത്തിവരുന്ന സംഘത്തിലെ തലവനും കമാൻഡോ വിംഗിലെ പൊലീസുകാരനുമായിരുന്ന തൊടുപുഴ ഉടുമ്പന്നൂർ ചരിവു പറമ്പിൽ സുനീഷ് ചെറിയാൻ (36) ആണ് വനം വകുപ്പിന്റെ പിടിയിലായത്.

45 കിലോയോളം ചന്ദനത്തടി, മോഷണത്തിന് ഉപയോഗിച്ച വാക്കത്തി, കോടാലി, വാൾ തുടങ്ങിയവയും വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. സന്യാസിഓട ചെരുവിളയിലെഒരു വീടിന്റെ പിൻവശത്ത് ചന്ദനത്തടികൾ ചെത്തി ഒരുക്കുന്നതിനിടയിലാണ് പ്രത്യേക അന്വേഷണസംഘം എത്തുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് അഞ്ചംഗ സംഘം ഓടിയെങ്കിലും തലവനായ സുനീഷിനെ പിടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഷിബു, തൂക്കുപാലത്തെ വർക്ക് ഷോപ്പ് തൊഴിലാളി സച്ചു, തൂക്കുപാലം സ്വദേശി ബിജു, ഓട്ടോ തൊഴിലാളിയായ കണ്ണൻ എന്ന് വിളിക്കുന്ന അഖിൽ എന്നിവർ ഓടി രക്ഷപ്പെട്ടു.

മുമ്പ് വെള്ളിമാടുകുന്നിൽ പൊലീസിന്റെ തണ്ടർബോൾട്ട് അംഗമായിരുന്നു സുനീഷ്. സ്വഭാവ ദൂഷ്യം മൂലം ഇയാളെ സേനയിൽ നിന്നും പിരിച്ചു
വിടുകയായിരുന്നു. ഇയാളുടെ പേരിൽ ചന്ദന മോഷണം, അബ്കാരി കേസുകൾ, മറ്റു ക്രിമിനൽ കേസുകൾ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ പൊലീസ്, എക്സൈസ് സ്റ്റേഷനുകളിൽ കേസുള്ളതായി വനംവകുപ്പ് അധികൃതർ പറഞ്ഞു. പിടികൂടിയ ചന്ദനമരം എവിടെ നിന്ന് മുറിച്ചതാണെന്ന് വ്യക്തമായിട്ടില്ല. പിടിയിലായ സുനീഷിനെ തടി ചെത്താൻ മാത്രം വിളിച്ചതായിരുന്നുവെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. സച്ചുവാണ് വിളിച്ചതെന്നും പറഞ്ഞു. പട്ടയ ഭൂമിയിലെ ചന്ദനമരങ്ങളായിരുന്നു സംഘം പതിവായി കടത്തിയിരുന്നത്.

മറയൂർ കഴിഞ്ഞാൽ ഇടുക്കിയിൽ ഏറ്റവും അധികം ചന്ദനമരങ്ങൾ വളരുന്നത് കേരള-തമിഴ്നാട് അതിർത്തിയിലെ പട്ടം കോളനി മേഖലയിലാണ്. ഇവിടങ്ങളിൽ കഴിഞ്ഞ നാളുകളിൽ വ്യാപകമായ ചന്ദന മോഷണ പരമ്പരയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ആഴ്ചയിലും ചന്ദനമരം മോഷണം പോയതിനെ തുടർന്ന് കുമളി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എ. അനിൽകുമാറിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ ജോജി എം.ജേക്കബിന്റെ നേതൃത്വത്തിൽ രണ്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈബർസെല്ലിന്റെ സഹായത്താൽ നടത്തിയ പരിശോധനയിലാണ് മോഷ്ടാക്കൾ ഷിബുവിന്റെ വീടിനു പിന്നിലുള്ളതായി മനസിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. രക്ഷപ്പെട്ട മറ്റ് അംഗങ്ങൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *