പത്തനംതിട്ട: അഡ്വാൻസ് അടക്കം പകുതി വില അടച്ച് ഒരു വർഷം കഴിഞ്ഞിട്ടും സ്കൂട്ടർ നൽകാതിരുന്ന ഓല സ്കൂട്ടറിന്റെ വിൽപന കേന്ദ്രം ഉടമ 2.05 ലക്ഷം രൂപ നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധിച്ചു. റാന്നി മുണ്ടപ്പുഴ കൊല്ലശേരിൽ വീട്ടിൽ ശരത്കുമാർ ഫയൽ ചെയ്ത ഹർജിയിൽ അടൂരിലെ വിൽപന കേന്ദ്രം ഉടമയ്ക്കെതിരേയാണ് കമ്മിഷന്റെ ഉത്തരവ്. കഴിഞ്ഞ വർഷം ജൂലൈയിലാണ് സംഭവം. ഓല എസ് എസ് വൺ പോ സ്കൂട്ടർ വാങ്ങുന്നതിന് 6350 രൂപ അഡ്വാൻസ് നൽകി. തുടർന്ന് ജൂലൈ 12 ന് 1.47 ലക്ഷം രൂപ സ്കൂട്ടർ കമ്പനിയുടെ ബംഗളൂരുവിലെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. റാന്നി ഐ.ഓ.ബി ശാഖയിൽ നിന്നും ലോണെടുത്താണ് പണം നൽകിയത്. എന്നാൽ, ഒരു വർഷം കഴിഞ്ഞിട്ടും വാഹനം നൽകാൻ കമ്പനി തയാറായില്ല. മുഴുവൻ തുകയും അടച്ചാൽ ഉടനെ വാഹനം അടൂരിൽ എത്തിച്ചു നൽകുമെന്നാണ് പ്രൊപ്രൈറ്റർ പറഞ്ഞത്. ഇതിനെതിരേയാണ് ശരത് കുമാർ കമ്മിഷനെ സമീപിച്ചത്. ഇരുകൂട്ടർക്കും കമ്മിഷൻ നോട്ടീസ് അയച്ചു. ഹർജിക്കാരൻ ഹാജരാക്കിയ തെളിവുകൾ പ്രകാരം പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശരിയാണെന്ന് കമ്മിഷന് ബോധ്യപ്പെട്ടു. പരാതിക്കാരനിൽ നിന്ന് വാങ്ങിയ 1,53,350 രൂപയും അരലക്ഷം നഷ്ടപരിഹാരവും 2000 രൂപ കോടതി ചെലവും ചേർത്ത് 2.05 ലക്ഷം ഒരു മാസത്തിനകം ഹർജിക്കാരന് എതിർകക്ഷി നൽകണമെന്ന് കമ്മിഷൻ ഉത്തരവിട്ടു. പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗം നിഷാദ് തങ്കപ്പനും ചേർന്നാണ് വിധി പ്രസ്താവിച്ചത്.


