ജനറൽ ആശുപത്രിക്ക് പിന്നിലെ റോഡിലെ ഓടയുടെ വിടവിൽ വീട്ടമ്മയുടെ കാലുകുടുങ്ങി ;

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: വളർന്നു നിന്ന കാടു കാരണം ഓടയുടെ വിടവ് കാണാതെ വന്നതിനെ തുടർന്ന് വീട്ടമ്മയുടെ കാൽ സ്ലാബിനിടയിൽ കുടുങ്ങി. ഓമല്ലൂർ ആറ്റരികം തോട്ടത്തിൽ പുത്തൻവീട്ടിൽ ബീന (51) യുടെ കാലാണ് ജനറൽ ആശുപത്രിയുടെ പിന്നിൽ ഡോകേ്ടഴ്‌സ് ലൈൻ റോഡിലുള്ള ഓടയുടെ വിടവിൽ കുടുങ്ങിയത്. ഇന്നലെ വൈകിട്ട് 5.30 നാണ് സംഭവം. ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ ഡോക്ടറെ കാണാൻ എത്തിയതായിരുന്നു ബീന. സ്‌കൂട്ടർ നിർത്തി ഇറങ്ങിയ ബീന ഓടയുടെ മുകളിലേക്ക് കയറി നിൽക്കാൻ തുടങ്ങിയപ്പോഴാണ് വിടവിൽ കാൽ കുടുങ്ങിയത്. ഓടയുടെ സ്ലാബിന് മുകൾ ഭാഗത്ത് പുല്ലും മറ്റും നിറഞ്ഞ് കിടന്നിരുന്നതിനാൽ വിടവ് കാണാൻ കഴിഞ്ഞില്ല. നിലവിളി കേട്ട് ആളുകൾ ഓടിയെത്തി. തുടർന്ന് അഗ്‌നി രക്ഷാ സേനയും എത്തി ഓടയുടെ സ്ലാബ് അകത്തി കാൽ പുറത്തെടുത്ത് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനറൽ ആശുപത്രിയിൽ പുതിയ കെട്ടിടത്തിന്റെ പണി നടക്കുന്നതിനാൽ ഡോക്‌ടേഴ്‌സ് ലൈൻ റോഡ് വഴിയാണ് വാഹനങ്ങളും രോഗികളും കടന്നു പോകുന്നത്. പ്രധാന കവാടവും ഈ വഴിക്കാണ് ക്രമീകരിച്ചിരിക്കുന്നത്. അടുത്ത സമയത്താണ് ഈ റോഡ് നവീകരിച്ചത്. എന്നാൽ ഓടയുടെ പണികൾ ശരിയായി നടന്നിട്ടില്ല. പൊതുവെ വീതി കുറഞ്ഞ റോഡായതിനാൽ ആളുകൾ നടന്നു പോകുന്നത് ഓടയുടെ മുകളിൽ കൂടിയാണ്. ഓടയുടെ പല ഭാഗത്തും സ്ലാബ് നിരപ്പില്ലാതെ കിടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *