പുതിയ പത്തനംതിട്ട എസ്പിയായി വി.ജി. വിനോദ് കുമാർ ചുമതലയേൽക്കും ; സുജിത് ദാസിന് ട്രാൻസ്ഫർ മാത്രമെന്ന് സൂചന

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: പി.വി. അൻവർ എം.എൽ.എയുടെ ഫോൺ വിളി ട്രാപ്പിൽ വീണു മനസു തുറന്ന് വിവാദത്തിലായ എസ്.പി സുജിത്ത്ദാസിനെ മാറ്റി. പകരം തിരുവനന്തപുരം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ യൂണിറ്റ് ഒന്ന് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ എസ്.പിയായ വി.ജി വിനോദ് കുമാറിനെ പത്തനംതിട്ട എസ്.പിയായി നിയമിച്ചു. 2021 ൽ ഐപിഎസ് കൺഫേഡ് ചെയ്ത് ലഭിച്ച അദ്ദേഹം മുൻപ് വിജിലൻസ് എസ്പിയായി മികച്ച പ്രകടനം കാഴ്ച വച്ചയാളാണ്. സുജിത്ത് ദാസിന് പകരം നിയമനം നൽകിയിട്ടില്ല. ഡിജിപിക്ക് മുൻപാകെ റിപ്പോർട്ട് ചെയ്യുന്നതിനാണ് ഉത്തരവിൽ പറയുന്നത്.

പി വി അൻവറുമായുള്ള ഫോൺവിളിയിൽ കുടുങ്ങിയതിനെ തുടർന്ന് സുജിത് ദാസിനെ സസ്പെൻഡ് ചെയ്യാനായിരുന്നു ആദ്യം ആലോചിച്ചത്. എസ് പി സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തരവകുപ്പ് ശുപാർശ നൽകിയിരുന്നെങ്കിലും സ്ഥലം മാറ്റത്തിൽ ഒതുക്കുകയായിരുന്നു. പി വി അൻവറുമായുള്ള സംഭാഷണം പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും, എസ് പി സുജിത് ദാസ് സർവീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗം ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടായ സംഭവമാണ് ഓഡിയോ പുറത്ത് വന്നതിലൂടെ ഉണ്ടായത്. ഉന്നത ഉദ്യോഗസ്ഥർക്കെതിരായ നീക്കത്തിന് എംഎൽഎയെ പ്രേരിപ്പിച്ചതും ഗുരുതര ചട്ടലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

മലപ്പുറം എസ് പിയായിരിക്കെ, ഔദ്യോഗിക ക്വാർട്ടേഴ്‌സിലെ മരം മുറിച്ച് കടത്തി ഫർണിച്ചർ നിർമിച്ചതുമായി ബന്ധപ്പെട്ട വിഷയമാണ് പിന്നീട് പൊലീസ് സേനയെ തന്നെ പിടിച്ചുലയ്ക്കുന്ന വലിയ പ്രശ്‌നമായി മാറിയത്. ഇതുമായി ബന്ധപ്പെട്ട പരാതി പിൻവലിക്കണമെന്ന് സുജിത് ദാസ് പി വി അൻവർ എംഎൽഎയോട് അഭ്യർത്ഥിക്കുന്ന ഫോൺ സംഭാഷണമാണ് പുറത്തായത്. സംഭാഷണത്തിൽ സുജിത് ദാസ് എഡിജിപി എം ആർ അജിത് കുമാറിനെതിരെയും സംസാരിക്കുന്നുണ്ട്.

ഇക്കഴിഞ്ഞ 16നാണ് സുജിത് ദാസ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായി സ്ഥാനമേറ്റത്. മലപ്പുറം എസ് പിയായിരിക്കെ ഉണ്ടായ കസ്റ്റഡി മരണക്കേസിന്റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണം ഉടൻ നൽകില്ലെന്ന് പ്രതീക്ഷിച്ചവരെ ഞെട്ടിച്ച് കൊണ്ടാണ് പുതിയ നിയമനം വന്നത്. പിന്നാലെ വന്നുവീണ മരംമുറിക്കേസ് ആണ് യുവ ഐപിഎസുകാരന്റെ കരിയറിൽ വലിയ കളങ്കമായി മാറിയത്.

പുതിയ എസ് പിയായി വരുന്ന വി ജി വിനോദ് കുമാർ മികച്ച പ്രതിച്ഛായ ഉള്ള ഉദ്യോഗസ്ഥനാണ്. ഏറെക്കാലം വിജിലൻസിലായിരുന്നു പ്രവർത്തനം. വിജിലൻസ് കോട്ടയം റേഞ്ച് എസ് പിയായിരിക്കെ മുൻമന്ത്രി പാലാരിവട്ടം പാലം അഴിമതി അടക്കം സുപ്രധാന കേസുകൾക്ക് മേൽനോട്ടം വഹിച്ചത് വിനോദ് കുമാർ ആണ്. ‌

Leave a Reply

Your email address will not be published. Required fields are marked *