പത്തനംതിട്ട: ടി.കെ റോഡിൽ കുലശേഖരപതി ജങ്ഷനിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് റോഡരികിലെ വീട്ടിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. കുലശേഖരപതി അലങ്കാരത്ത് വടക്കേതിൽ ഉബൈദുള്ള ( 52) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 11.30 നായിരുന്നു സംഭവം. ഗേറ്റ് തകർത്താണ് പിക്കപ്പ് വാൻ വീട്ടിലേക്ക് ഇടിച്ച് കയറിയത്. റോഡിന് സമീപത്തെ ആയൂബ്ഖാന്റെ അലങ്കാരത്ത് വീടിന്റെ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിന് മുന്നിൽ സിറ്റൗട്ടിന്റെ കൈവരിയിൽ പിടിച്ചു നിന്ന് അവിടെ ഇരുന്നവരോട് ഉബൈദുള്ള സംസാരിച്ചു കൊണ്ടിരിക്കവെയാണ് പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് കടന്ന് വന്നത്.
പിക്കപ്പ് മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിക്കുകയും സിറ്റൗട്ടിന്റെ കൈവരിക്കും കാറിനും ഇടയിൽ ഉബൈദുള്ള ഞെരിഞ്ഞുപോവുകയായിരുന്നു. പിക്കപ്പ് നിയന്ത്രണം വിട്ട് വരുന്നുന്നത് കണ്ട് സിറ്റൗട്ടിൽ ഇരുന്ന മറ്റ് രണ്ട് പേർ പെട്ടെന്ന് ഓടി മാറി. ഉബെദുള്ളക്ക് ഒഴിഞ്ഞു മാറാനുമായില്ല. ആദ്യം റോഡരുകിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചാണ് പിക്കപ്പ് മുറ്റത്തേക്ക് കയറിയത്. പരുക്കേറ്റ ഉബൈദിനെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുലശേഖരപതി ജങ്ഷനിലേതാണ് പിക്കപ്പ് വാൻ. ഇവിടെയുള്ള കടയിൽ തേങ്ങയുംമറ്റും കയറ്റികൊണ്ടു പോകുന്ന പിക്കപ്പാണിത്.
കടയിലെ തൊഴിലാളി പമ്മം സ്വദേശി ഷെമിറാണ് പിക്കപ്പ് ഓടിച്ചത്. ഇയാൾക്ക് വാഹനം ഓടിച്ച് പരിചയം ഇല്ലെന്നും പറയുന്നു. പൊലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ. ഞായറാഴ്ച പോസ്റ്റ് മോർട്ടം നടക്കും.
ഭാര്യ ഹസീന. മക്കൾ: സുമയ്യ,അൽഫിയ. മരുമകൻ: അസ്കർ അലി.


