ചെങ്ങന്നൂർ: പമ്പയാറ്റിൽ ചാടിയെന്ന് കരുതുന്ന യുവതിയ്ക്കായുള്ള തിരച്ചിൽ തുടർച്ചയായ മൂന്നാം നാളും വിഫലം. കല്ലിശ്ശേരിയിൽ പമ്പ നദിയിൽ ചാടിയെന്ന് സംശയിക്കുന്ന പന്തളം മങ്ങാരം ആശാരി അയ്യത്ത് പടിഞ്ഞാറ്റിയത് എ.ബി സുധീർഖാന്റെ ഭാര്യ ഫാത്തിമയ്ക്കായി (38) കഴിഞ്ഞ മൂന്നുദിവസമായി പമ്പയാറ്റിൽ തെരച്ചിൽ നടത്തി വരികയാണ്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ എം.സി റോഡിൽ കല്ലിശ്ശേരി പാലത്തിന് സമീപം ഫാത്തിമ ഓടിച്ചിരുന്ന സ്കൂട്ടറും പമ്പയാറ്റിലെ കടവിന് സമീപം ഫോണും പണവും പേഴ്സും ഉൾപ്പെടെ കണ്ടെത്തിയിരുന്നു. യുവതി ആറ്റിൽ ചാടിയതാകാം എന്ന് സംശയത്തിൽ കഴിഞ്ഞ മൂന്നു ദിവസമായി അഗ്നി രക്ഷാ സേനയും നാട്ടുകാരും ഈരാറ്റുപേട്ടയിൽ നിന്നും എത്തിയ പ്രത്യേക മുങ്ങൽ വിദഗ്ധരും നടത്തുന്ന തിരച്ചിലിൽ ഫലമൊന്നും ഉണ്ടായിട്ടില്ല. പരിസരത്തുള്ള സി.സി.ടി.വി ക്യാമറയിൽ യുവതി ആറ്റിലേക്ക് ഇറങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. യുവതിക്കായുള്ള തിരച്ചിലിനായി ബുധനാഴ്ച നാവികസേനയുടെ സഹായവും തേടിയിട്ടുണ്ട്.


