കൊല്ലം:- കൂട്ടിക്കടയിൽ ബേക്കറിയിൽ കയറി ജീവനക്കാരനെ മർദ്ദിച്ച പ്രതിയെ ഇരവിപുരം പോലീസ് പിടികൂടി. ഇരവിപുരം പുത്തൻചന്തയിൽ അജയ് ഭവനിൽ അനന്തുവിനെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസമായിരുന്നു കൂട്ടിക്കട ആസാദ് ഫ്രൂട്ട്‌സ് ആൻഡ് ബേക്കറിയിൽ മൂന്ന് യുവാക്കൾ ഉച്ചയോടു കൂടി എത്തിയത്. ഈ സമയം ജീവനക്കാരൻ അൻസാരി കടയ്ക്കകത്തിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു.
യുവാക്കൾ അനുവാദം കൂടാതെ മിഠായികൾ എടുത്ത് പോക്കറ്റിലാക്കുന്നത് അൻസാരി ചോദ്യം ചെയ്തു. എടുത്താൽ എന്ത് ചെയ്യും എന്ന് പറഞ്ഞുകൊണ്ട് യുവാക്കൾ തെറി വിളിച്ചു. തർക്കം മുറുകിയപ്പോൾ അൻസാരിയെ അതിക്രൂരമായി മർദിക്കുകയായിരുന്നു. കടയിലെ മിഠായി ഭരണികൾ അടിച്ചു നശിപ്പിക്കുകയും ചെയ്തു. അൻസാരിയുടെ മൊബൈൽ ഫോണും നഷ്ടമായി. പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച ഇരവിപുരം പോലീസ് പ്രതികളെ കണ്ടെത്തുകയായിരുന്നു. കടയിൽ കയറി ആക്രമണം നടത്തിയതിനും നാശനഷ്ടം വരുത്തിയതിനും കേസെടുത്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ പ്രതികളെ വിട്ടയച്ചു.


