ആരോഗ്യം നിലനിർത്താൻ യോഗ ലളിതമായ മാർഗം : ജില്ലാ കളക്ടർ

Pathanamthitta Health
Print Friendly, PDF & Email

പത്തനംതിട്ട – ആരോഗ്യം നിലനിർത്താൻ ഏറ്റവും ലളിതമായ മാർഗമാണ് സ്ഥിരമായ യോഗാഭ്യാസമെന്ന് ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ പറഞ്ഞു. കേരള സർക്കാർ ആയുഷ് വകുപ്പും നാഷണൽ ആയുഷ് മിഷൻ കേരളയും സംയുക്തമായി സംഘടിപ്പിച്ച 10-ാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് പമ്പ ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതു പ്രായത്തിലുള്ളവർക്കും ഏറ്റവും ലളിതമായി ചെയ്യാൻ കഴിയുന്ന വ്യായാമ മുറയാണ് യോഗ. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനും ശാരീരിക മാനസിക പിരിമുറുക്കം ഇല്ലാതാക്കാനും കൃത്യമായ യോഗ പരിശീലനത്തിലൂടെ സാധിക്കും. ആരോഗ്യ സംരക്ഷണത്തിന് യോഗ ശാസ്ത്രം ഉത്തമമാണ് എന്ന് ലോകം മുഴുവൻ അംഗീകരിച്ചു കഴിഞ്ഞു.യോഗയുടെ പ്രാധാന്യം ഈ ദിനത്തിൽ മാത്രം ഒതുക്കാതെ ജീവിത ദിനചര്യയുടെ ഭാഗമാക്കാൻ നാം ഓരോരുത്തരും ശ്രദ്ധിക്കണമെന്നും കളക്ടർ പറഞ്ഞു.

ചടങ്ങിൽ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി എസ് ശ്രീകുമാർ അധ്യക്ഷ പ്രസംഗം നടത്തി. നാഷണൻ ആയുഷ് മിഷൻ ജില്ലാ പ്രോഗാം മാനേജർ ഡോ. അഫീന അസീസ്, ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിജുകുമാർ, കുടുബശ്രീ ജില്ലാ മിഷൻ കോ ഓഡിനേറ്റർ എസ് ആദില, നാഷണൽ ആയുഷ് മിഷൻ യോഗ വെൽനസ് മെഡിക്കൽ ഓഫീസർ ഡോ അരുൺ തുളസി, യോഗ പരിശീലകരായ സ്മിത എസ് നായർ, ടി ജെ ജെറി മോൻ തുടങ്ങിയവർ പങ്കെടുത്തു. യോഗദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിളംബര ജാഥ കളക്ടർ ഫ്‌ളാഗ് ഓഫ് ചെയ്തു. യോഗാദിന പ്രചരണത്തിന്റെ ഭാഗമായി യോഗ വ്യക്തിക്കും സമൂഹത്തിനും എന്ന ഈ വർഷത്തെ സന്ദേശത്തിലൂന്നി തെരഞ്ഞെടുക്കപ്പെട്ട വിവിധ കേന്ദ്രങ്ങളിൽ ഫ്‌ളാഷ് മോബിന് നേതൃത്വം നൽകിയവർക്കുള്ള സമ്മാനദാനം കളക്ടർ നിർവഹിച്ചു. തുടർന്ന് യോഗാ പ്രദർശനവും യോഗ നൃത്തവും സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *