കൊച്ചി: എരുമേലിയിൽ സ്ഥാപിക്കാനുദ്ദേശിച്ചിരുന്ന ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെ വിജ്ഞാപനം പിൻവലിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിനായി പുതിയ വിജ്ഞാപനം പുറത്തിറക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക ആഘാത പഠനം അടക്കം പുതിയ ഏജൻസിയെ കൊണ്ട് നടത്തിക്കുമെന്നും സർക്കാർ വ്യക്തമാക്കി. ചെറുവള്ളിയിൽ വിമാനമിറങ്ങാൻ ഇനിയും താമസിക്കും.
ബിലീവേഴ്‌സ് ചർച്ചിന് കീഴിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിജ്ഞാപനം സ്റ്റേ ചെയ്തത്. 441 കൈവശക്കാരുടെ 1000.28 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണ് ഇക്കഴിഞ്ഞ മാർച്ചിൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ സാമൂഹികാഘാത പഠനം നടത്തിയതും ഭൂമിയുടെ ഉടമസ്ഥാവകാശം നിർണ്ണയിച്ചതും ചട്ടവിരുദ്ധമായാണെന്ന വാദം അംഗീകരിച്ചാണ് നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. വിമാനത്താവളത്തിനായി ചട്ടവിരുദ്ധ നീക്കങ്ങൾ നടത്തിയ സർക്കാറിനിത് തിരിച്ചടിയാണ്.
ബിലീവേഴ്‌സ് ചർച്ചിന് കീഴിലുള്ള ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമിയുടെ ഉടമസ്ഥാവകാശം ആർക്ക് എന്നതിൽ തർക്കം നിലനിൽക്കുന്നുണ്ട്. എന്നാൽ സർക്കാറിന് ഉടമസ്ഥാവകാശമുള്ള ഭൂമി എന്ന പേരിലാണ് വിജ്ഞാപനമെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. കൂടാതെ സാമൂഹിക ആഘാത പഠനം നടത്തിയത് സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് ആണ്. ഇത് സർക്കാറിന് കീഴിലുള്ള ഏജൻസിയാണെന്നും കേന്ദ്ര-സംസ്ഥാന ചട്ടങ്ങൾക്ക് വിരുദ്ധമാണിതെന്നും ഹർജിക്കാർ കുറ്റപ്പെടുത്തി. ഈ വാദം പരിഗണിച്ചാണ് കോടതി ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം സ്റ്റേ ചെയ്തത്.
പദ്ധതിക്കായുള്ള ഭൂമിയേറ്റെടുപ്പ് 285 വീടുകളെയും 358 ഭൂവുടമകളെയുമാണ് നേരിട്ട് ബാധിക്കുകയെന്നാണ് പാരിസ്ഥിതിക ആഘാത പഠനം. കൂടാതെ ചെറുവള്ളി എസ്റ്റേറ്റിലെ വിവിധ ഭാഗങ്ങളിലെ ലയങ്ങളിൽ താമസിക്കുന്ന 221 കുടുംബങ്ങൾ കുടി ഒഴിപ്പിക്കേണ്ടി വരും.
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളവുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ടിന്മേലുള്ള വിദഗ്ധ സമിതി വിലയിരുത്തൽ റിപ്പോർട്ടും ഇതിന്മേലുള്ള റവന്യൂ വകുപ്പിന്റെ ഉത്തരവും പ്രസിദ്ധീകരിച്ചിരുന്നു. ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് വേണ്ടി കോട്ടയം ജില്ലയിലെ എരുമേലി സൗത്ത്, മണിമല വില്ലേജുകളിൽ ഉൾപ്പെട്ട 2570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുവാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
കൊടുമണ്ണിൽ വിമാനത്താവളം നിർമ്മിക്കണമെന്ന ആവിശ്യവും ഉയരുന്നുണ്ട്. ഇതിനായി ആക്ഷൻ കമ്മറ്റി പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ശബരിമല ഇടത്താവളത്തിനായി കൊടുമൺ എസ്റ്റേറ്റ് ഉപയോഗപ്പെടുത്തണമെന്ന് ആക്ഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടിയിരിക്കുന്നു. സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുള്ളതാണ് പ്ളാന്റേഷൻ കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള കൊടുമൺ റബർ എസ്റ്റേറ്റ്. ആയിരത്തി ഇരുനൂറ് ഹെക്ടർ ഭൂപ്രദേശമാണിത്. അടൂർ താലൂക്കിലെ കൊടുമൺ, അങ്ങാടിക്കൽ, കലഞ്ഞൂർ, ഏനാദിമംഗലം, ഏഴംകുളം എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന തോട്ടങ്ങളാണിത്. ഇവിടെ വിമാനത്താവളം നിർമ്മിച്ചാൽ പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലുള്ളവർക്ക് പ്രയോജനപ്പെടും എന്ന് ആക്ഷൻ കമ്മറ്റി ക്യാക്തമാക്കുന്നു.. ശബരിമല തീർത്ഥാടന കാലത്ത് അയ്യപ്പഭക്തരെ പമ്പയിലേക്ക് എത്തിക്കാനുള്ള ക്രമീകരണവും ചെയ്യാനാകുമെന്ന് ആക്ഷൻ കൗൺസിൽ വ്യക്തമാക്കി.
കൊടുമണ്ണിലെ പദ്ധതിയെ ഇരുകൈയും നീട്ടി പ്രവാസികൾ സ്വീകരിച്ചിരിക്കുകയാണെന്നും പദ്ധതിയിൽ മുതൽമുടക്ക് അടക്കം നടത്താൻ തയാറാണെന്ന് അറിയിച്ചിട്ടുള്ളതായും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നു. ആരെയും കുടിയൊഴിപ്പിക്കാതെയും പരിസ്ഥിതി വിഷയങ്ങളില്ലാതെയും വിമാനത്താവളം നിർമിക്കാനാകുമെന്നതാണ് കൊടുമൺ എസ്റ്റേറ്റിലെ പ്രത്യേകത. വനമേഖലയുമായി ബന്ധമില്ലാത്ത സ്ഥലമായതിനാൽ വന്യജീവി ശല്യമോ ഇതര പരിസ്ഥിതി പ്രത്യാഘാതങ്ങളോ നേരിടേണ്ടിവരില്ല. മരങ്ങൾ കൂടുതലായി മുറിക്കേണ്ട ആവശ്യവുമുണ്ടാകില്ല. ഭൂപ്രകൃതിയും റൺവേയുമെല്ലാം തികച്ചും അനുയോജ്യമായിരിക്കുമെന്നാണ് ആക്ഷൻ കൗൺസിലിന്റെ വിലയിരുത്തൽ.
പത്തനംതിട്ട ജില്ലയിൽ നിന്നുള്ളവർ ഇപ്പോൾ കൊച്ചിയിലെയോ തിരുവനന്തപുരത്തെയോ വിമാനത്താവളങ്ങളിൽ ചെന്നു വേണം വിദേശ രാജ്യങ്ങളിലേക്ക് പറക്കാൻ. ഇവിടങ്ങളിലേക്ക് യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന സമയ നഷ്ടവും വലുതാണ്. ഇതൊഴിവാക്കാൻ പത്തനംതിട്ടയിൽ വിമാനത്താവളം വേണമെന്ന ആവശ്യം പ്രവാസികളുടെ ഇടയിൽ ശക്തമാണ്. അന്യസംസ്ഥാനങ്ങളിലും വിദേശത്തുമുള്ള തീർത്ഥാടകർക്ക് ശബരിമലയിൽ എത്താനുള്ള എളുപ്പമാർഗം കൂടിയാകും വിമാനത്താവളം എന്നും ഇവർ വാദിക്കുന്നു. എന്നാൽ അടിസ്ഥാന ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താതെ, പാടങ്ങൾ മണ്ണിട്ട് മൂടിയും, പ്രകൃതിയെ നശിപ്പിച്ചും വിമാനത്താവളം പോലൊരു വികസനം ആവിശ്യമില്ല എന്ന നിലപാടിലാണ് പരിസ്ഥിതി പ്രവർത്തകരും.
വിമാനത്താവളം ചെങ്ങറ തോട്ടത്തിൽ വേണമെന്ന് വാദിക്കുന്ന ചിലരും സജീവമാണ്.


