തിരുവനന്തപുരം – മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിക്ക് ദുബായിലും അക്കൗണ്ടെന്ന തരത്തിൽ ബിജെപി നേതാവ് ഷോൺ ജോർജ് ഉന്നയിച്ച ആരോപണത്തിനു സിപിഎം നേതാവ് ടിഎം തോമസ് ഐസക്ക് മറുപടി പറഞ്ഞിരുന്നു. ഷോൺ ആരോപണം ഉന്നയിച്ച കമ്പനിയല്ല വീണയുടേത് എന്ന വാദമാണ് ഐസക്ക് ഉയർത്തുന്നത്. എന്നാൽ, വിദേശ അക്കൗണ്ട് വഴി കോടികളുടെ ഇടപാട് നടന്നുവെന്ന് താൻ പരാതി നൽകിയ കമ്പനി മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റേത് തന്നെയാണെന്ന് ഷോൺ ജോർജ് പ്രതികരിച്ചു.
താൻ പരാതിപ്പെട്ട എക്സാലോജിക് വേറെ കമ്പനിയാണെന്ന തോമസ് ഐസകിന്റെ പരാമർശം വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമമാണ്, അബൂദബി കൊമേഴ്സ്യൽ ബാങ്കിൽ വീണ ടി, സുനീഷ് എം എന്നിവർ ചേർന്നുള്ള അക്കൗണ്ട് എക്സാലോജിക് കമ്പനിക്ക് ഇല്ലെന്ന് പറയാൻ ഐസകിന് തന്റേടമുണ്ടോ എന്നും ഫേസ് ബുക്ക് പോസ്റ്റിലൂടെ ഷോൺ ചോദിച്ചു. അല്ലെങ്കിൽ കേസ് കൊടുക്കണമന്നും ഷോൺ ആവശ്യപ്പെട്ടു.
ഷോൺ ജോർജിന്റെ മറുപടി കുറിപ്പ്:
https://www.facebook.com/shonegeorgeofficial/posts/pfbid0CLhdg6FbJPzVU3CJa2cam5j4aaPA3iikVtYfSshnJmNREXCeiQmVsacuQ2CL61Gjl
ബഹു കിഫ്ബി മസാല ബോണ്ട് സഖാവേ,
വീണയുടെ കമ്പനിയുടെ പേരിലെ കുത്തും കോമയും നോക്കി വിഷയം വഴി തിരിച്ചു വിടാനുള്ള നിങ്ങളുടെ കുരുട്ടു ബുദ്ധി കൊള്ളാം .
പ വേറെ പാപ്പച്ചൻ വേറെ സഖാവേ..
അബുദാബി കൊമേർഷ്യൽ ബാങ്കിൽ വീണ ടി, സുനീഷ് എം എന്നിവർ സിഗ്നേറ്ററിസ് ആയിട്ടുള്ള ഒരു ബാങ്ക് അക്കൗണ്ട് എക്സലോജിക് കമ്പനിക്ക് ഇല്ല എന്ന് പറയാൻ സാറിനു തന്റേടമുണ്ടോ ?
മുഖ്യന്റെ മകൾക്കു ലോകമെമ്പാടും എവിടെ ഒക്കെ അക്കൗണ്ടുകൾ ഉണ്ടെന്നും എന്തൊക്കെ സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും സാറിനും ബോധ്യമുള്ള കാര്യമാണോ ?
എനിക്ക് ഈ രണ്ടു ചോദ്യങ്ങളെ ഉള്ളു, ഉത്തരം പറയാൻ ഭയം ഇല്ല എങ്കിൽ ഉത്തരം പറയാം. ബാക്കി കാര്യങ്ങൾ ഞാൻ പറഞ്ഞു തരാം ….
അല്ലെങ്കിൽ കേസ് കൊടുക്കണം പിള്ളേച്ചാ…
വീണയുടെ കമ്പനിയുടെ പേര് എക്സാലോജിക് സൊല്യൂഷൻസ് എന്നാണെന്നും ദുബായ് കമ്പനി എക്സാലോജിക് കൺസൾട്ടിങ് ആണെന്നും തോമസ് ഐസക്ക് തന്റെ കുറിപ്പിൽ പറഞ്ഞിരുന്നു. ഏതൊരാൾക്കും ഗൂഗിൾ ചെയ്തു കണ്ടെത്താവുന്ന വിവരങ്ങളുമായാണ് ആക്ഷേപം ഉന്നയിക്കുന്നതെന്നും ഐസക് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ആരോപണം തെറ്റെങ്കിൽ തനിക്കെതിരെ മാനനഷ്ട കേസ് കൊടുക്കട്ടേയെന്നാണ് ഷോൺ ജോർജിന്റെ വെല്ലുവിളി. ബഹുമാനപ്പെട്ട കോടതിയോട് വിനീതമായ ഒരു അഭ്യർത്ഥനയേയുള്ളൂ. ഇദ്ദേഹത്തെപോലുള്ള ശല്യക്കാരനായ വ്യവഹാരി നൽകിയിരിക്കുന്ന ഉപഹർജി പിൻവലിക്കാൻ അനുവദിക്കരുത്. കുഴൽനാടൻ കേസിലെന്നപോലെ ഒരു തീർപ്പുണ്ടാക്കണം.


