സ്ത്രീ ശാക്തീകരണത്തിനായി പ്രായഭേദമന്യേ കുടുംബശ്രീ അരങ്ങൊരുക്കുന്നു : ജില്ലാ കളക്ടർ

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – സ്ത്രീകളുടെ കഴിവുകളെ സമൂഹത്തിനു മുൻപിൽ എത്തിക്കാൻ പ്രായഭേദമന്യേയുള്ള വേദിയാണ് കുടുംബശ്രീയെന്ന് ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ പറഞ്ഞു. കുടുംബശ്രീയുടെ ഇരുപത്തിയാറാം വാർഷികത്തോടനുബന്ധിച്ച് സർഗോത്സവം അരങ്ങ് 2024 എന്ന പേരിൽ സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന കലാമത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട അബാൻ ആർക്കേഡ് ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സാരിക്കുകയായിരുന്നു അദ്ദേഹം.

പല കാരണങ്ങളാൽ സ്‌കൂൾ, കോളജ് കാലഘട്ടങ്ങളിൽ തങ്ങളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയാതെ പോയ ഒരുപാട് സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്. അവർക്ക് രണ്ടാമതൊരു അവസരമാണ് കുടുംബശ്രീയുടെ സർഗോത്സവത്തിലൂടെ ലഭിക്കുന്നത്. പ്രായഭേദമന്യേ സ്ത്രീകൾ അവരുടെ കലാപരിപാടികൾ വേദിയിൽ അവതരിപ്പിക്കുമ്പോൾ കലയ്ക്ക് പ്രായമില്ല എന്ന സന്ദേശമാണ് നൽകുന്നത്.

കുടുംബശ്രീ എന്ന പ്രസ്ഥാനം ഇന്ന് രാജ്യത്തിനകത്തും പുറത്തും ചർച്ച ചെയ്യപ്പെടുന്നു. രാജ്യത്തിനുതന്നെ മാതൃകയാവാൻ കഴിഞ്ഞ കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്ക് ജില്ലാ ഭരണകൂടത്തിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് കളക്ടർ പറഞ്ഞു. നാലു വേദികളിലായാണ് അയൽക്കൂട്ട – ഓക്‌സിലറി അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറിയത്. ഓരോ വിഭാഗത്തിലും ഫസ്റ്റ് എ ഗ്രേഡ് ലഭിക്കുന്ന വിജയികൾ ജൂൺ ഏഴ്, എട്ട്, ഒൻപത് തീയതികളിൽ കാസർഗോഡ് നടക്കുന്ന സംസ്ഥാനതല കലോത്സവത്തിൽ പങ്കെടുക്കും.

ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ്. ആദില അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് തുളസീധരൻ പിള്ള, കുടുംബശ്രീ എഡിഎംസി കെ. ബിന്ദുരേഖ, സിഡിഎസ് ചെയർപേഴ്‌സൺമാരായ വി.എസ്. ലീലാമ്മ, പൊന്നമ്മ ശശി, റിസോഴ്‌സ് പേഴ്‌സൺസ്, അയൽക്കൂട്ട – ഓക്‌സിലറി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഒരു വർഷമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്ത്രീകൾക്കായി നടത്തിവരുന്ന കരാട്ടെ പരിശീലനത്തിൽ പങ്കെടുത്തവർക്കുള്ള യൂണിഫോം വിതരണവും ചടങ്ങിൽ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *